ജയ്പുർ: ലഡാക്കിന്റെ സംസ്ഥാനപദവിക്കായുള്ള പ്രതിഷേധങ്ങളുടെ നേതൃസ്ഥാനത്തുള്ള അറസ്റ്റിലായ ആക്ടിവിസ്റ്റ് സോനം വാംഗ്ചുകിനെ രാജസ്ഥാനിലെ ജോധ്പൂർ സെൻട്രൽ ജയിലിലേക്ക് മാറ്റിയതായി വൃത്തങ്ങൾ സ്ഥിരീകരിച്ചു.
ലേ വിമാനത്താവളത്തിൽനിന്ന് വാംഗ്ചുകിനെ പ്രത്യേക വിമാനത്തിൽ ജോധ്പുരിലേക്ക് കൊണ്ടുപോകുകയും ഉയർന്ന സുരക്ഷാ സന്നാഹത്തോടെ ജയിലിലേക്ക് കൊണ്ടുപോയെന്നും ഉന്നതവൃത്തങ്ങൾ അറിയിച്ചു.
ഇന്നലെ, ലഡാക്ക് പോലീസ് മേധാവി എസ്ഡി സിംഗ് ജാംവാളിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണു വാംഗ്ചുകിനെ അറസ്റ്റ് ചെയ്തത്. സ്വദേശമായ ഉലിയക്തോപോയിൽനിന്ന് ഉച്ചയ്ക്ക് 2.30നാണ് പോലീസ് അദ്ദേഹത്തെ കൊണ്ടുപോയത്.
ഏതൊക്കെ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് വ്യക്തമല്ല. ലഡാക്കിനു സംസ്ഥാന പദവി ആവശ്യപ്പെട്ടു നടന്ന സമരം അക്രമാസക്തമായതിനെത്തുടർന്നുണ്ടായ വെടിവയ്പിൽ നാലു പേർ കൊല്ലപ്പെട്ടിരുന്നു. വാംഗ്ചുകിന്റെ പ്രകോപനപ്രസംഗങ്ങളാണു സംഘർഷത്തിനു കാരണമായതെന്നാണു കേന്ദ്രസർക്കാർ ആരോപിക്കുന്നത്.
തുടർച്ചയായ മൂന്നാം ദിവസവും കർഫ്യു തുടരുന്ന ലേയിലെ സ്ഥിതിഗതികൾ വിലയിരുത്താൻ കേന്ദ്ര ആഭ്യന്തരമന്ത്രാaലയ സംഘം അവലോകനയോഗം ചേർന്നു. അനിഷ്ടസംഭവങ്ങളൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരമാണു ലേയിൽ കർഫ്യൂ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആലോചിക്കുന്നുണ്ടെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഘർഷവുമായി ബന്ധപ്പെട്ട് അന്‍പതിലധികം പേരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കാർഗിൽ ഉൾപ്പെടെ പ്രധാനപ്പെട്ട അഞ്ചു നഗരങ്ങളിൽ നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുണ്ട്. പോലീസും അർധസൈനിക വിഭാഗവും പട്രോളിംഗ് തുടരുകയാണ്.