കൊച്ചി: സംസ്ഥാന പട്ടികവര്‍ഗ വികസന വകുപ്പിലെ കരാര്‍ ജീവനക്കാരികള്‍ക്ക് പ്രസവാവധി നല്‍കുന്നില്ലെന്ന് ആക്ഷേപം. പ്രൊമോട്ടേഴ്സ്. സാമൂഹ്യ പഠന മുറി അധ്യാപകര്‍, മെന്റര്‍മാര്‍ എന്നിവരാണ് ഇതുമൂലം ദുരിതത്തിലായിരിക്കുന്നത്.
സര്‍ക്കാര്‍ സര്‍വീസിലെ എല്ലാ കരാര്‍ ജീവനക്കാര്‍ക്കും മുഴുവന്‍ ശമ്പളത്തോടെ 180 ദിവസം പ്രസവാവധി അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കിയിട്ടുള്ളതാണ്.
മെഡിക്കല്‍ ഓഫിസര്‍ നിശ്ചയിക്കുന്ന പ്രസവ തീയതിക്കു മൂന്നാഴ്ച മുമ്പു മുതലാകും അവധി ലഭിക്കുക എന്നും ഉത്തരവിലുണ്ട്. എന്നാല്‍ ഇതൊന്നും ബാധമല്ലാത്ത രീതിയിലാണ് പട്ടിക വര്‍ഗ വികസന വകുപ്പ് കരാര്‍ ജീവനക്കാരികളോട് പെരുമാറുന്നതെന്നാണ് ആക്ഷേപം.
ദിവസ വേതനാടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് കരാര്‍ അടിസ്ഥാനത്തില്‍ ജീവനക്കാരികളെ നിയമിക്കുന്നത്. ഒരു വര്‍ഷം മാത്രം ജോലി കൊടുക്കുന്നതുകൊണ്ടാണ് ഇവര്‍ക്ക് ആറു മാസം ലീവ് നല്കാന് ബുദ്ധിമുട്ട് ഉണ്ടാകുന്നതെന്നാണ് അധികൃതര്‍ പറയുന്നത്.
ലീവിന് അപേക്ഷ നല്‍കിയവര്‍ക്ക് ലീവ് കിട്ടാതെ വരുന്നതോടെ പലരും ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാകുന്നുണ്ട്. പ്രസവം പോലുള്ള കാര്യങ്ങള്‍ മാനുഷിക പരിഗണന അര്ഹിക്കുന്നതല്ലേയെന്നാണ് കരാര്‍ ജീവനക്കാരികള്‍ ചോദിക്കുന്നത്.

