കായംകുളം: ആൾക്കൂട്ട കൊലപാതകക്കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിൽ. ഒളിവിലായിരുന്ന ഒന്നാം പ്രതി രതീഷ്, രണ്ടാം പ്രതി അശ്വിൻ, ആറാം പ്രതി ശ്രീനാഥ് എന്നിവരെ പിടികൂടി. സാഹസികമായാണ് പോലീസ് ഇവരെ പിടികൂടിയത്. കൊല്ലപ്പെട്ട സജി പണയംവച്ച സ്വർണച്ചെയിൻ പോലീസ് കണ്ടെടുത്തു.
രണ്ടരവയസുകാരിയുടെ സ്വർണാഭരണം കാണാതായതിനെത്തുടർന്ന് മോഷണക്കുറ്റം ആരോപിച്ച് ആൾക്കൂട്ടത്തിന്റെ ക്രൂരമർദനത്തിനിരയായ ചേരാവള്ളി കോയിക്കൽ കിഴക്കതിൽ താമസിക്കുന്ന തിരുവനന്തപുരം കാരക്കോണം കുന്നത്ത് കോയിക്ക പടീറ്റതിൽ സജി (ഷിബു-50) ആണ് കഴിഞ്ഞ ദിവസം മരിച്ചത്.
ഇദ്ദേഹം താമസിക്കുന്ന വീടിനു സമീപത്തെ രണ്ടു വയസുള്ള കുട്ടിയുടെ സ്വർണച്ചെയിൻ കാണാതായതിനെത്തുടർന്നാണ് കുട്ടിയുടെ പിതാവും ബന്ധുക്കളും അയൽവാസികളും ഉൾപ്പെടെ ആറുപേർ ചേർന്ന് മധ്യവയസ്കനെ ക്രൂരമായി മർദിച്ചത്.
സംഭവുമായി ബന്ധപ്പെട്ട് കായംകുളം ചേരാവള്ളി കുന്നത്ത് കോയിക്കൽ പടീറ്റതിൽ വിഷ്ണു (30), ഭാര്യ അഞ്ജന (ചിഞ്ചു -28 ), വിഷ്ണുവിന്റെ മാതാവ് കനി (51) എന്നിവരെ ആദ്യം കായംകുളം പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. മർദനമേറ്റ് കുഴഞ്ഞുവീണ സജിയെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കൽ കോളജിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

