ഇരിട്ടി: ആറളം ഫാമിൽ ചെത്തുതൊഴിലാളിയെ കാട്ടുകൊമ്പൻ ഓടിച്ചു. തൊഴിലാളിയായ കാക്കയങ്ങാട് പാറക്കണ്ടം സ്വദേശി സിനേഷ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ഇന്ന് പുലർച്ചെ 6.15 ഓടെ ആറളം ഫാം ബ്ലോക്ക് ഒന്നിലായിരുന്നു സംഭവം. പുലർച്ചെ ബ്ലോക്ക് അഞ്ചിലെ ജോലി സ്ഥലത്തേക്കു പോകുമ്പോളായിരുന്നു ആന സിനേഷിന്റെ വാഹനത്തിനുനേരേ തിരിഞ്ഞത്.
ബ്ലോക്ക് ഒന്നിൽ എത്തിയപ്പോൾ കൊമ്പൻ വഴിമുറിച്ചുകടക്കുന്നതുകണ്ട് സിനേഷ് ബൈക്ക് ദൂരെ നിർത്തി ആന കടന്നുപോകാനായി കാത്തുനിന്നു. ആന റോഡ് മുറിച്ചുകടന്ന് കാടിനുള്ളിലേക്കുകയറി എന്ന് ഉറപ്പിച്ചശേഷം മൊബൈൽ ഓണാക്കി വീഡിയോ എടുത്തുകൊണ്ട് വാഹനം മുൻപോട്ട് എടുത്തുവന്ന സിനേഷിനുനേരേ ആന തിരിയുകയായിരുന്നു.
ചിന്നം വിളിച്ച് കൊമ്പൻ അക്രമാസക്തനായി വാഹനത്തിനു നേരേ പാഞ്ഞടുക്കുന്നതു സിനേഷ് പകർത്തിയ വീഡിയോയിൽ കാണാൻ കഴിയും. ആന പാഞ്ഞെടുത്തപ്പോൾ ആത്മസംയമനം വിടാതെ വാഹനം വേഗത്തിൽ ഓടിച്ചുപോയതിനാൽ വലിയ ദുരന്തം ഒഴിവാക്കി. ആന ഓടിച്ച ദൃശ്യം സിനേഷ് തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.
ഈ സമയം മറ്റ് യാത്രക്കാർ ഇല്ലാതിരുന്നതും വൻ ദുരന്തം ഒഴിവാക്കി . രണ്ട് വർഷം മുൻപ് സിനേഷിനെ ബ്ലോക്ക് അഞ്ചിൽ വച്ച് ആന ഓടിച്ചിരുന്നു. ഫാമിനുള്ളിലെ മൺറോഡിൽ വച്ചായിരുന്നു അന്നത്തെ ആക്രമണം. ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ട സിനേഷിന്റെ പിന്നാലെ ഏറെദൂരം കാട്ടാന പിന്തുടർന്നിരുന്നു.

