ദുബായ്: ഏഷ്യ കപ്പ് ട്വന്റി-20 ക്രിക്കറ്റിൽ ഇന്ത്യക്കെതിരായ മത്സരത്തിൽ പ്രകോപനപരമായ ആംഗ്യങ്ങളും ആഘോഷരീതിയും നടത്തിയ പാക്കിസ്ഥാൻ പേസർ ഹാരിസ് റൗഫിന് ഐസിസിയുടെ വക പിഴ ശിക്ഷ. അധിക്ഷേപകരമായ ഭാഷയും പ്രകോപനപരമായ ആംഗ്യങ്ങളും കാണിച്ചതിന് റൗഫിനിന് മാച്ച് ഫീയുടെ 30 ശതമാനം പിഴയാണ് ലഭിച്ചത്.
അതേസമയം, ഇന്ത്യക്കെതിരായ അർധ സെഞ്ചുറിക്കു ശേഷം ഗൺ ഫയർ ആഘോഷം നടത്തിയ ബാറ്റർ ഫർഹാനെ ശിക്ഷയിൽനിന്ന് ഒഴിവാക്കി. പെരുമാറ്റച്ചട്ട ലംഘനം നടത്തിയിട്ടില്ലെന്നും തന്റെ ഗോത്രത്തിലെ ആഘോഷ രീതിയാണിതെന്നും ഫർഹാൻ ഐസിസി സംഘത്തെ ധരിപ്പിച്ചു.
ദുബായിലെ പാക്കിസ്ഥാൻ ടീമിന്റെ ഹോട്ടലിൽ മാച്ച് റഫറി റിച്ചി റിച്ചാർഡ്സണാണ് വാദം കേട്ടത്. ഇരു താരങ്ങളും ടീം മാനേജർ നവീദ് ചീമയ്ക്കൊപ്പമാണ് ഹാജരായത്.
സൂര്യകുമാറിനും ശിക്ഷ
സെപ്റ്റംബർ 14നു നടന്ന പാക്കിസ്ഥാനെതിരായ മത്സരത്തിൽ ജയിച്ചശേഷം രാഷ്ട്രീയ പ്രസ്താവന നടത്തിയതിന് ഐസിസി ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവിന് മാച്ച് ഫീയുടെ 30 ശതമാനം പിഴ വിധിച്ചു. വിജയം പഹൽഗാം ഭീകരാക്രമണത്തിലെ ഇരകൾക്കും ഇന്ത്യൻ സായുധ സേനയ്ക്കും സമർപ്പിക്കുന്നതായുള്ള സൂര്യകുമാറിന്റെ സൂര്യകുമാറിന്റെ പ്രതികരണത്തിനെതിരേ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ഐസിസിക്ക് പരാതി നൽകിയിരുന്നു.