പൊഴിയാത്ത കണ്ണീരിന് കാട്ടുകരിങ്കല്ലിനേക്കാള്‍ കരുത്തുണ്ടാവും! എല്ലായിടത്തും പൊഴിക്കാനുള്ളതുമല്ല പെണ്ണിന്റെ കണ്ണീര്; പോലീസുകാരുടെ ആ ചോദ്യത്തിന് സി കെ ജാനു നല്‍കിയ മറുപടി

ജീവിതാനുഭവങ്ങളാണ് ഓരോരുത്തരുടെയും വ്യക്തിജീവിതത്തിന് കരുത്തും തുണയുമാവുന്നത്. ഇത്തരത്തില്‍ ജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യങ്ങള്‍ക്കൊപ്പം ജീവിച്ചുവന്ന് വിമര്‍ശകരുടെ വായടപ്പിച്ച് തനിക്കര്‍ഹമായതെല്ലാം നേടിയെടുത്ത വ്യക്തിയാണ് സി കെ ജാനു. ഏതൊക്കെ തരത്തിലുള്ള വിമര്‍ശനങ്ങളാണെങ്കിലും വിമര്‍ശകര്‍ക്കുള്ള ചുട്ട മറുപടി ജാനുവിന്റെ കൈയ്യിലുണ്ട്. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജാനു ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. പോലീസ് അറസ്റ്റ് ചെയ്ത സമയത്തെ അനുഭവങ്ങളാണ് ജാനു പ്രധാനമായും വെളിപ്പെടുത്തിയത്. അതിങ്ങനെയായിരുന്നു…ഒരുപാട് തവണ പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ നോക്കിയിട്ടുണ്ട്.

മണിക്കൂറുകള്‍ നീളുന്ന ചോദ്യം ചെയ്യല്‍ ഇപ്പോ വാര്‍ത്തയാണല്ലോ. മുത്തങ്ങ സമരത്തിന്റെ സമയത്ത് എന്നെ പിടികൂടി മൂന്നു ദിവസമാണ് നിര്‍ത്താതെ ചോദ്യം ചെയ്തത്. അന്നവിടെ മനുഷ്യരും മൃഗങ്ങളുമല്ലാത്ത പോലീസുകാരായിരുന്നു ഉണ്ടായിരുന്നത്. നടുക്ക് ഒരു കസേരയിട്ടിരുത്തി ചുറ്റുമിരുന്നിട്ടാണ് ചോദ്യം ചെയ്യല്‍. ചില ചോദ്യങ്ങള്‍ കേട്ടാല്‍ ചോദിച്ചവന്റെ പല്ല് തല്ലി കൊഴിക്കാന്‍ തോന്നും. ചിലരെക്കുറിച്ച് ചിലത് പറഞ്ഞില്ലെങ്കില്‍ എന്നെ പല കേസുകളിലും കുടുക്കി പുറം ലോകം കാണിക്കില്ലെന്നു ഭീഷണിപ്പെടുത്തി. ഞാന്‍ കൂസിയില്ല. ഞാനൊരു ആദിവാസിയാണ്. കാട് കണ്ട് വളര്‍ന്നവളാണ്. ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയിലെ പരാമവധി ശിക്ഷ തൂക്കിക്കൊല്ലലാണെന്ന് എനിക്കറിയാം. അതു പ്രതീക്ഷിച്ചാണ് ഞാന്‍ വന്നിരിക്കുന്നത്.

അതുകൊണ്ട് അതു പറഞ്ഞ് എന്നെ ഭയപ്പെടുത്തേണ്ട. ഞാന്‍ പേടിക്കില്ല’ എന്നു ഞാന്‍ പറഞ്ഞു. എല്ലാം കഴിഞ്ഞ് അവര്‍ പറഞ്ഞു. ‘നിങ്ങള് എന്തൊരു സ്ത്രീയാണ്. പുരുഷന്മാര് വരെ കരഞ്ഞു പോകും. നിങ്ങളുടെ കണ്ണില്‍നിന്ന് ഒരു തുള്ളി കണ്ണീരു പോലും വന്നില്ല’. ‘കണ്ണുനീരിന്റെ വില അറിയാത്ത നിങ്ങളുടെ മുമ്പിലിരുന്ന് കരഞ്ഞാല്‍ ഞാന്‍ വിഡ്ഢിയാകും. സ്വയം വിഡ്ഢിയാകാന്‍ തയാറല്ല. അങ്ങനെ എല്ലായിടത്തും പൊഴിക്കാനുള്ളതല്ല പെണ്ണിന്റെ കണ്ണീര്. കരച്ചില്‍ ഞങ്ങള്‍ നിര്‍ത്തിയതാണ്. പൊഴിയാത്ത കണ്ണീരിന് കാട്ടുകരിങ്കല്ലിനേക്കാള്‍ കടുപ്പമുണ്ടാകും. അതൊന്നും നിങ്ങള്‍ക്ക് മനസ്സിലാകില്ല’. അവര്‍ അതോടെ അടങ്ങി. ജാനു പറയുന്നു.

 

Related posts