ബാലതാരമായി അഭിനയിച്ച് കരിയർ തുടങ്ങിയ എസ്തർ അനിൽ ഇന്ന് മലയാള സിനിമയിലെ യുവ നായിക നടിമാരിൽ ഒരാളാണ്. പഠന സമയത്താണ് അഭിനയത്തിൽ നിന്ന് എസ്തർ അൽപ്പം വിട്ടുനിന്നത്. വയനാട്ടിൽ നിന്നു മലയാള സിനിമയിലേക്ക് എത്തിയ എസ്തറിന്റെ ഉപരിപഠനം ഡൽഹിയിലും ലണ്ടനിലുമെല്ലാമായിട്ടായിരുന്നു.
24 വയസ് മാത്രമെ പ്രായമുള്ളുവെങ്കിലും ഇതിനോടകം ഒറ്റയ്ക്ക് പല രാജ്യങ്ങളിലൂടെ സഞ്ചരിക്കുകയും താമസിക്കുകയും ചെയ്തുകഴിഞ്ഞു എസ്തർ. ചെറുപ്പം മുതൽ എല്ലാത്തിലും ഫ്രീഡം തന്നാണ് മാതാപിതാക്കൾ വളർത്തിയതെന്നും അതിനാൽ ഒരിക്കലും പരാതി പറയേണ്ട സാഹചര്യം വന്നിട്ടില്ലെന്നും നടി പറയുന്നു. ഒരഭിമുഖത്തിലാണ് എസ്തർ ഇക്കാര്യം വ്യക്തമാക്കിയത്.
പെണ്ണായതുകൊണ്ട് ഇന്നത് കിട്ടിയില്ലെന്ന് എനിക്ക് ജീവിതത്തിൽ ഒരിക്കലും പരാതിപ്പെടേണ്ടി വന്നിട്ടില്ല. കാരണം അക്കാര്യത്തിൽ എന്നെയും സഹോദരങ്ങളെയും ഏറെ ഈക്വലായാണ് പേരന്റ്സ് വളർത്തിയത്. മാത്രമല്ല ഇക്കാര്യത്തിൽ എന്റെ സഹോദരങ്ങൾക്ക് കിട്ടുന്നതിനേക്കാൾ പ്രിവിലേജസ് എനിക്ക് കിട്ടിയിട്ടുണ്ടെന്നും തോന്നാറുണ്ട്. ചിലപ്പോൾ ഞാൻ ചെറിയ പ്രായത്തിൽ തന്നെ സമ്പാദിച്ചു തുടങ്ങിയതുകൊണ്ടാകും. അതുകൊണ്ടുതന്നെ നമ്മുടേതായ തീരുമാനങ്ങൾ നമുക്ക് എടുക്കാൻ പറ്റും. എന്റെ ചേട്ടൻ രാത്രി രണ്ട് മണിക്കാണ് വീട്ടിൽ വരുന്നതെങ്കിൽ ഞാൻ ചിലപ്പോൾ നാല് മണിക്കാകും വരുന്നത്. പക്ഷേ, റെസ്ട്രിക്ഷൻ വീട്ടിലുണ്ടായിരുന്നില്ല.
പെൺകുട്ടിയാണെന്ന രീതിയിൽ അപ്പന് കുറച്ച് പേടിയുണ്ടാകും. പക്ഷേ, ആ പേടി പ്രകടിപ്പിക്കാൻ അപ്പനെ അമ്മ സമ്മതിക്കില്ല. എവിടെ എത്തിയെന്ന് അറിയാൻ അപ്പൻ വിളിക്കും. പക്ഷേ, അമ്മ പറയും വിളിക്കേണ്ടതില്ലെന്ന്. കാരണം അവർ വിളിക്കുമ്പോൾ നമുക്ക് പ്രഷർ ഫീൽ ചെയ്താലോയെന്ന് കരുതിയാണ് അമ്മ അങ്ങനെ പറയുന്നത്.
അവർ തമ്മിൽ തന്നെ ഇക്കാര്യങ്ങളെല്ലാം ബാലൻസ് ചെയ്ത് കൊണ്ടുപോകും. അപ്പന് പലപ്പോഴും പേടിയുണ്ടാകാറുണ്ട്. നോ പറയണമെന്ന് തോന്നിയ സാഹചര്യവുമുണ്ട്. എനിക്കത് മനസിലായിട്ടുമുണ്ട്. അമ്മ അപ്പോഴും പറയും അതൊന്നും കുഴപ്പമില്ല, പോയിട്ടു വരാൻ. റിബലായി ജീവിക്കുന്നതിൽ ആനന്ദം കണ്ടത്തിയവരാണ് എന്റെ പേരന്റ്സെന്ന് എനിക്ക് ചിലപ്പോഴൊക്കെ തോന്നാറുണ്ട്. കാരണം നാട്ടുകാർക്ക് ഒപ്പീനിയൻസ് ഉണ്ടായിട്ടുണ്ട് അവർ ഞങ്ങളെ വളർത്തുന്ന രീതിയിലും ജീവിക്കുന്ന രീതിയിലും. ബന്ധുക്കൾക്കും എതിർ അഭിപ്രായമുണ്ടായിട്ടുണ്ട്. പക്ഷേ, അവർ അതിനെ എതിർക്കും. വളർന്ന് വരുന്ന സമയത്ത് ഞങ്ങൾക്ക് അത് അത്ര കംഫർട്ടബിൾ ആയിരുന്നില്ല. ഒരു ഉദാഹരണം പറയുകയാണെങ്കിൽ പെൺകുട്ടികൾക്ക് ചെറുതായിരിക്കുമ്പോൾ മൊട്ടയടിക്കും.
പക്ഷേ, അപ്പൻ എന്റെ മുടി വെട്ടാറേയില്ലായിരുന്നു. അതു മാത്രമല്ല തലയിൽ എണ്ണ തേയ്ക്കാറില്ലായിരുന്നു. വിദേശ രാജ്യത്ത് ആളുകൾ തലയിൽ എണ്ണ തേക്കാറില്ലെന്ന് അപ്പൻ എവിടെ നിന്നോ മനസിലാക്കി. എന്നിരുന്നാലും നാട്ടുകാർ കുട്ടികളുടെ കാര്യത്തിൽ ഇടപെടുമല്ലോ. അതുകൊണ്ടുതന്നെ അവർ എന്നോടു പറയുമായിരുന്നു, മുടി വെട്ടിത്തരാൻ അപ്പനോട് പറ, എണ്ണ തേച്ചു വേണ്ടേ വളർത്താൻ എന്നിങ്ങനെയുള്ള കോൺവർസേഷൻസ് ഉണ്ടായിട്ടുണ്ട്. പക്ഷെ അപ്പയ്ക്ക് അത് വിഷയമായിരുന്നില്ല- എസ്തർ പറഞ്ഞു.