രാജ്യത്തെ ഏറ്റവും വലിയ തീർഥാടനകേന്ദ്രങ്ങളിലൊന്നായ ശബരിമലയിലെ സ്വർണം മോഷ്ടിക്കപ്പെട്ടെന്ന വിവരം ലക്ഷക്കണക്കിനു ഭക്തരുടെ ഹൃദയങ്ങളെ ഉലച്ചിരിക്കുന്നു. ശ്രീകോവിലിന്റെ കാവൽക്കാരായ ദ്വാരപാലകരുടെ ശില്പത്തെ പൊതിഞ്ഞ സ്വർണംപോലും തട്ടിയെടുത്തവർ മറ്റെന്തു കവർച്ചയ്ക്കും മടിക്കാത്തവരാണ്. ദ്വാരപാലകരെ ‘വകവരുത്തിയവർ’ എവിടെയൊക്കെ കടന്നുകയറിയെന്നും അറിയേണ്ടതുണ്ട്. ഹൈക്കോടതി നിയോഗിച്ച പ്രത്യേക അന്വേഷണസംഘം അന്പലംവിഴുങ്ങികളെ മാത്രമല്ല, അവരെ പോറ്റിവളർത്തിയവരെയും നിയമത്തിനു മുന്നിലെത്തിക്കട്ടെ.
ചരിത്രത്തിലെ ഏറ്റവും അപമാനകരമായൊരു മോഷണക്കേസിലൂടെയാണ് സംസ്ഥാനം കടന്നുപോകുന്നത്. ശബരിമലയിൽനിന്ന് 2019ൽ അറ്റകുറ്റപ്പണിക്കു കൊണ്ടുപോയ അത്രയും സ്വർണം ദ്വാരപാലകശില്പത്തിനൊപ്പം തിരിച്ചെത്തിയില്ലെന്നു വ്യക്തമാണെന്നാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടിയത്. സ്വർണം പൊതിഞ്ഞ യഥാർഥ ദ്വാരപാലകശില്പങ്ങൾ 2019ൽ സ്പോൺസർ വില്പന നടത്തിയോയെന്നും സംശയിക്കാമെന്ന് ദേവസ്വം വിജിലൻസിന്റെ റിപ്പോർട്ട് പരിശോധിച്ച കോടതി വിലയിരുത്തി.
അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് എച്ച്. വെങ്കിടേഷിനെ തലവനാക്കി പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ച കോടതി 30 വർഷത്തെ നടപടികൾ അന്വേഷണപരിധിയിൽ വരണമെന്നും ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് നൽകണമെന്നും നിർദേശിച്ചു. കഴിഞ്ഞ 40 വർഷമായി ശബരിമലയിലെ എല്ലാ ഇടപാടുകൾക്കും ദേവസ്വം ബോർഡിന്റെ ആളെന്ന മട്ടിൽ വ്യാപരിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെന്ന വ്യക്തിയെ കേന്ദ്രീകരിച്ചാണ് വിവാദങ്ങൾ പൊട്ടിപ്പുറപ്പെട്ടത്.
മൂന്നുതവണ സ്വർണം പൂശിയ ചരിത്രമാണ് ദ്വാരപാലകശില്പങ്ങൾക്കുള്ളത്. 1998 സെപ്റ്റംബറിലാണ് വ്യവസായി വിജയ് മല്യ ശബരിമല ശ്രീകോവിലും ദ്വാരപാലകശില്പങ്ങളും ആദ്യമായി സ്വർണം പൊതിഞ്ഞു കൊടുത്തത്. പിന്നീട് 2019 ജൂലൈയിൽ വീണ്ടും സ്വർണം പൊതിയാനെന്നു പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റിയെന്ന ആൾ ഇത് ദേവസ്വം ബോർഡിൽനിന്നു വാങ്ങിക്കൊണ്ടുപോയി. സെപ്റ്റംബർ 11ന് പോറ്റിയിൽനിന്ന് ദേവസ്വം ബോർഡ് പാളികൾ തിരികെ വാങ്ങുകയും ശില്പത്തിൽ ചേർക്കുകയും ചെയ്തു.
താൻ ദേവസ്വം ബോർഡിൽനിന്ന് ഏറ്റുവാങ്ങിയത് ചെന്പുപാളികളായിരുന്നെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി പറഞ്ഞത്. എന്നാൽ, വിജയ് മല്യ 800 ഗ്രാം (100 പവൻ) സ്വർണത്തിൽ പൊതിഞ്ഞു കൊടുത്ത പാളികളാണ് 2019ൽ പോറ്റി കൊണ്ടുപോയതെന്നു വിജിലൻസ് കണ്ടെത്തിയെന്നാണു സൂചന.
അതു തിരിച്ചെത്തിച്ചപ്പോൾ 397 ഗ്രാം സ്വർണമാണ് ഉണ്ടായിരുന്നത്. താൻ കൊണ്ടുപോയത് ചെന്പു പാളികളായിരുന്നെന്നും അരക്കിലോ സ്വർണം വാങ്ങിയതിൽ 397 ഗ്രാം പാളിക്കുവേണ്ടി ഉപയോഗിച്ചെന്നും ബാക്കി സ്വർണംകൊണ്ട് മാളികപ്പുറം ക്ഷേത്രത്തിൽ മാല പണിതു നൽകിയെന്നുമാണ് പോറ്റിയുടെ വാദം. എങ്കിൽ വിജയ് മല്യ നൽകിയ 100 പവന്റെ സ്വർണപ്പാളി എവിടെയെന്ന ചോദ്യമാണ് ബാക്കി.
മൂന്നാമത്തെ തവണ, ഇക്കഴിഞ്ഞ സെപ്റ്റംബർ ഏഴിന് വീണ്ടും പാളികൾ സ്വർണം പൂശാൻ ചെന്നൈയിലേക്കു കൊണ്ടുപോയി. 2019ൽ ദ്വാരപാലക പാളികൾക്കൊപ്പം രണ്ടു താങ്ങുപീഠങ്ങളും താൻ ദേവസ്വം ബോർഡിനെ ഏൽപ്പിച്ചെന്നും ഇപ്പോൾ സ്വർണം പൊതിയാൻ വേണമെങ്കിൽ അതിൽനിന്നെടുക്കാമെന്നും പറഞ്ഞ് ഉണ്ണികൃഷ്ണൻ പോറ്റി ഇ-മെയിൽ അയച്ചു. പക്ഷേ, ആ പീഠങ്ങൾ അദ്ദേഹത്തിന്റെ സഹോദരിയുടെ വീട്ടിൽനിന്ന് വിജിലൻസ് കണ്ടെത്തിയതോടെയാണ് പോറ്റി സംശയത്തിന്റെ നിഴലിലായത്.
നിർദേശമുണ്ടായിരുന്നിട്ടും ഹൈക്കോടതിയുടെ അനുമതിയില്ലാതെ സ്വർണപ്പാളികൾ ചെന്നൈയിലേക്കു കൊടുത്തുവിട്ട ദേവസ്വം ബോർഡിന്റെ നടപടിയും സംശയകരമാണ്. മാത്രമല്ല, 2019ൽ ഉണ്ണികൃഷ്ണൻ പോറ്റിക്കു കൊടുത്ത പാളികൾ ചെന്പാണെന്ന് ദേവസ്വം മഹസറിൽ രേഖപ്പെടുത്തിയതിനും ബോർഡിനു കൃത്യമായ മറുപടിയില്ല.
ദേവസ്വം ബോർഡും ഉണ്ണികൃഷ്ണൻ പോറ്റിയും പറയുന്നതിലെ ദുരൂഹതകൾ അഴിക്കുന്പോൾ അന്വേഷണസംഘത്തിനു മുന്നിൽ വെളിപ്പെടുന്നതിൽ കാണാതായ സ്വർണപ്പാളികൾ മാത്രമായിരിക്കില്ല. സമഗ്രമായ അന്വേഷണം ഉണ്ടാകട്ടെ. ആഗോള അയ്യപ്പഭക്തരെ കബളിപ്പിച്ചത് ആരാണെങ്കിലും ശബരിമലയിൽ വച്ചുപൊറുപ്പിക്കരുത്.
സ്വന്തം നാട്ടിൽ ദൈവത്തിനുപോലും രക്ഷയില്ലെന്ന അവസ്ഥ സംജാതമായതിൽ സർക്കാരിനും കൈകഴുകാനാവില്ല. ശബരിമലയിൽ അവതാരങ്ങളെ ആവശ്യമില്ലെന്നും അകറ്റിനിർത്തണമെന്നുമാണ് ദേവസ്വം മന്ത്രി വി.എൻ. വാസവൻ പറഞ്ഞത്. പക്ഷേ, കോടതി കർശന നിലപാട് സ്വീകരിക്കുവോളം ഇത്തരം അവതാരങ്ങൾ സർക്കാരിന്റെ കണ്ണിൽപ്പെട്ടില്ലെങ്കിൽ അപമാനകരമാണ്.
ദൈവത്തിൽ മാത്രമല്ല, ആരാധനാലയങ്ങളുടെ നടത്തിപ്പുകാരിലും ഭക്തർക്കു വിശ്വാസമുണ്ട്. ദൈവത്തിന്റെ ആളുകൾ ചതിക്കില്ലെന്ന വിശ്വാസം! നിർഭാഗ്യവശാൽ ആ വിശ്വാസത്തെ ചൂഷണം ചെയ്യുന്ന തട്ടിപ്പുകാർ എല്ലാ മതസ്ഥാപനങ്ങളിലും കയറിക്കൂടിയിട്ടുണ്ട്. ശബരിമല എല്ലായിടത്തും തിരുത്തലിനുള്ള മുന്നറിയിപ്പാകട്ടെ.