മെൽബൺ: ഇറാനുമായി നയതന്ത്രബന്ധം ഉപേക്ഷിക്കുകയാണെന്ന് പ്രഖ്യാപിച്ച് ഓസ്ട്രേലിയ. നടപടിയുടെ ഭാഗമായി ഇറാന്റെ അംബാസഡറോട് ഒരാഴ്ചയ്ക്കകം രാജ്യം വിടാൻ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി ആൽബനീസ് ആവശ്യപ്പെട്ടു.
ഓസ്ട്രേലിയയിൽ കഴിഞ്ഞവർഷം നടന്ന രണ്ട് ജൂതവിരുദ്ധ ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്ന് ആരോപിച്ചാണു നടപടി. ടെഹ്റാനിലെ നയതന്ത്ര ഉദ്യോഗസ്ഥരെ ഓസ്ട്രേലിയ പിൻവലിച്ചിരുന്നു. ഇറാന്റെ സൈനികവിഭാഗമായ റവല്യൂഷനറി ഗാർഡിനെ ഭീകരസംഘടനയായി പ്രഖ്യാപിക്കാനും ഓസ്ട്രേലിയ നടപടി തുടങ്ങി.
രണ്ടാം ലോകയുദ്ധത്തിനുശേഷം ആദ്യമാണ് ഓസ്ട്രേലിയ മറ്റൊരു രാജ്യത്തിന്റെ അംബാസഡറെ പുറത്താക്കുന്നത്. അടുത്തമാസം യുഎൻ സമ്മേളനത്തിൽ പലസ്തീനു രാഷ്ട്രപദവി അംഗീകരിക്കുമെന്ന് ഓസ്ട്രേലിയ പ്രഖ്യാപിച്ചിരുന്നു.
പിന്നാലെ ആൽബനീസിനെ പേരെടുത്തു വിമർശിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു രംഗത്തെത്തിയിരുന്നു. ഇതിനിടെയാണ് ഇറാന്റെ അംബാസഡറെ പുറത്താക്കാൻ തീരുമാനിച്ചത്. ഇസ്രയേലിനെ അനുനയിപ്പിക്കാനാണ് ഇറാനെതിരെ ഓസ്ട്രേലിയായുടെ നീക്കമെന്നും വിലയിരുത്തലുണ്ട്.