മുംബൈ: 1988ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്ത ബി. ആർ. ചോപ്രയുടെ മെഗാ ടെലിവിഷൻ പരന്പര മഹാഭാരതത്തിൽ കർണനായും ചന്ദ്രകാന്ത മെഗാസീരിയിലിൽ രാജാ ശിവദത്തുമായി വേഷമിട്ട പ്രമുഖ നടൻ പങ്കജ് ധീർ (86) അന്തരിച്ചു.
അർബുദരോഗത്തിനു ചികിത്സയിലായിരുന്നു. മൃതദേഹം മുംബൈ സാന്താക്രൂസ് പവൻഹാൻസ് ശ്മശാനത്തിൽ സംസ്കരിച്ചു. 1980കളിൽ സിനിമകളിൽ ഹ്രസ്വവേഷങ്ങൾ ചെയ്തുകൊണ്ടായിരുന്നു പഞ്ചാബ് സ്വദേശിയായ പങ്കജിന്റെ അരങ്ങേറ്റം. 1988ലാണ് ബി.ആർ. ചോപ്ര മഹാഭാരതം സീരിയലിലേക്ക് പങ്കജിനെ ക്ഷണിക്കുന്നത്.
1988 ഒക്ടോബർ 2 മുതൽ 1990 ജൂൺ 24 വരെ 94 എപ്പിസോഡുകളായാണ് മഹാഭാരതം സംപ്രേഷണം ചെയ്യപ്പെട്ടത്. 1994 മുതൽ 96 വരെ ദൂരദർശൻ സംപ്രേഷണം ചെയ്ത ചന്ദ്രകാന്തയിൽ ചുനർഗഡിലെ ചക്രവർത്തിയായ ശിവദത്ത് എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചു.