മുക്കം: തെരുവുനായക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ഒമ്പതുവയസുകാരിക്കു ഗുരുതരമായി പരിക്കേറ്റു. കാരശേരി മുരിങ്ങം പുറായി ചെറുകുളം ഷമീറിന്റെ മകള്‍ റിന്‍ഷ ഫാത്തിമയ്ക്കാണ് പരിക്കേറ്റത്. മകളുടെ നട്ടെല്ലിന് ക്ഷതമേറ്റതായി ഷമീര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം രാവിലെ ആറോടെയാണ് സംഭവം.
മറ്റൊരു കുട്ടിക്കൊപ്പം മദ്രസയിലേക്ക് പോകുമ്പോള്‍ നായ്ക്കള്‍ ആക്രമിക്കുകയായിരുന്നു.
നായ്ക്കള്‍ പിന്തുടര്‍ന്ന തോടെ ഓടിയ റിന്‍ഷ താഴ്ചയിലേക്ക് ചാടുകയായിരുന്നു. ഈ വീഴ്ചയിലാണ് നട്ടെല്ലിന് ക്ഷതമേറ്റത്. ബാഗില്‍ നായ്ക്കള്‍ കടിച്ചതോടെയാണ് റിന്‍ഷ പ്രാണരക്ഷാര്‍ഥം പത്തടിയോളം താഴ്ചയിലേക്ക് ചാടിയത്. ഒപ്പമുണ്ടായിരുന്ന കുട്ടി ഓടി മാറിയതിനാല്‍ രക്ഷപ്പെട്ടു . സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലാണ് റിന്‍ഷ. കുട്ടിയെ ഇത് മൂന്നാം തവണയാണ് തെരുവുനായ്ക്കള്‍ ആക്രമിക്കുന്നത്.
മുരിങ്ങം പുറായി, മലാംകുന്ന്, ചെറുകുളം ഭാഗങ്ങളില്‍ വര്‍ഷങ്ങളായി തെരുവുനായശല്യം രൂക്ഷമാണ്. ഇതിനെതിരേ അടിയന്തര നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.നിരവധി തവണ ഗ്രാമ പഞ്ചായത്തിലടക്കം പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ലെന്നും നാട്ടുകാര്‍ പറഞ്ഞു.