ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി രണ്ടാംതവണ നേടിയ കേരള ടീം ക്യാപ്റ്റനുമായിരുന്ന വി.പി. സത്യന്റെ പേരിൽ ട്രംപിന്റെ നാട്ടിലൊരു ഫുട്ബോൾ മാമാങ്കം! അദ്ഭുതപ്പെടേണ്ട; അതൊരു യാഥാർഥ്യമാണ്.
കഴിഞ്ഞ നാലുവർഷമായി അമേരിക്കയിൽ വി.പി. സത്യൻ മെമ്മോറിയൽ ട്രോഫിക്കുവേണ്ടിയുള്ള ദേശീയ ഫുട്ബോൾ ടൂർണമെന്റ് നടക്കുന്നു. അമേരിക്കയിലെയും കാനഡയിലെയും ടീമുകൾ മാറ്റുരയ്ക്കുന്ന നാംസെൽ (നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗ് – എൻഎഎംഎസ്എൽ) എല്ലാ വർഷവും സെപ്റ്റംബറിലാണ്. മൂന്നു കാറ്റഗറികളിലായാണ് മത്സരമെങ്കിലും 30 പ്ലസ്, 45 പ്ലസ് കാറ്റഗറികൾ സെവൻസാണ്. ‘നാടൻ സെവൻസ്’എന്നാണ് പേര്.
ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ജേതാക്കൾ
ഓപ്പണ് കാറ്റഗറിയിലാണു തീപാറും മത്സരം. അതിനാണ് വി.പി. സത്യന്റെ പേരുനൽകിയിരിക്കുന്നത്. ഇത്തവണ ഹൂസ്റ്റൺ യുണൈറ്റഡ് മലയാളി സോക്കർ ക്ലബ്ബായിരുന്നു ആതിഥേയർ. ഹൂസ്റ്റൺ യുണൈറ്റഡ് എംഎസ്സി, ഹൂസ്റ്റൺ സ്ട്രൈക്കേഴ്സ്, ഫിലാഡൽഫിയ ആഴ്സനൽസ്, എഫ്സിസി ഡാള്ളസ്, ന്യൂയോർക്ക് ചാലഞ്ചേഴ്സ് എന്നിവയായിരുന്നു എ ഗ്രൂപ്പിലെ ടീമുകൾ. ഓസ്റ്റിൻ സ്ട്രൈക്കേഴ്സ്, എഫ്സി ഷിക്കാഗോ ഹണ്ടേഴ്സ്, ബാൾട്ടിമോർ കില്ലാഡീസ്, ന്യൂയോർക്ക് ഐസ്ലാൻഡേഴ്സ്, എംഎഫ്സി കലിഫോർണിയ ടീമുകൾ ഗ്രൂപ്പ് ബിയിലും മാറ്റുരച്ചു.
സെമിയിൽ ഫിലാഡൽഫിയ ആഴ്സനൽസിനെ തോൽപ്പിച്ച് ഓസ്റ്റിൻ സ്ട്രൈക്കേഴ്സും ഹൂസ്റ്റൺ യുണൈറ്റഡിനെ തോൽപ്പിച്ച് എംഎഫ്സി കലിഫോർണിയയും കലാശക്കളിക്കു യോഗ്യത നേടി. ആദ്യന്തം ആവേശകരമായ ഫൈനലിൽ ഒന്നിനെതിരേ രണ്ടു ഗോളുകൾക്കു കരുനാഗപ്പള്ളിക്കാരനായ സച്ചിൻ ജോണ് നയിച്ച ഓസ്റ്റിൻ സ്ട്രൈക്കേഴ്സ് ജേതാക്കളായി വി.പി. സത്യൻ മെമ്മോറിയൽ എവർറോളിംഗ് ട്രോഫി സ്വന്തമാക്കി.
ആദ്യവർഷം ന്യൂയോർക്ക് ഐസ്ലാൻഡേഴ്സും കഴിഞ്ഞ രണ്ടുവർഷങ്ങളിലും ഫിലാഡൽഫിയയും ആയിരുന്നു ചാന്പ്യന്മാർ. 30 പ്ലസ് കാറ്റഗറിയിൽ ഡയമണ്ട് എഫ്സി കാനഡയും 45 പ്ലസ് കാറ്റഗറിയിൽ സ്ട്രൈക്കേഴ്സുമാണ് ജേതാക്കൾ. ഗോൾഡൻ ബൂട്ട്, ഗോൾഡൻ ഗ്ലൗ, പ്രോമിസിംഗ് പ്ലെയർ എന്നീ അവാർഡുകളും നൽകപ്പെട്ടു. ഡയമണ്ട് എഫ്സി ക്യാപ്റ്റൻ എറണാകുളംകാരനായ രാംകുമാറും സ്ട്രൈക്കേഴ്സ് ക്യാപ്റ്റൻ കൊല്ലംകാരനായ അജിത് വർഗീസുമായിരുന്നു.
വി.പി. സത്യൻ സ്മരണ
“പതിറ്റാണ്ടുകൾക്കുമുന്പ് അമേരിക്കയിലെത്തിയ ഞങ്ങളെപ്പോലുള്ളവർക്കു കാൽപന്തുകളി ഒരു ആവേശമാണ്. ഞങ്ങളുടെ മക്കളിൽ പലരുടെയും രക്തത്തിൽ ഫുട്ബോൾ അലിഞ്ഞുചേർന്നിട്ടുണ്ട്. അതിൽനിന്നാണ് ഇങ്ങനെയൊരു ഫുട്ബോൾ ടൂർണമെന്റ് എന്ന ആശയം ഉടലെടുത്തത്. ഞങ്ങളെ ഏറെ സ്വാധീനിച്ച വി.പി. സത്യന്റെ അകാലവിയോഗം അക്ഷരാർഥത്തിൽ ഞെട്ടിച്ചിരുന്നു. അർഹിക്കുന്ന അംഗീകാരവും പ്രോത്സാഹനവും ലഭിക്കാതെപോയ ആ ഫുട്ബോൾ ഇതിഹാസത്തിന്റെ പേരിൽത്തന്നെയാകട്ടെ ഈ ടൂർണമെന്റെന്നു കരുതി.
ഏകകണ്ഠമായാണ് കമ്മിറ്റി സത്യന്റെ പേര് തെരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ ഭാര്യ അനിതയുമായി സംസാരിച്ചപ്പോൾ അവർക്കു പൂർണസമ്മതം. അങ്ങനെയാണ് യുഎസിൽ ഇങ്ങനെയൊരു ടൂർണമെന്റ് തുടങ്ങിയത്’’, സംഘാടകരും ആദ്യ രണ്ടുതവണ പ്രസിഡന്റുമാരായിരുന്ന സാക്ക് മത്തായി ( സഖറിയാസ് മത്തായി), അജിത് വർഗീസ് എന്നിവർ പറഞ്ഞു. അപ്പനോ അമ്മയോ മലയാളികളായുള്ള ഏതൊരു അമേരിക്കൻ പൗരനും ടൂർണമെന്റിൽ കളിക്കാൻ അർഹതയുണ്ട്. 20 അംഗ സ്റ്റിയറിംഗ് കമ്മിറ്റിയാണ് നാംസെൽ നടത്തുന്നത്. മൂന്നാമത്തെ പ്രസിഡന്റ് ആശാന്തും ഇപ്പോഴത്തെ പ്രസിഡന്റ് മാത്യു വർഗീസുമാണ്. ആശിഷ് ആണ് സെക്രട്ടറി.
സെബി മാളിയേക്കൽ