ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ഡൽഹി ഭീകരാക്രമണത്തിലെ പ്രധാന പ്രതികൾ, ‘വൈറ്റ് കോളർ ഭീകരകേന്ദ്രം’ അൽ ഫലാ യൂണിവേഴ്സിറ്റിയിലെ ഡോക്ടർമാരാണെന്നും ഇവിടം കേന്ദ്രീകരിച്ചാണു ഭീകരപ്രവർത്തനം നടത്തിയതെന്നും കണ്ടെത്തിയതിനെത്തുടർന്ന് സർവകലാശാല അടച്ചുപൂട്ടൽ നടപടികളിലേക്കു നീങ്ങുമോ എന്നതാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആശങ്ക.
ചാവേറാക്രമണം നടത്തിയ ഉമർ നബി അൽ ഫലാഹിലെ ഡോക്ടറായിരുന്നു. കൂട്ടുപ്രതികളായ മുസമ്മിൽ ഷക്കീൽ, ഷഹീൻ സയിദ് തുടങ്ങിയവരും അൽ ഫലാഹിലെ ഡോക്ടർമാരായിരുന്നു. സർവകലാശാലയ്ക്കകത്തും പുറത്തുനിന്നുമായി നിരവധിപ്പേരെയാണ് അന്വേഷണസംഘം ഇതുവരെ പിടികൂടിയത്. മാത്രമല്ല, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നിവയുമായി ബന്ധപ്പെട്ട കേസിൽ അൽ ഫലാ ചെയർമാൻ ജാവേദ് അഹമ്മദ് സിദ്ദിഖി ഇഡി കസ്റ്റഡിയിലാണുള്ളത്.
415 കോടി രൂപയുടെ കള്ളപ്പണ ഇടപാടുകൾ നടന്നതായാണ് പ്രാഥമിക കണ്ടെത്തൽ. അന്വേഷണം തുടരുകയാണ്. “സർവകലാശാലയെ ഭീകരകേന്ദ്രം എന്നു വിളിക്കുന്നു. ചിലർ അതിനെ നിലംപരിശാക്കണമെന്ന് അഭിപ്രായപ്പെടുന്നു. എന്നാൽ ഒരു കരിയർ കെട്ടിപ്പടുക്കാൻവേണ്ടി ഇവിടെയെത്തിയ നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഭാവിയോ..?’
യൂണിവേഴ്സിറ്റിയിൽനിന്ന് മടങ്ങവേ എംബിബിഎസ് വിദ്യാർഥി പറഞ്ഞു. കോളജ് അടച്ചുപൂട്ടിയാൽ, തങ്ങളുടെ ഭാവിയും ലക്ഷക്കണക്കിനു രൂപയും നഷ്ടമാകുമെന്നും വിദ്യാർഥി കൂട്ടിച്ചേർത്തു. സർവകലാശാലയിലെ വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും ആശങ്കയിലാണെന്നും ഒരുകൂട്ടം വിദ്യാർഥികൾ പറഞ്ഞു.
അതേസമയം, പേരുവിവരങ്ങൾ വെളിപ്പെടുത്താൻ വിദ്യാർഥികൾ വിസമ്മതിച്ചു. വിദ്യാർഥികൾ കൂട്ടമായി സർവകലാശാല ഒഴിയുകയാണ്. നിരവധി അധ്യാപകരും അനധ്യാപകരും അവധിയിൽ പ്രവേശിച്ചിരിക്കുകയാണ്.
മികച്ച വിദ്യാഭ്യാസസ്ഥാപനം എന്ന് പ്രചരിപ്പിച്ചിരുന്ന അൽ ഫലാ ചാവേർ ആക്രമണത്തിനുശേഷം “വൈറ്റ് കോളർ ഭീകരകേന്ദ്രം’ എന്നു മുദ്രകുത്തപ്പെടുകയായിരുന്നു. നേരത്തെ, അസോസിയേഷൻ ഓഫ് ഇന്ത്യൻ യൂണിവേഴ്സിറ്റീസ് (എഐയു) അൽ ഫലാഹിന്റെ അംഗത്വം റദ്ദാക്കിയിരുന്നു.
അതേസമയം, യൂണിവേഴ്സിറ്റി എങ്ങനെയാണ് തീവ്രവാദ പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയതെന്ന് അന്വേഷിക്കാൻ ഫരീദാബാദ് പോലീസ് കമ്മീഷണർ സതേന്ദർ കുമാർ ഗുപ്ത പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) നിയോഗിച്ചു. തീവ്രവാദസംഘത്തിന്റെ സാന്പത്തികസ്രോതസുകളെയും സ്ഫോടകവസ്തുക്കളുടെ വിതരണശൃംഖലയെയും കുറിച്ചുള്ള വിശദമായ വിവരങ്ങൾ ശേഖരിക്കുക എന്നതാണ് സംഘത്തിന്റെ ചുമതല.
അൽ ഫലാഹിന്റെ വിധി തീരുമാനിക്കുന്നതുമായി ബന്ധപ്പെട്ട് ഹരിയാന സർക്കാരിന്റെയും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെയും വിദ്യാഭ്യാസ മന്ത്രാലയത്തിന്റെയും അന്തിമതീരുമാനത്തിനുവേണ്ടി നാഷണൽ മെഡിക്കൽ കമ്മീഷൻ (എൻഎംസി) കാത്തിരിക്കുകയാണ്.

