ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിലെ പ്രതികളിലൊരാളായ ഡോ. മുസമ്മിൽ ഷക്കീൽ പാക്കിസ്ഥാൻ ഭീകരനുമായി ബോംബ് നിർമാണ വീഡിയോ പങ്കിട്ടതായി അന്വേഷണ ഉദ്യോഗസ്ഥർ. ജെയ്ഷ് ഇ മുഹമ്മദ് ഭീകരൻ “ഹൻസുള്ള’യുമായാണ് ബോംബ് നിർമാണരീതികളുടെ വീഡിയോകൾ പങ്കിട്ടത്. പ്രാഥമിക അന്വേഷണത്തിൽ, “ഹൻസുള്ള’ എന്നത് യഥാർഥ പേരല്ലെന്നും അന്വേഷണ ഏജൻസികൾ പറഞ്ഞു. ഇയാളുടെ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഒക്ടോബറിൽ ജമ്മു കാഷ്മീരിലെ നൗഗാമിൽ പ്രത്യപ്പെട്ട ജെയ്ഷ് ഇ മുഹമ്മദ് പോസ്റ്ററുകളിൽ “കമാൻഡർ ഹൻസുള്ള ഭായ്’ എന്ന പേര് എഴുതിയിരുന്നതായി അന്വേഷണവൃത്തങ്ങൾ അറിയിച്ചു. ജമ്മു കാഷ്മീരിലെ ഷോപ്പിയാനിൽനിന്നുള്ള മൗലവി ഇർഫാൻ അഹമ്മദ് എന്ന മതപണ്ഡിതൻ വഴിയാണ് പാക് ഭീകരനുമായി ബന്ധപ്പെട്ടതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡോക്ടർമാരെ തീവ്രവാദവത്കരിക്കുകയും “വൈറ്റ് കോളർ’ ഭീകര സംഘടന രൂപീകരിക്കുകയും ചെയ്തയാളാണ് മൗലവി.
ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയിൽ ഡോക്ടറായി ജോലി ചെയ്തിരുന്ന ഷക്കീലിനെയാണ് മൗലവി ആദ്യം റിക്രൂട്ട് ചെയ്തത് . തുടർന്ന് ഇയാൾ, സർവകലാശാലയിലെ പാക് അനുകൂല ഭീകരവാദ ചിന്താഗതിക്കാരായ മുസഫർ അഹമ്മദ്, അദീൽ അഹമ്മദ് റാത്തർ, ഷഹീൻ സയീദ് എന്നിവരെ റിക്രൂട്ട് ചെയ്യുകയായിരുന്നു.
മുസമ്മിൽ ഷക്കീൽ സ്ഫോടകവസ്തുക്കൾ കടത്തിയതിനും ഡൽഹി സ്ഫോടനത്തിൽ ഉൾപ്പെട്ട വെളുത്ത ഹ്യുണ്ടായ് ഐ20 കാർ ചാവേർ ബോംബർ ഉമർ നബിക്ക് കൈമാറിയതിനും തെളിവുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ജെയ്ഷ് ഇ മുഹമ്മദുമായി ബന്ധമുള്ള ഭീകരസംഘടന മാസങ്ങളായി തലസ്ഥാനത്ത് ആക്രമണം ആസൂത്രണം ചെയ്തിരുന്നുവെന്ന് അന്വേഷണവൃത്തങ്ങൾ അറിയിച്ചു.
ഡൽഹി, ഗുരുഗ്രാം, ഫരീദാബാദ് എന്നിവിടങ്ങളിൽ സ്ഫോടനം നടത്താനായി 200ലേറെ ശക്തമായ ഇംപ്രൊവൈസ്ഡ് എക്സ്പ്ലോസീവ് ഉപകരണങ്ങൾ (ഐഇഡി) സംഘം തയാറാക്കിയിരുന്നു. ഡൽഹി സ്ഫോടനത്തിന് ഉപയോഗിച്ച ഐ20 കാറിന് പുറമേ, സംശയിക്കപ്പെടുന്ന ചാവേറും അയാളുടെ പ്രധാന കൂട്ടാളികളും ഡൽഹിയിൽനിന്ന് രണ്ടു കാറുകൾ കൂടി വാങ്ങിയതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു.

