ഏറ്റുമാനൂർ: ഒരു ജീവൻ പൊലിഞ്ഞിട്ടും ഓൾഡ് എംസി റോഡിലെ സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലിന് അവസാനമില്ല. പാറോലിക്കലിനും ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിനുമിടയിലാണ് സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ. അപകട വളവുകളുള്ള ഈ ഭാഗത്ത് റോഡിനു തീർത്തും വീതികുറവാണ്.
അമിതവേഗത്തിൽ പായുന്ന ബസുകളിൽനിന്ന് കാൽനടയാത്രക്കാരും ഇരുചക്ര വാഹനങ്ങളിൽ സഞ്ചരിക്കുന്നവരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.കഴിഞ്ഞ 18നാണ് വീതികുറഞ്ഞ വളവിൽ വച്ച് സ്കൂട്ടറിൽ ബസിടിച്ച് സ്കൂട്ടർ യാത്രികനായ വെട്ടിമുകൾ കൈതയ്ക്കൽ എബിൻ ചാക്കോ (25) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ എബിൻ ഒരാഴ്ചയോളം സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു.
കഴിഞ്ഞ മാർച്ച് 16ന് സ്വകാര്യ ബസിന്റെ വേഗപ്പാച്ചിലിനിടെ അപകടത്തിൽനിന്ന് അദ്ഭുതകരമായി രക്ഷപ്പെട്ട യുവാവ് ബസിനെ പിന്തുടർന്ന് ബസ് സ്റ്റാൻഡിലെത്തി ചോദ്യം ചെയ്തതിനെത്തുടർന്ന് പോലീസിന്റെ ക്രൂര മർദനത്തിന് ഇരയായ സംഭവം വിവാദമായിരുന്നു.
ഓൾഡ് എംസി റോഡിൽ സ്വകാര്യ ബസുകളുടെ അമിതവേഗത്തിനെതിരേ നിരന്തരം പരാതികൾ ഉയർന്നിട്ടും ബസുകളെ നിയന്ത്രിക്കാൻ അധികൃതർ തയാറാകുന്നില്ല.
മാർച്ച് 16നുണ്ടായ സംഭവത്തിൽ അപകടത്തിൽനിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട യുവാവിനെ മർദിച്ചതിനു പുറമെ അയാൾക്കെതിരേ കാപ്പ ചുമത്താനുള്ള ശ്രമമാണ് പോലീസിന്റെ ഭാഗത്തുനിന്നുണ്ടായത്.ഓൾഡ് എംസി റോഡിലൂടെ സർവീസ് നടത്താൻ സ്വകാര്യ ബസുകൾക്ക് പെർമിറ്റ് ഇല്ല. എന്നിട്ടും ഇതുവഴി അപകടകരമായി സർവീസ് നടത്തുന്ന ബസുകളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന വകുപ്പോ പോലീസോ നഗരസഭാധികൃതരോ തയാറാകുന്നില്ല.

