ചെന്നൈ: ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെട്ട വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടറെ പിടികൂടി. പാലക്കോട് വനിതാ പോലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർ വീരമ്മാളിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കരിമംഗലം തുമ്പലഹള്ളി സ്വദേശിയുടെ പരാതിയിലാണ് നടപടി.
പരാതിക്കാരിയുടെ 16 വയസുള്ള മകൾ മേയിൽ സ്വന്തം ഇഷ്ടപ്രകാരം അതേ ഗ്രാമത്തിലെ യുവാവിനെ വിവാഹം കഴിച്ചിരുന്നു. യുവതി നാലു മാസം ഗർഭിണിയായതോടെ സമീപമുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെതുടർന്ന് വിവരം സാമൂഹികക്ഷേമ വകുപ്പിനെ അറിയിച്ചു.
പ്രായപൂർത്തിയാകാത്ത കുട്ടിയുടെ ഗർഭത്തെക്കുറിച്ച് സാമൂഹികക്ഷേമ ഓഫീസർ ഇൻസ്പെക്ടർ വീരമ്മാളിനെ അറിയിച്ചു. തുടർന്ന് വീരമ്മാൾ ഇരുകുടുംബങ്ങളെയും വിളിപ്പിക്കുകയും ശൈശവ വിവാഹത്തിന് കേസെടുക്കാതിരിക്കാൻ 50,000 രൂപ കൈക്കൂലി ആവശ്യപ്പെടുകയും ചെയ്തു.
ഇതോടെ പരാതിക്കാരി ഡയറക്ടറേറ്റ് ഓഫ് വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ഡിഎസ്പി നാഗരാജുവിനെ സമീപിച്ചു. അദ്ദേഹത്തിന്റെ നിർദേശപ്രകാരം പദ്ധതി തയാറാക്കി വീരമ്മാളിനെ തെളിവുസഹിതം പിടികൂടുകയായിരുന്നു. തുടർന്ന് വീരമ്മാളിന്റെ അറസ്റ്റ് രേഖപ്പെടുത്തി റിമാൻഡ് ചെയ്തു.

