മാന്നാർ : രാഹൂൽ മാങ്കൂട്ടത്തിലിന്റെ കോലം കത്തിച്ചത് പോലീസും സിപിഎമ്മും തമ്മിലുള്ള തർക്കത്തിൽ കലാശിച്ചു. തർക്കം സ്റ്റേഷനിലേക്ക് എത്തിയതോടെ സി പി എം ഏരിയാ സെക്രട്ടറിയും എസ് ഐയും തമ്മിലുള്ള വാക്പോരായി മാറി. ഇന്നലെ വൈകുന്നേരമാണ് സിപിഎം നേതൃത്വത്തിൽ രാഹുൽ എംഎൽഎ സ്ഥാനം ഒഴിയണമെന്ന ആവശ്യമുയർത്തി പ്രതിഷേധ പ്രകടനം നടത്തിയത്.
തുടർന്ന് രാഹുലിന്റെ കോലം കത്തിച്ചു. ഇതുമായി ബന്ധപ്പെട്ട് അഞ്ച് പേർക്കെതിരെ കേസ് എടുക്കുകയും ഇവരെ ജീപ്പിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുപോകുകയും ചെയ്തു. സ്റ്റേഷനിൽ എത്തിയ സി പിഎം ഏരിയ സെക്രട്ടറി പി.എൻ. ശെൽവരാജിനോട് എസ് ഐ തട്ടിക്കയറുകയും താൻ ആരാടോയെന്ന് ചോദിക്കുകയും ചെയ്തത് ഇയാളെ പ്രകോപനാക്കുകയും എസ് ഐയോട് കയർക്കുകയുമായിരുന്നു.
ഈ ഭാഗം പോലീസ് മൊബൈലിൽ ചിത്രീകരിച്ച് പ്രചരിപ്പിക്കുകയായിരുന്നുവത്രേ. ഇതിന് മുമ്പ് പലതവണ കോൺഗ്രസും ബിജെപിയും പ്രതിഷേധപ്രകടനങ്ങളും വിവിധ കോലം കത്തിക്കലും നടത്തിയിട്ടും ആർക്കെതിരേയും പോലീസ് കേസെടുത്തിരുന്നില്ല.
സി പി എം പ്രതിഷേധിച്ചപ്പോൾ കേസെടുത്തതാണ് ഇവരെ പ്രകോപിച്ചത്. സ്റ്റേഷനിലേക്ക് കൂടുതൽ സിപിഎം പ്രവർത്തകർ എത്തിയപ്പോഴേക്കും കസ്റ്റഡിയിലെടുത്തവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.