മംഗളൂരു: ധർമസ്ഥലയിലെ വിവാദ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട അന്വേഷണം ആക്ഷൻ കമ്മിറ്റി ഭാരവാഹികളിലേക്ക്. ആക്ഷൻ കമ്മിറ്റി കൺവീനറും രാഷ്ട്രീയ ഹിന്ദു ജാഗരൺ വേദികെ പ്രസിഡന്റുമായ മഹേഷ് ഷെട്ടി തിമ്മരോഡിയുടെ വീട്ടിൽ ഇന്നലെ പ്രത്യേക അന്വേഷണസംഘം പരിശോധന നടത്തി.
വിവാദ വെളിപ്പെടുത്തലുകൾ നടത്തിയ മുൻ ശുചീകരണ തൊഴിലാളി ചിന്നയ്യയുടെ നഷ്ടപ്പെട്ടതായി പറഞ്ഞ മൊബൈൽ ഫോൺ ഇവിടെനിന്ന് കണ്ടെടുത്തു.
ചിന്നയ്യയെ ദിവസങ്ങളോളം ഒളിപ്പിച്ച് താമസിപ്പിച്ചിരുന്നത് മഹേഷ് ഷെട്ടിയുടെ വീട്ടിലായിരുന്നുവെന്നും അന്വേഷണസംഘത്തിന് നല്കാനുള്ള മൊഴികൾ പറഞ്ഞു പഠിപ്പിച്ചത് ഇവിടെവച്ചായിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്.
ചില യൂട്യൂബ് ചാനലുകൾക്ക് അഭിമുഖം നൽകി റിക്കാർഡ് ചെയ്തതും ഇവിടെവച്ചായിരുന്നു. ഇതിനുശേഷമാണ് ചിന്നയ്യ വെളിപ്പെടുത്തലുകളുമായി പുറത്തുവന്നത്.
പുറത്തുവന്നശേഷം ചിന്നയ്യ സ്വന്തം നിലയിൽ ആരുമായും ബന്ധപ്പെടാതിരിക്കാൻ വേണ്ടിയാണ് ഇയാളുടെ മൊബൈൽ എടുത്തുമാറ്റി ഒളിപ്പിച്ചുവച്ചതെന്ന് കരുതുന്നു.