തളിപ്പറമ്പ്: അഖിലഭാരത അയ്യപ്പസേവാസംഘത്തില്‍ യാതൊരുവിധത്തിലുള്ള പിളര്പ്പുകളുമില്ലെന്ന് തളിപ്പറമ്പില്‍ ചേര്‍ന്ന സംഘത്തിന്റെ സംസ്ഥാന കൗണ്‍സില്‍ പ്രവര്‍ത്തകസമിതി യോഗത്തിന് ശേഷം പ്രസിഡന്റ് സി. ഹരിദാസും സെക്രട്ടറി മോഹന്‍.കെ. നായരും അറിയിച്ചു. കണ്ണൂരിലെ ബക്കളം നെല്ലിയോട്ട് ക്ഷേത്ര പരിസരത്ത് ഉള്‍പ്പടെ ഇത്തവണ മുപ്പത് ഇടത്താവളങ്ങള്‍ സംഘം നേരിട്ട് നടത്തുമെന്നും ഇരുവരും പറഞ്ഞു. സംഘം സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കൊയ്യം ജനാര്ദനന് മൂന്ന് യോഗങ്ങളില്‍ ഹാജരാകാതിരുന്നതോടെ സംസ്ഥാന ഭാരവാഹിത്വം സ്വാഭാവികമായി നഷ്ടപ്പെട്ടിരിക്കയാണെങ്കിലും കേന്ദ്രകമ്മറ്റി അംഗമായി അദ്ദേഹം തുടരുന്നുണ്ട്.
അയ്യപ്പസേവാ സംഘത്തെ സിപിഎമ്മിന് അടിയറവച്ചുവെന്ന ആരോപണം ശ—രിയല്ല. പ്രവര്‍ത്തകര്‍ വ്യത്യസ്ത രാഷ്ട്രീയ കക്ഷികളില്‍ പെട്ടവരാണെങ്കിലും സംഘത്തിന് രാഷ്ട്രീയമില്ല. ചില അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം തളിപ്പറമ്പ് താലൂക്ക് യൂണിയന്റെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ച് ഇടത്താവളം നടത്തുന്ന ചുമതല നെല്ലിയോട്ട് ശാഖയെ ചുമതലപ്പെടുത്തുക മാത്രമാണ് നടന്നിട്ടുള്ളതെന്നും ഭാരവാഹികള്‍ പറഞ്ഞു. ശബരിമല സീസണ് കഴിഞ്ഞാല്‍ തെരഞ്ഞെടുപ്പ് നടത്തി പുതിയ ഭാരവാഹികളെ നിശ്ചയിക്കും.
ശബരിമലയില്‍ അന്നദാനം, ആശുപത്രി, അപകടത്തില്‍ പെടുന്നവരേയുംഅസുഖം ബാധിക്കുന്നവരേയും പമ്പയില്‍ എത്തിക്കുന്നതിനുള്ള സ്ട്രെക്ചര്‍ സര്‍വീസ്, മലകയറുന്നവര്‍ക്ക് യാത്ര ആയാസരഹിതമാക്കുന്നതിനായി പരമ്പരാഗത പാതയായ നീലിമല, ശബരിപീഠം വഴിയിലും സ്വാമി അയ്യപ്പന് റോഡിലും ആരോഗ്യവകുപ്പിന്റെ സഹകരണത്തോടെ ഓക്സിജന്‍ പാര്‍ലറുകളും സംഘം പ്രവര്‍ത്തിപ്പിക്കും. പമ്പയില്‍ ചെന്നൈ അപ്പോളോ ആശുപത്രിയുടെ സഹകരണത്തോടെ ടെലി ട്രീറ്റ്മെന്റ് അടക്കമുള്ള കാര്‍ഡിയോളജി സെന്ററും സ്ട്രക്ചര്‍ ആംബുലന്‍സ് എന്നിവയോടെ ക്യാമ്പും നടത്തും.
എരുമേലി, കാളകെട്ടി, അഴുത, കല്ലിടുംകുന്ന്, കരിമല, വലിയാനവട്ടം, അപ്പാച്ചിമേട്, വണ്ടിപ്പെരിയാര്‍, സത്രം എന്നിവിടങ്ങളിലും ക്യാമ്പുകളുണ്ടാവും. അസുഖബാധിതരേയും അപകടത്തില്‍ പെടുന്നവരേയും സഹായിക്കുന്നതിനായി പത്തനംതിട്ട ജനറല്‍ ആശുപത്രി, കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സേവന ക്യാമ്പുകളും ഉണ്ടാകും.
ഇവ കൂടാതെ അമരവിള, വാളയാര്‍, പൊള്ളാച്ചി, ബത്തേരി, തോല്പെട്ടി, മുത്തങ്ങ ചെക്പോസ്റ്റുകള്‍ പന്തളം, ചെങ്ങന്നൂര്‍, എറണാകുളം റെയില്‍വേ സ്റ്റേഷനുകള്‍, ചോറ്റാനിക്കര, കോട്ടയം തിരുനക്കര ക്ഷേത്രം, തൃശൂരിലെ കുറുമാലിക്കാവ്, കൊടകര, കോലഴി, ഗുരുവായൂര്‍, തിരുവില്വാമല, വടശേരിക്കര, നെയ്യാറ്റിന്‍കര, ആറ്റുകാല്‍ ക്ഷേത്രം, കുറ്റിപ്പുറം, തളിപ്പറമ്പ് ബക്കളം നെല്ലിയോട്ട് ക്ഷേത്രം എന്നിവിടങ്ങളിലും സേവന ക്യാമ്പുകള്‍ പ്രവര്‍ത്തിക്കും.
കുറ്റിപ്പുറം കഴിഞ്ഞാല്‍ വടക്കന്‍ മേഖലയിലുള്ള ഏക ഇടത്താവളം നടക്കുന്ന ബക്കളം നെല്ലിയോട്ട് ഭഗവതി ക്ഷേത്ര പരിസരത്തെ ഒരുക്കങ്ങള്‍ സംസ്ഥാന കൗണ്‍സില്‍ ഭാരവാഹികള്‍ നേരിട്ട് സന്ദര്‍ശിച്ച് വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് സി. ഹരിദാസ്, സെക്രട്ടറി മോഹന്‍ കെ. നായര്‍, എന്‍.സി.ആര്. കുറുപ്പ്, കൈപ്പട സുരേഷ്, അനില്‍ എസ്. നായര്‍, ചന്ദ്രമോഹന് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.