കോഴിക്കോട്: പേരാമ്പ്ര സംഘർഷത്തിൽ ഷാഫി പറമ്പിൽ എംപിക്കു നേരെ ലാത്തിച്ചാർജ് നടത്തിയിട്ടില്ലെന്ന എസ്പിയുടെ വാദം പൊളിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. ഷാഫിയെ ലാത്തി കൊണ്ട് പോലീസ് അടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നു.പോലീസ് ലാത്തി വീശിയില്ലെന്നും പ്രകോപിതരായ യുഡിഎഫ് പ്രവര്‍ത്തകരെ പിരിച്ചുവിടാൻ കണ്ണീര് വാതകമാണു പ്രയോഗിച്ചതെന്നുമാണ് പൊലീസിന്റെ ഭാഗത്തുനിന്ന് ഇന്നലെയുണ്ടായ വിശദീകരണം.
അതിനിടയിലായിരിക്കാം ഷാഫിക്ക് പരിക്കേറ്റതെന്നായിരുന്നു പോലീസ് പറഞ്ഞത്. എന്നാൽ അതിന് കടകവിരുദ്ധമായ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പിന്നിൽ നിൽക്കുന്ന പോലീസ് ഉദ്യോഗസ്ഥനാണ് ഷാഫിക്കുനേരേ ലാത്തി വീശുന്നതെന്നു ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.
ഷാഫിയുടെ തലയുടെ ഒരു ഭാഗത്തും മൂക്കിനും പരിക്കേറ്റിരുന്നു. പേരാമ്പ്രയിൽ നടന്നത് പോലീസ് നരനായാട്ടെന്ന് കോണ്‍ഗ്രസ് നേതാവ് എം.കെ. രാഘവൻ എംപി പ്രതികരിച്ചു. കേരളത്തിൽ പോലീസ് രാജ് അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
പേരാമ്പ്ര ഗവ. സികെജി കോളജിലെ യൂണിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളാണ് ഷാഫി പറമ്പിൽ എംപി ഉൾപ്പെടെയുള്ളവർക്ക് പരിക്കേൽക്കുന്ന തരത്തിലുള്ള സംഘർഷത്തിലേക്ക് എത്തിയത്.അതേസമയം സംസ്ഥാനത്ത് വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുകയാണ്.
കോഴിക്കോട് ഐജി ഓഫീസിലേക്ക് ഇന്ന് മാര്‍ച്ച് നടത്തുമെന്ന് പ്രവര്‍ത്തകര്‍ അറിയിച്ചിട്ടുണ്ട്. വന്‍ പോലീസ് സന്നാഹമാണു സ്ഥലത്തുള്ളത്. അതേസമയം കോഴിക്കോട് ബേബിമെമ്മോറിയല്‍ ആശുപത്രിയില്‍ കഴിയുന്ന ഷാഫി പറമ്പില്‍ എംഎല്‍എയുടെ മൂക്കിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി.
രണ്ട് പൊട്ടലാണ് ഉള്ളത്. മൂന്നുമണിക്കൂര്‍ എടുത്തിട്ടാണ് ശസ്ത്രക്രിയ പ ൂര്ത്തിയായത്.രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഉള്‍പ്പെടെയുള്ളവര്‍ അദ്ദേഹത്തെ സന്ദര്‍ശിച്ചു.