തലയോലപ്പറമ്പ്: കേസുകളിൽ പിടിക്കപ്പെടുന്ന വാഹനങ്ങൾ സൂക്ഷിക്കാൻ പോലീസിന് സ്ഥലമില്ലാത്തതിനെത്തുടർന്നു വാഹനങ്ങൾ തലയോലപ്പറമ്പ് പട്ടണത്തിന്റെ വിവിധ സ്ഥലങ്ങളിൽ റോഡിന് ഇരുവശങ്ങളിലുമുള്ള നടപ്പാതകളിൽ സൂക്ഷിക്കുന്നത് ഗതാഗത തടസവും അപകടസാധ്യതയുമുണ്ടാക്കുന്നു.
പുതിയ പോലീസ് സ്റ്റേഷന്റെ നിർമാണത്തിനായി തലപ്പാറയ്ക്കുസമീപം വാടകക്കെട്ടിടത്തിലേക്ക് സ്റ്റേഷന്റെ പ്രവർത്തനം മാറ്റിയപ്പോൾ പിടിച്ചെടുത്ത മിനിലോറികളും കാറുകളും ഉൾപ്പെടെയുള്ള വാഹനങ്ങൾ തലപ്പാറ ഭാഗത്തെ റോഡരികിൽ ഇപ്പോഴും സൂക്ഷിക്കുകയാണ്. കാൽനടയാത്രക്കാർക്ക് ഭീഷണിയായി തെരുവുനായ്ക്കളുടെ താവളമായി ഇവിടംമാറി.
നിലവിലുള്ള പോലീസ് സ്റ്റേഷന്റ പടിഞ്ഞാറുഭാഗത്ത് കുറുന്തറ പാലത്തിനോട് ചേർന്നു മൂന്നു കാറും ഓട്ടോറിക്ഷയും നടപ്പാതയിൽ കിടക്കുന്നുണ്ട്.സിനിമാ പോസ്റ്ററുകളും രാഷ്ട്രീയപ്പാർട്ടികളുടെ പോസ്റ്ററുകളും പതിക്കുന്നത് ഈ വാഹനങ്ങളുടെ മീതെയായി.
കേസിൽ ഉൾപ്പെടുന്ന വാഹനങ്ങൾ പോലീസ് പിടിക്കുമ്പോൾ എംവിഡിയുടെ പരിശോധന കഴിഞ്ഞാൽ പിഴയടച്ച് ഉടമസ്ഥർക്ക് കൊണ്ടുപോകാമെന്നാണ് നിയമം. പിഴ അടയ്ക്കേണ്ട തുക വളരെ വലുതായാൽ പലരും വാഹനം ഉപേക്ഷിക്കുന്ന അവസ്ഥയാണുള്ളത്. വാഹനാപകടങ്ങളിൽ മരണം സംഭവിച്ചിട്ടുണ്ടെങ്കിൽ കോടതിയിൽ കേസ് തീരാതെ വാഹനം കൊണ്ടുപോകാൻ കഴിയാത്ത സാഹചര്യമുണ്ട്.
ഇത്തരം വാഹനങ്ങളെല്ലാം നടപ്പാതകളിൽനിന്നു മറ്റു സ്ഥലങ്ങളിലേക്കു മാറ്റി സൂക്ഷിക്കേണ്ടതാണ്. പക്ഷേ തലയോലപ്പറമ്പ് പോലീസിന് വാഹനങ്ങൾ സൂക്ഷിക്കാൻ സ്ഥലമില്ലാത്ത അവസ്ഥയാണ്.
പോലീസ് സ്റ്റേഷനോടുചേർന്നുള്ള സ്ഥലം പഞ്ചായത്ത് കയറുകെട്ടി തിരിച്ചതോടെ അവിടെയുണ്ടായിരുന്ന വാഹനങ്ങൾ മുഴുവൻ വൈക്കം ഡിവൈഎസ്പി ഓഫീസിനു സമീപത്തെ സ്ഥലത്തേക്ക് മാറ്റിയിരുന്നു. റോഡരികിൽ കിടക്കുന്ന വാഹനങ്ങൾ അപകടങ്ങൾക്ക് കാരണമാകുമെന്നാണ് നാട്ടുകാരുടെ പരാതി .

