മലയാള സിനിമയിൽ ഉൾപ്പെടെ അഭിനയിച്ചു തകർത്ത അമല എന്ന യുവസുന്ദരിയുടെ മുഖം കണ്ട പലർക്കും വർഷങ്ങൾക്കുമുൻപേ തോന്നിയ ഒരു സംശയമുണ്ട്. അവർക്ക് ഒരു ഇന്ത്യക്കാരിയുടെ ഛായയെക്കാൾ കൂടുതൽ ഒരു വിദേശിയുടെ ലുക്കാണ്. ആ തോന്നൽ സത്യമായിരുന്നു. ആ നായിക പിറന്നത് ഇന്ത്യക്കാരനായ പിതാവിനും അയർലൻഡ് സ്വദേശിനിയായ അമ്മയ്ക്കുമാണ്.
പിൽക്കാലത്ത് പ്രമുഖ തെന്നിന്ത്യൻ നായകൻ നാഗാർജുനയുടെ ഭാര്യയായി. വർഷങ്ങൾക്കുശേഷം തന്റെ ജീവിതത്തിലെ ചർച്ച ചെയ്യപ്പെടാത്തൊരു കാര്യം അവർ തുറന്നു പറഞ്ഞിരിക്കുകയാണ്. വികടൻ എന്ന യൂട്യൂബ് ചാനലിലെ അഭിമുഖത്തിലാണ് അമല അക്കിനേനിയുടെ വെളിപ്പെടുത്തൽ. “എന്റെ അച്ഛനമ്മമാർ വിവാഹമോചിതരായവരാണ്. അച്ഛൻ മറ്റൊരു വിവാഹം ചെയ്തു.
അമ്മ നെതർലൻഡ്കാരിയാണ്. നേവി ഉദ്യോഗസ്ഥനായിരുന്നു പിതാവ്. ഉത്തർപ്രദേശിലാണ് ഞാൻ പഠിച്ചുംവളർന്നതും. വിവാഹമോചനം നടന്നുവെങ്കിലും അമ്മയെ ഞാൻ കൂടെക്കൂടി. അമ്മയെ നോക്കണം എന്ന ബോധ്യം എന്റെ മനസിലുണ്ട്. അമ്മ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്. ഇപ്പോൾ എനിക്കും ഭർത്താവ് നാഗാർജുനയ്ക്കും ഒപ്പമാണ് അമ്മയുടെ ജീവിതം. അമ്മയ്ക്ക് ഇപ്പോൾ 88 വയസ് പ്രായമുണ്ട്.
ഒട്ടേറെ വസ്തുവകകൾ സ്വന്തമായുണ്ടെങ്കിലും, അമ്മയ്ക്കായൊരു വീട് നിർമിച്ചു നൽകിയത് ഏറെ സന്തോഷം പകരുന്നതായിരുന്നു. ഇപ്പോൾ അച്ഛനെയും അമ്മയേയും ഞാൻ പരിപാലിക്കുന്നു. അച്ഛൻ ഉത്തരാഖണ്ഡിൽ ഹിമാലയത്തിലാണുള്ളത്. പോയാൽ പത്തു ദിവസം അവിടെ ചെലവഴിച്ച ശേഷം മാത്രമേ ഞാൻ മടങ്ങൂ. അവിടെ ഒരു കെയർടേക്കറുമുണ്ട് ”- അമല പറഞ്ഞു.
എന്റെ സൂര്യപുത്രിക്ക് എന്ന സിനിമയിൽ നായികയായി അഭിനയിച്ച താന്തോന്നിപ്പെണ്ണിനെ കണ്ട അന്നത്തെ സാമൂഹിക ചുറ്റുപാടിലെ പ്രേക്ഷകർ പലരും നെറ്റിചുളിച്ചു. അത്രയേറെ തന്റേടമുള്ള പെൺകുട്ടിയായാണ് മായ വിനോദിനി എന്ന കഥാപാത്രത്തെ അമല അവതരിപ്പിച്ചത്. ശ്രീവിദ്യയുടെ വസുന്ധരാ ദേവി എന്ന കഥാപാത്രത്തിന്റെ മകളായാണ് അമല വേഷമിട്ടത്. അച്ഛനും അമ്മയും ആരെന്നറിയാതെ വളരേണ്ടി വരുന്ന ഒരു യുവതിയുടെ മാനസിക സംഘർങ്ങളും ജീവിതവും ഒപ്പിയെടുത്ത ചിത്രമായിരുന്നു അത്.
മലയാളത്തിൽ വളരെ കുറച്ചു സിനിമകളിൽ മാത്രമേ അമല അഭിനയിച്ചിട്ടുള്ളൂ. എന്റെ സൂര്യപുത്രിക്കു ശേഷം ഉള്ളടക്കം എന്ന സിനിമയിൽ മോഹൻലാലിനൊപ്പം അഭിനയിച്ചുവെങ്കിലും, ശോഭനയായിരുന്നു മോഹൻലാലിന്റെ നായിക. അതിനു ശേഷം 2017-ൽ കെയർ ഓഫ് സൈറ ഭാനു എന്ന ചിത്രത്തിലും അമല അഭിനയിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിൽ അമല അക്കിനേനി വേഷമിട്ടിട്ടുണ്ട്.

