കോട്ടയം: മുന്നൂറും കടന്ന് മുകളിലേക്ക് കയറിയ ഇഞ്ചിവില കുത്തനെ ഇടിഞ്ഞതിനെക്കാള് ആശങ്കയാണ് ഇഞ്ചിയെ വ്യാപകമായി ബാധിച്ച മഞ്ഞളിപ്പുരോഗം കര്ഷകരിലുണ്ടാക്കുന്നത്. ഒരു മാസം മുന്‍പ് ഇലകള്‍ മഞ്ഞളിച്ചും കരിഞ്ഞും തുടങ്ങിയ കൃഷി ചീയലും ബാധിച്ചു നിലംപൊത്തുന്നു. വിളവെടുപ്പിന് രണ്ടു മാസം മാത്രം ബാക്കിനില്‍ക്കെയാണ് ഇക്കൊല്ലത്തെ പ്രതീക്ഷകള്‍ തകര്‍ന്നടിയുന്നത്.
ഇലകളെ മാത്രമല്ല വിത്തിനെയും ചീയല്‍ ബാധിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേതുപോലെ ഓണത്തിന് 300 രൂപ നിരക്കില്‍ പച്ച ഇഞ്ചി വില്ക്കാമെന്നു കരുതിയിരിക്കെ വില നൂറിനു താഴെയായി. ഇതിനൊപ്പമാണ് ഇഞ്ചിക്ക് കേടുബാധയും കൂടിവരുന്നത്. കിലോ നാനൂറു രൂപയ്ക്കുവരെ വിത്ത് വാങ്ങി നട്ടവരാണ് നയാ പൈസ കിട്ടാത്തവിധം ദുരിതപ്പെടുന്നത്.
പൈറികുലേറിയ എന്ന കുമിളാണ് രോഗം പടര്‍ത്തുന്നത്. ജില്ലയില്‍ ആദ്യമായാണ് ഇഞ്ചിയില്‍ ഈ കുമിള്‍ വ്യാപക രോഗകാരിയായി മാറിയിരിക്കുന്നത്. ഇലകളും ഇലപ്പോളകളും മഞ്ഞനിറമായി ചെറുതായി കറുപ്പ് പാടുകള്‍ ഉണ്ടാകുന്നതാണ് പ്രാരംഭ ലക്ഷണം.തുടര്‍ച്ചയായി മഴ പെയ്യുന്ന സാഹചര്യത്തില്‍ ഇലകള്‍ സ്ഥിരമായി ഈര്‍പ്പമുള്ളതാകുന്നത് രോഗവ്യാപനത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നു.
സമീപ പ്രദേശങ്ങളിലേക്ക് അതിവേഗം വ്യാപിക്കാനുള്ള ശേഷി ഈ കുമിളിനുണ്ട്. ആഴ്ചകള്‍ക്കുള്ളില്‍ ഇല കൊഴിയുന്നതിനും ചെടി പൂര്‍ണമായി നശിക്കുന്നതിനും കാരണമാകും.റബര്‍ ഒഴിവാക്കി ഇഞ്ചി കൃഷിയിലേക്ക് മാറിയവര്‍ക്ക് ഇക്കൊല്ലം വിളവെടുക്കാന്‍ ഒട്ടും തന്നെ ലഭിക്കുകയില്ല. ബോര്‍ഡോമിശ്രിതവും കുമ്മായവും പ്രയോഗിച്ചെങ്കിലും രോഗം മാറുന്നില്ല.
ഇക്കൊല്ലം മഴത്തോത് കൂടിനിന്നതാണ് കീടബാധയ്ക്ക് കാരണമായി പറയുന്നത്. എന്നാല്‍ ഇപ്പോഴത്തെ സങ്കര ഇനം ഇഞ്ചികള്ക്ക് പഴയ ഇഞ്ചിയുടെ പ്രതിരോധശേഷിയില്ലെന്നാണ് കര്‍ഷകരുടെ പക്ഷം.പ്രതിവിധി തേടി കര്‍ഷകര്‍ കൃഷി ഓഫീസര്‍മാരെ സമീപിച്ചെങ്കിലും വ്യക്തമായ പരിഹാരം ലഭിക്കുന്നില്ല.
ചേനവില കഴിഞ്ഞ വര്‍ഷം 80 രൂപ ഉയര്‍ന്ന സാഹചര്യത്തില്‍ ഇക്കൊല്ലം വ്യാപകമായി ചേന കൃഷി നടത്തിയവരെയും വിളവും വിലയും ചതിച്ചു. ചേനയ്ക്ക് തൂക്കമില്ലാതെ വന്നതും വില 40ലേക്ക് താഴ്ന്നതും നഷ്ടം വര്‍ധിപ്പിക്കുന്നു.