ചെന്നൈ: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തിലെ വന്പൻ താര കൈമാറ്റം യാഥാർഥ്യത്തിലേക്കോ? രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണ് 2026 സീസണ് മുതൽ ചെന്നൈ സൂപ്പർ കിംഗ്സിന്റെ ഭാഗമാകുമെന്ന റിപ്പോർട്ട് നിരവധി ചർച്ചകൾക്കു വഴിവച്ചു. സ്വാപ്പ് ഡീലിന്റെ ഭാഗമായി സഞ്ജു സാംസണു പകരമായി രവീന്ദ്ര ജഡേജ, സാം കറൻ എന്നിവരെ രാജസ്ഥാനു കൈമാറുമെന്നാണ് റിപ്പോർട്ട്.
ധോണിക്കു പിൻഗാമി!
മഹേന്ദ്ര സിംഗ് ധോണിക്ക് പകരക്കാരനായാണ് സഞ്ജുവിനെ ചെന്നൈ ലക്ഷ്യമിടുന്നത്. ഐപിഎൽ കരിയർ അവസാനഘട്ടത്തിലെത്തിയ ധോണി എത്രകാലം ചെന്നൈ ടീമിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തതയില്ല. ധോണിക്ക് പകരം മറ്റൊരു വിക്കറ്റ് കീപ്പറും ശക്തനായ ബാറ്റുമെന്ന ഓപ്ഷനാണ് സഞ്ജുവിലൂടെ ചെന്നൈ ലക്ഷ്യമിടുന്നത്.
മാത്രവുമല്ല ക്യാപ്റ്റൻസി തലവേദനയും സഞ്ജുവിലൂടെ അവസാനിക്കും. എന്നാൽ, ചെന്നൈയുടെ ഏറ്റവും പ്രിയപ്പെട്ട കളിക്കാരിൽ ഒരാളായ രവീന്ദ്ര ജഡേജയുടെ നഷ്ടം ആരാധകരിൽ വൈകാരിക പ്രതികരണങ്ങൾക്ക് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ദ്രുതനീക്കം
സഞ്ജുവിനെ കൈമാറുന്ന കാര്യത്തിൽ രാജസ്ഥാൻ റോയൽസ് ടീം മാനേജ്മെന്റും ചെന്നൈ സൂപ്പർ കിംഗ്സും തമ്മിലുള്ള ചർച്ച അന്തിമഘട്ടത്തിലായിരുന്നു. ആദ്യ ഘട്ടത്തിൽ സഞ്ജു ട്രാൻസ്ഫറിന് താല്പര്യമില്ലെന്ന നിലപാട് ടീം മാനേജ്മെന്റിനെ അറിയിച്ചു.
ഇത് അംഗീകരിച്ച രാജസ്ഥാൻ ഫ്രാഞ്ചൈസി അനുകൂല നിലപാട് എടുത്തിരുന്നു. എന്നാൽ, ദ്രുതഗതിയിൽ കാര്യങ്ങൾ മാറി. കഴിഞ്ഞ ദിവസങ്ങളിലായി ട്രാൻസ്ഫർ ചർച്ച വീണ്ടും സജീവമായി.
രവീന്ദ്ര ജഡേജ, ദക്ഷിണാഫ്രിക്കൻ യുവതാരം ഡെവാൾഡ് ബ്രെവിസ് എന്നിവരെയാണ് സഞ്ജുവിനു പകരം രാജസ്ഥാൻ ചോദിച്ചത്. ഇതിനിടെ ട്രേഡിംഗിന് ജഡേജയ്ക്കു താൽപര്യമില്ലെന്ന റിപ്പോർട്ടും വന്നിരുന്നു.

