തളിപ്പറമ്പ്: നാടുകാണിയില്‍ പ്ലൈവുഡ് ഫാക്ടറിയില്‍ വന്‍ തീപിടിത്തം. രണ്ടു കോടിയോളം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു. സംസ്ഥാനപാതയില്‍ നാടുകാണി പ്ലാന്റേഷന് കോര്പറേഷന് എസ്റ്റേറ്റിന് സമീപത്തുനിന്നും കൂവേരിയിലേക്കുള്ള റോഡില്‍ പ്രവര്‍ത്തിക്കുന്ന ചെട്ടിയാംകുന്നേല്‍ പ്ലൈവുഡ് ഫാക്ടറിയിലാണ് തീപിടിത്തം നടന്നത്. ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയാണ് തീപിടിച്ചതായി കണ്ടത്. ഫാക്ടറിക്ക് പിറകിലെ ക്വാര്‍ട്ടേഴ്സില്‍ തൊഴിലാളികളായ നൂറോളം ബംഗാളികള്‍ താമസിക്കുന്നുണ്ട്.
തീപടര്‍ന്നു പിടിച്ചതോടെ ഇവര്‍ ക്വാര്‍ട്ടേഴ്സില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. സെക്യൂരിറ്റി ജീവനക്കാര്‍ വിവരമറിയിച്ചത് പ്രകാരം തളിപ്പറമ്പ് അഗ്നിശമന നിലയത്തിലെ സ്റ്റേഷന് ഓഫീസര്‍ പി.വി.പവിത്രന്റെ നേതൃത്വത്തില്‍ രണ്ട് യൂണിറ്റ് അഗ്നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തി തീയണയ്ക്കാന്‍ ആരംഭിച്ചുവെങ്കിലും തീ പടര്‍ന്നു പിടിച്ചതോടെ പയ്യന്നൂര്‍,കണ്ണൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള രണ്ട് യൂണിറ്റുകളേക്കൂടി വിളിച്ചുവരുത്തി.
20 തവണ ചപ്പാരപ്പടവ് പുഴയിലെത്തി വെള്ളം ശേഖരിച്ച് രാവിലെ 11 ഓടെയാണ് ഫയര്‍ഫോഴ്സ് തീയണച്ചത്.ഫാക്ടറിയില്‍ സൂക്ഷിച്ച ടണ്‍കണക്കിന് മരങ്ങളും നിരവധി യന്ത്രസാമഗ്രികളും പ്ലൈവുഡ് സ്റ്റോക്കുകളും കത്തിനിശിച്ചിട്ടുണ്ട്. പ്ലൈവുഡ് ഫാക്ടറിയുടെ ഒരു പ്ലാന്റ് പൂര്‍ണമായും കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. പെരുമ്പടവ് സ്വദേശികളായ ബെന്നി, ബിജു, ബോബി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സ്ഥാപനമാണ് ചെട്ടിയാംകുന്നേല്‍ പ്ലൈവുഡ് ഫാക്ടറി. തീപിടിത്ത വിവരമറിഞ്ഞ് തളിപ്പറമ്പ് പോലീസും സ്ഥലത്തെത്തിയിരുന്നു.