ന്യൂഡൽഹി: നൂറാം വാർഷികം ആഘോഷിക്കുകയാണ് ഇന്ത്യൻ ഹോക്കി ഫെഡറേഷൻ. ഇന്ത്യ ആദ്യമായി ലോകചാന്പ്യൻമാരായിട്ട് അന്‍പതു വർഷവുമായി. 1975 മാർച്ച് 15, അതായിരുന്നു ആ സുദിനം. പാക്കിസ്ഥാനെ തോൽപ്പിച്ച് ഇന്ത്യ ചരിത്രത്തിലാദ്യമായി ലോക ചാന്പ്യൻമാരായി. ഇന്ത്യൻ ഹോക്കിക്ക് രോമാഞ്ചമുണർത്തുന്ന ഓർമയാണ് ക്വാലാലംപുരിൽ നടന്ന ആ ഫൈനൽ.
അതേസമയം ഹോക്കിയിൽ ഇന്ത്യയുടെ തുടക്കം ബ്രിട്ടന്റെ മണ്ണിൽ വിജയക്കൊടി പാറിച്ചുകൊണ്ടായിരുന്നു. 1925 നവംബർ ഏഴിനായിരുന്നു മധ്യപ്രദേശിലെ ഗ്വാളിയറിൽ ഇന്ത്യൻ ഹോക്കി ഫെഡറേഷന്റെ തുടക്കം. ഫെഡറേഷന്റെ രൂപീകരണത്തോടെയാണ് ഹോക്കി ജനകീയമായത്. എഫ്ഐഎച്ചിൽ പങ്കെടുക്കുന്ന ആദ്യ നോണ്‍ യൂറോപ്യൻ രാജ്യമാണ് ഇന്ത്യ.
100-ാം പിറന്നാള്‍
ഇന്ത്യൻ ഹോക്കിയുടെ 100-ാം പിറന്നാളിനോട് അനുബന്ധിച്ച് 1400ൽ അധികം ഹോക്കി മത്സരങ്ങൾ സംഘടിപ്പിക്കുമെന്ന് കേന്ദ്ര കായിക മന്ത്രി മൻസുഖ് മാണ്ഡവ്യ വ്യക്തമാക്കിയിരുന്നു. രാജ്യത്തിന്റെ ഹോക്കി പാരന്പര്യം വ്യക്തമാക്കുന്ന ഹോക്കി ഇന്ത്യ 100 മ്യൂസിയവും പ്രത്യേക സുവനീറും പുറത്തിറക്കുമെന്ന് ഹോക്കി ഇന്ത്യ പ്രസിഡന്റ് ദിലീപ് ടിർക്കി, സെക്രട്ടറി ജനറൽ ഭോല നാഥ് സിങ് എന്നിവരും പറഞ്ഞു.
ഒളിന്പിക്സ് സ്വർണം
ഫെഡറേഷൻ രൂപീകരിച്ചതിനു ശേഷം നടന്ന 1928ലെ ആംസ്റ്റർഡാം ഒളിന്പിക്സിലാണ് ഇന്ത്യആദ്യമായി മത്സരിക്കുന്നതും സ്വർണം നേടുന്നതും. 1928 മുതൽ 1964 വരെ നടന്ന എട്ട് ഒളിന്പിക്സുകളിൽ നിന്ന് ഇന്ത്യ ഏഴ് സ്വർണം നേടി.
നോക്കാൻ ആളില്ല
1980 മുതൽ ഇന്ത്യൻ ഹോക്കി തളർന്നു തുടങ്ങി. നീണ്ട കാലഘട്ടത്തിനു ശേഷം പുരുഷ ഹോക്കി ടീം ചരിത്രത്തിലാദ്യമായി 2008ൽ ഒളിന്പിക്സ് കാണാതെ പുറത്തായി. 2002ലെ കോമണ്‍വെൽത്ത് ഗെയിംസിനും യോഗ്യത നേടിയില്ല. ഇന്ത്യൻ ഹോക്കി ഫെഡറേഷനിലും അഴിമതി നുഴഞ്ഞുകയറി. 2014ൽ ഫെഡറേഷനെ പിരിച്ചുവിട്ടു. പകരം ഹോക്കി ഇന്ത്യയെ ഇന്ത്യൻ ഹോക്കിയുടെ ഭരണകേന്ദ്രമായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
വനിത ഹോക്കി
1974ൽ നടന്ന വനിതാ ഹോക്കി ലോകകപ്പിലാണ് ഇന്ത്യ ആദ്യമായി രാജ്യാന്തര വേദിയിൽ മത്സരത്തിനിറങ്ങിയത്. നാലാം സ്ഥാനം നേടി വനിതകൾ വരവറിയിച്ചു. 1982 ഏഷ്യൻ ഗെയിംസിലാണ് ഇന്ത്യൻ വനിതാ ടീം ആദ്യ സ്വർണം നേടുന്നത്.

