ഇരിട്ടി: അയ്യൻകുന്ന് പഞ്ചായത്തിലെ പാറക്കാമലയിൽ വന്യജീവി വളർത്തുനായയെ കടിച്ചുകൊന്നു. ഇന്ന് പുലർച്ചയാണ് സംഭവം. ഷിബു മുട്ടനോലിയുടെ വീട്ടുമുറ്റത്ത് കെട്ടിയിട്ടിരുന്ന നായയെയാണ് വന്യജീവി ആക്രമിച്ചത്. നായയുടെ കരച്ചിൽ കേട്ട് വീട്ടുകാർ വീടിനു പുറത്തിറങ്ങിയപ്പോൾ വന്യമൃഗം നായയെ ഉപേക്ഷിച്ച് ഓടി മറഞ്ഞെന്ന് ഷിബു പറഞ്ഞു.
മേഖലയിൽ വന്യജീവിയുടെ സാന്നിധ്യം ഉണ്ടെന്നും കടുവയാണെന്നുമാണു പ്രദേശവാസികൾ പറയുന്നത്. ഒരാഴ്ചയ്ക്കുള്ളിൽ രണ്ടാമത്തെ വളർത്തുമൃഗത്തെയാണ് വന്യജീവി പിടികൂടുന്നത്. ഏതാനും ദിവസങ്ങൾക്കു മുന്പാണ് പശുവിനെ വന്യജീവി ആക്രമിച്ചുകൊന്നത്. പശുവിനെ കാണാതെ അന്വേഷിച്ചപ്പോഴാണ് വന്യജീവി പകുതി ഭക്ഷിച്ചനിലയിൽ പശുവിന്റെ ജഡം കണ്ടെത്തിയത്.
വന്യജീവിയുടെ സാന്നിധ്യം സ്ഥിരമായതോടെ പ്രദേശത്തെ താമസക്കാർ ആശങ്കയിലായിരിക്കുകയാണ്. വനംവകുപ്പ് അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. അയ്യൻകുന്ന് പഞ്ചായത്തിന്റെ വനമേഖലയോട് ചേർന്ന പ്രദേശങ്ങളിൽ വന്യജീവിസാന്നിധ്യം പതിവാണ്.
താമസക്കാർ പലപ്പോഴും വന്യജീവികളെ കാണാറുണ്ട്. സ്വകാര്യ വ്യക്തികൾ വാങ്ങിയിട്ടിരിക്കുന്ന ഏക്കറുകണക്കിന് വരുന്ന സ്ഥലങ്ങൾ വനത്തിന് സമാനമായി കാടുപിടിച്ചതോടെയാണ് വന്യമൃഗങ്ങൾ ഇവിടേക്ക് എത്തുന്നതെന്നാണു പ്രദേശവാസികൾ പറയുന്നത്. വനം വകുപ്പിൽ പരാതി നൽകിയിട്ടും യാതൊരു ഫലവും ഇല്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം.

