അത്യപൂർവമായ ചിറകുമാറ്റിവെക്കൽ ശസ്ത്രക്രിയയിലൂടെ ഒരു മൊണാർക്ക് ശലഭത്തിന് പറക്കാനുള്ള കഴിവ് തിരികെ നൽകിയിരിക്കുകയാണ് ന്യൂയോർക്കിലെ ലോങ് ഐലൻഡിലുള്ള സ്വീറ്റ്ബ്രിയാർ നേച്ചർ സെന്ററിലെ രക്ഷാപ്രവർത്തകർ. കനിവും വൈദഗ്ധ്യവും ഒത്തുചേർന്ന ഈ അവിശ്വസനീയമായ സംഭവത്തിന്റെ വീഡിയോ, സാമൂഹിക മാധ്യമങ്ങളിൽ തരംഗമാവുകയും ലോകമെമ്പാടുമുള്ളവരുടെ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.
ചിറക് തകർന്ന് പറക്കാൻ സാധിക്കാതെ വന്ന ശലഭത്തെ ഒരാൾ നേച്ചർ സെന്ററിൽ എത്തിച്ചു. ചികിത്സ നൽകിയില്ലെങ്കിൽ അതിജീവിക്കാൻ സാധിക്കില്ലായിരുന്നു. ഈ സാഹചര്യത്തിലാണ് മരിച്ചുപോയ മറ്റൊരു ശലഭത്തിന്റെ ചിറക് ഉപയോഗിച്ച് ശസ്ത്രക്രിയ നടത്താൻ സെന്ററിലെ വൈൽഡ് ലൈഫ് റിഹാബിലിറ്റേഷൻ ഡയറക്ടറായ ജാനൈൻ ബെൻഡിക്സൺ തീരുമാനിച്ചത്.
“മരണപ്പെട്ട ഒരു ശലഭത്തിന്റെ ചിറകാണ് ഞങ്ങൾ ഇതിനായി ഉപയോഗിച്ചത്. തകർന്ന ചിറകിന് കൃത്യമായി യോജിക്കുന്ന വിധത്തിൽ അത് ശ്രദ്ധയോടെ ഒട്ടിച്ചു ചേർത്ത് ശസ്ത്രക്രിയ നടത്തി’യെന്ന് സെന്റർ അധികൃതർ വിശദീകരിച്ചു.
ശസ്ത്രക്രിയ പൂർത്തിയായ ശേഷം, മാറ്റി സ്ഥാപിച്ച ചിറകുമായി മൊണാർക്ക് ശലഭം പറന്നുയരുന്നത് വികാരനിർഭരമായ കാഴ്ചയായിരുന്നു. “ഇത്രയും ചെറിയ ഒരത്ഭുതത്തിന് ജീവിതത്തിലേക്കും അതിന്റെ യാത്ര പൂർത്തിയാക്കാനും വീണ്ടും അവസരം ലഭിക്കുന്നത് കണ്ടപ്പോൾ സന്തോഷം കൊണ്ട് കണ്ണുനിറഞ്ഞു’, രക്ഷാപ്രവർത്തകരിൽ ഒരാൾ കുറിച്ചു.