പത്തനംതിട്ട: ശബരിമല സ്വര്ണത്തട്ടിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി ജസ്റ്റീസ് കെ.ടി. ശങ്കരന്റെ നേതൃത്വത്തിലുള്ള സംഘം ശബരിമല സന്നിധാനത്ത് പരിശോധന തുടരുന്നു.അറ്റകുറ്റപ്പണികള്ക്കുശേഷം കഴിഞ്ഞയിടെ എത്തിച്ച ദ്വാരപാലക ശില്പപാളികളടക്കം സംഘം പരിശോധിച്ചു.
സ്വര്ണം പൂശുന്നതിനായി ഹൈദരാബാദിലേക്ക് കൊണ്ടുപോയി തിരികെ കൊണ്ടുവന്ന ദ്വാരപാലക ശില്പ പാളികള് ഡ്യൂപ്ലിക്കേറ്റാണെന്ന സംശയം വിജിലന്സ് റിപ്പോര്ട്ടിലുണ്ടായിരുന്നു.ഇതു സംബന്ധിച്ച് അമിക്കസ് ക്യൂറി വിശദമായ അന്വേഷണം നടത്തി.
39 ദിവസങ്ങള്ക്കുശേഷമാണ് ശബരിമലയില് നിന്നു കൊണ്ടുപോയ ദ്വാരപാലക ശില്പ പാളികള് തിരികെ എത്തിച്ചത്. ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലെത്തിച്ചശേഷമാണ് ഉണ്ണിക്കൃഷ്ണന് പോറ്റി പാളികള് ചെന്നൈയിലെത്തിച്ചതെന്ന് പറയുന്നു.
പാളികളില് സ്വര്ണം പൂശിയ ചെന്നൈ സ്മാര്ട്ട്സ് ക്രിയേഷന് അധികൃതരെയും ഇന്നലെ സന്നിധാനത്തു വിളിച്ചുവരുത്തിയിരുന്നു. ചെമ്പ് പാളികളിലാണ് തങ്ങള് സ്വര്ണം പൂശിയതെന്ന് പറയുന്നു. ഇവരുടെ മൊഴിയെ സംബന്ധിച്ചും അന്വേഷണം നടക്കുന്നു.
വിജിലന്സിന്റെ പ്രാഥമികാന്വേഷണത്തില് 4.5 കിലോഗ്രാം സ്വര്ണമാണ് ദ്വാരപാലക ശില്പ പാളികളില് കുറവുണ്ടായത്. 2019ലേക്ക് പുറത്തേക്കു കൊണ്ടുപോയ സ്വര്ണപ്പാളികള് സംബന്ധിച്ച കൃത്യമായ വിവരശേഖരണത്തിനാണ് എസ്എടിയും ശ്രമിക്കുന്നത്. തനി തങ്കമായിരുന്ന സ്വര്ണപ്പാളികള് ചെമ്പായതെങ്ങനെയെന്നതുള്പ്പെടെ കാര്യങ്ങള് കണ്ടെത്തേണ്ടതുണ്ട്.
അമിക്കസ് ക്യൂറിയുടെ പരിശോധന ഇന്നലെ പൂര്ത്തിയാകുമെന്നു പ്രതീക്ഷിച്ചെങ്കിലും സംഘം ഇന്നും സന്നിധാനത്തുണ്ടാകും. ഇവിടുത്തെ പരിശോധന പൂര്ത്തിയാക്കിയശേഷമാകും ആറന്മുളയിലേക്ക് സംഘം എത്തുക.ഇതിനിടെ, ശബരിമല സ്വര്ണതട്ടിപ്പ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘവും ഇന്നലെ ശബരിമല സന്നിധാനതെത്തി. വിവാദവുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകള് സംഘത്തിന് ദേവസ്വം വിജിലന്സ് കൈമാറി.