പെരുമ്പാവൂർ: നവജാതശിശുവിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ ഇതരസംസ്ഥാന ദമ്പതികൾ പോലീസ് കസ്റ്റഡിയിൽ. ബംഗാൾ സ്വദേശികളായ മജ്റു ഷെയ്ഖ് (33), ഭാര്യ ഷീല ഖാത്തൂൻ (32) എന്നിവരാണ് പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്.
കാഞ്ഞിരക്കാട് ദമ്പതികൾ വാടകയ്ക്കു താമസിക്കുന്നിടത്താണ് ഇന്നലെ ഉച്ചകഴിഞ്ഞു 3.30 ഓടെ മൃതദേഹം കണ്ടെത്തിയത്. കുഴിച്ചിട്ട സ്ഥലത്തു നായ മാന്തുന്നതു കണ്ട് സമീപത്തുള്ള ഇതരസംസ്ഥാന സ്വദേശിനി പരിശോധിച്ചപ്പോഴാണു നവജാത ശിശുവിന്റെ മൃതദേഹം കണ്ടത്. തുടർന്ന് സമീപവാസികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
ആറുമാസം മുമ്പാണ് ദന്പതികൾ ഇവിടെയെത്തിയത്. ഭർത്താവിനെ പെരുമ്പാവൂർ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിൽനിന്ന് പ്രസവിച്ചയുടനെ ഇരുവരും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചതായാണു വിവരം. ഇന്നലെ പുലർച്ചെയാണു കൊല നടത്തി മൃതദേഹം കുഴിച്ചിട്ടത്.
ഷീലയെ രക്തസ്രാവത്തെത്തുടർന്ന് കളമശേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള ഇവർ പോലീസ് നിരീക്ഷണത്തിലാണ്. പെൺകുഞ്ഞായതിനാലാണു കൊലപ്പെടുത്തിയതെന്നാണ് സൂചന. ദമ്പതികൾക്ക് മറ്റു രണ്ട് മക്കൾകൂടിയുണ്ട്.