ലൈപ്സിഗ്/ആംസ്റ്റര്‍ഡാം: ഫിഫ 2026 ലോകകപ്പ് ഫുട്ബോളിന്റെ യൂറോപ്യന്‍ യോഗ്യത കടന്ന് ജര്‍മനിയും നെതര്‍ലന്‍ഡ്സും. ഗ്രൂപ്പ് ഘട്ട പോരാട്ടത്തിന്റെ അവസാന മത്സരങ്ങളില്‍ ജയം സ്വന്തമാക്കിയാണ് ഇരു ടീമും 2026 ലോകകപ്പ് യോഗ്യത സ്വന്തമാക്കിയത്.
ഗ്രൂപ്പ് എയിലെ അവസാന മത്സരത്തില്‍ ജര്‍മനി 6-0ന് സ്ലോവാക്യയെ കീഴടക്കി. ജയിച്ചില്ലെങ്കില്‍ ലോകകപ്പ് യോഗ്യതയ്ക്കു ഭീഷണി നേരിട്ട അവസ്ഥയിലാണ് ജര്‍മനി ഇറങ്ങിയത്. ലെറോയ് സനയുടെ (36, 41) ഇരട്ട ഗോളാണ് ജര്‍മനിക്ക് സ്വന്തം കാണികളുടെ മുന്നില്‍ അനായാസ ജയമൊരുക്കിയത്. നിക്ക് വോള്ട്ടമേഡ് (18), സെര്‍ജ് ഗ്നാബ്രി (29), റിഡില്‍ ബാക്കു (67), അസാന് ഔഡ്രാഗോ (79) എന്നിവരും ജര്‍മനിക്കായി ലക്ഷ്യംകണ്ടു.
ഗ്രൂപ്പ് ജിയിലെ അവസാന മത്സരത്തില്‍ ലിത്വാനിയയെ മറുപടിയില്ലാത്ത നാല് ഗോളുകള്‍ക്കു കീഴടക്കിയാണ് ഓറഞ്ചീസ് എന്നറിയപ്പെടുന്ന നെതര്‍ലന്‍ഡ്സ് ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കിയത്. തിജ്ജാനി റെയ്ന്‍ഡേഴ്സ് (16), കോഡ് ഗാക്പോ (58), പെന്സാവി സൈമണ്‍സ് (60), ഡോണിയല്‍ മലെന് (62) എന്നിവരായിരുന്നു ഓറഞ്ചീസിന്റെ ഗോള്‍ നേട്ടക്കാര്‍.
21-ാം തവണ ജര്‍മനി
ഫിഫ ലോകകപ്പില്‍ ജര്‍മനി യോഗ്യത നേടുന്നത് 21-ാം തവണയാണ്. 1930, 1950 എഡിഷനുകളില്‍ മാത്രമാണ് നാലു തവണ ചാമ്പ്യന്മാരായ ജര്‍മനി ലോകകപ്പ് കളിക്കാത്തത്. നെതര്‍ലന്‍ഡ്സ് 12-ാം തവണയാണ് ലോകകപ്പിനെത്തുക. യൂറോപ്യന്‍ യോഗ്യതാ റൗണ്ടില്‍നിന്ന് ഇംഗ്ലണ്ട്, ഫ്രാന്‍സ്, ക്രൊയേഷ്യ, പോര്‍ച്ചുഗല്‍, നോര്‍വെ ടീമുകളും ഇതിനോടകം 2026 ലോകകപ്പ് ടിക്കറ്റ് കരസ്ഥമാക്കി.

