പത്തനംതിട്ട: ശബരിമലയില്‍ നിന്ന് അയ്യപ്പന്റെ യോഗദണ്ഡ് പുറത്തേക്കു കൊണ്ടുപോയി എന്ന തരത്തിലുള്ള ആരോപണം ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ പത്മകുമാര്‍ തള്ളി. തന്റെ മകന്റെ സമര്‍പ്പണമായി യോഗദണ്ഡില്‍ സ്വര്‍ണം പൂശി നല്‍കുകയായിരുന്നു. ഇത് വിജിലന്‍സ് അടക്കം ശബരിമലയിലെ ചുമതലക്കാരുടെ സാന്നിധ്യത്തിലാണ് നടന്നത്.
സന്നിധാനത്ത് യോഗദണ്ഡില്‍ സ്വര്‍ണം ഉപയോഗിച്ച് അറ്റകുറ്റപ്പണി നടത്തുന്ന ചിത്രവും അദ്ദേഹം പുറത്തു വിട്ടു. ഇതോടെ യോഗദണ്ഡ് രുദ്രാക്ഷമാല വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാര്‍ തന്റെ വാദം ഉറപ്പിക്കുകയാണ്.
അയ്യപ്പ സ്വാമിയുടെ യോഗദണ്ഡ് സ്വര്‍ണം കെട്ടിയതും വെള്ളി കെട്ടിയ രുദ്രാക്ഷമാല കഴുകി വൃത്തിയാക്കിയതും മോടി കുട്ടിയതും സന്നിധാനം ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കില്‍ വച്ചാണ് എന്നാണ് അദ്ദേഹത്തിന്റെ വിശദീകരണം.
കോഴഞ്ചേരി ടൗണിലുള്ള പമ്പാ ജ്വല്ലറി ഉടമ അശോകിന്റെ നേതൃത്വത്തില്‍ ആയിരുന്നു പണികള്‍ നടന്നത്.
ഇവ വൃത്തിയാക്കുമ്പോള്‍ ദേവസ്വം വിജിലന്‍സ് വിഭാഗം ഉദ്യോഗസ്ഥന് അനിലും മറ്റു ഉദ്യോഗസ്ഥരും പണിക്കാരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും സമീപത്ത് നില്ക്കുന്ന ചിത്രമാണ് പുറത്തുവന്നത്.
നിര്‍മാണ പ്രവൃത്തികള്‍ക്കായുള്ള സ്വര്‍ണം മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ മകന് അരുണിന്റെ പേരില്‍ എ. പത്മകുമാറാണ് തന്നതെന്നും അത് ഉപയോഗിച്ച് ഭഗവാന്റെ പതിനെട്ട് പടികളെ സങ്കല്‍പ്പിച്ച് 18 ചുറ്റുകളായിട്ടാണ് സ്വര്‍ണം പൊതിഞ്ഞതെന്നും വിശദീകരണമുണ്ട്.
യോഗദണ്ഡിലെ അഴിച്ചെടുത്ത പൊട്ടിയ സ്വര്‍ണപ്പാളികള്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അപ്പോള്‍ത്തന്നെ കൈമാറിയതായും അശോകന് പറയുന്നു.