തിരുവനന്തപുരം: രാഹുല്‍ മാങ്കുട്ടത്തിലിനെതിരേ പാര്‍ട്ടിയിലെ ഒരു വിഭാഗം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് പരാതി നല്കി. എംഎല്‍എ ആയ ശേഷം രാഹുലിനുണ്ടായ സാമ്പത്തിക വളര്‍ച്ചകളെക്കുറിച്ചും ഇടപാടുകളെക്കുറിച്ചും അന്വേഷിക്കണമെന്നാണ് പരാതി. സാമ്പത്തിക വളര്‍ച്ച ദുരൂഹമാണെന്നും പരാതിയില്‍ പറയുന്നു. എഐസിസി പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗേക്കാണ് പരാതി നല്‍കിയത്. കേരളത്തിലും പുറത്തും പല ബിസിനസ്സ് ഇടപാടുകള്‍ രാഹുലിനുണ്ടെന്നും ഇതിലെല്ലാം ഷാഫി പറമ്പിലിനും പങ്കുണ്ടെന്നാണ് പരാതി.
രാഹുലിനെതിരെയും ഷാഫിക്കെതിരെയും പാലക്കാട് കോണ്‍ഗ്രസില്‍ കഴിഞ്ഞ രണ്ട് ദിവസമായി വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇരുവരും പൂരപറമ്പിലെ പോക്കറ്റടിക്കാരെ പോലെയാണന്നാണ് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നത്.ഉപതെരഞ്ഞെടുപ്പ് വേളയില്‍ വലിയ തോതില്‍ ലഭിച്ച പണം വിനിയോഗിച്ചത് ഷാഫിയാണ്. ഇതിന് വ്യക്തതയില്ല.
രാഹുല്‍ എംഎല്‍എ ആയ ശേഷം കാര്‍ വാങ്ങിയിരുന്നു. ഇതിനുള്ള പണം എവിടെ നിന്നും ലഭിച്ചുവെന്നും പ്രവര്‍ത്തകരും നേതാക്കളും ചോദിക്കുന്നുണ്ട്. സ്വഭാവ ദൂഷ്യമുള്ള രാഹുലിനെ പാലക്കാട്ടെത്തിച്ചത് പാര്‍ട്ടി ഷാഫിയുടെ കൈപ്പിടിയിലാക്കാന്‍ വേണ്ടിയായിരുന്നുവെന്നാണ് ആരോപണം ശക്തമായിരിക്കുന്നത്.
രാഹുലിന്റെ എംഎല്‍എ സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഒരു വിഭാഗം നേതാക്കളുടെ ആവശ്യം എംഎല്‍എ സ്ഥാനം രാഹുല്‍ രാജിവയ്ക്കണമെന്നാണ്. സാങ്കേതിക്ത്വം പറഞ്ഞ് തുടരുന്നത് വരുന്ന തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ഉണ്ടാക്കുമെന്നാണ് നേതാക്കള്‍ അഭിപ്രായപ്പെടുന്നു.
പരാതി ലഭിച്ചിട്ടില്ലെന്ന് ദീപാദാസ് മുൻഷി
ന്യൂഡല്‍ഹി: രാഹുല്‍ മാങ്കുട്ടത്തിലിനെതിരെ ഒരു പരാതിയും ഹൈക്കമാന്‍ഡിന് ലഭിച്ചിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി വ്യക്തമാക്കി. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയത്.
രാഹുലിന്റെ രാജി ധാര്‍മ്മിക പ്രശ്നത്തിന്റെ പേരില്‍ മാത്രമാണെന്നും ദീപാദാസ് മുന്‍ഷി വ്യക്തമാക്കി. രാഹുല്‍ വിഷയം അടഞ്ഞ അധ്യായമാണെന്നും അവര്‍ പറഞ്ഞു.