പരവൂർ: ആധാർ കാർഡിൽ വലിയ മാറ്റങ്ങൾ വരുത്താൻ കേന്ദ്ര സർക്കാർ തലത്തിൽ ആലോചന. ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന പുതിയ ആധാർ കാർഡുകൾ പുറത്തിറക്കാനാണ് നീക്കം. ഓഫ് ലൈൻ വെരിഫിക്കേഷൻ കുറയ്ക്കുന്നതിനും വ്യാപകമായ ഡേറ്റ ദുരുപയോഗം തടയുന്നതിനുമാണ് യൂണിക്ക് ഐഡന്റിഫിക്കേഷൻ അഥോറിറ്റി ഒഫ് ഇന്ത്യ (യുഐഡിഎഐ) ലക്ഷ്യമിടുന്നത്. ഡിസംബർ ഒന്നിന് ഈ നിർദേശം ആധാർ അഥോറ്റിക്കു മുന്നിൽ അവതരിപ്പിക്കാൻ യുഐഡിഎഐ തീരുമാനിച്ചുകഴിഞ്ഞു.
ഹോട്ടലുകളും ഇതര സ്ഥാപനങ്ങളും അടക്കം വ്യക്തികളുടെ ആധാർ കാർഡിന്റെ പതിപ്പുകൾ വാങ്ങിവയ്ക്കുന്നുണ്ട്. ഇത്തരം ഓഫ് ലൈൻ വെരിഫിക്കേഷനുകളുടെ മറവിൽ നിരവധി തട്ടിപ്പുകൾ രാജ്യത്ത് അരങ്ങേറുന്നുണ്ട്. ഇത് ഒഴിവാക്കുക എന്നതാണ് പ്രധാനമായും ലക്ഷ്യമിടുന്നത്. പുതിയ കാർഡുകളിൽ വ്യക്തികളുടെ സ്വകാര്യത നിലനിർത്തിക്കൊണ്ടുതന്നെ പ്രായപരിശോധന അടക്കമുള്ളവ നടത്താൻ സൗകര്യമുണ്ടാകും.
ഓഫ് ലൈൻ വെരിഫിക്കേഷന്റെ കാര്യത്തിൽ എന്തെങ്കിലും ആവശ്യത്തിന് വ്യക്തികളുടെ ആധാർ നമ്പരോ ബയോ മെട്രിക് വിവരങ്ങളോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും വിലക്കിയിട്ടുണ്ട്. എന്നാൽ ഭൂരിഭാഗം സ്ഥാപനങ്ങളും ആധാർ കാർഡിന്റെ ഫോട്ടോ കോപ്പികൾ എടുത്ത് സൂക്ഷിക്കുന്നതു തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് പരിഷ്കരിച്ച ആധാർ കാർഡ് പുറത്തിറക്കാൻ ആലോചിക്കുന്നത്. ഡിജിറ്റൽ പേഴ്സണൽ ഡേറ്റ പ്രൊട്ടക്ഷൻ ആക്ടിന് അനുസൃതമായി പ്രവർത്തിക്കുന്നതായിരിക്കും പുതിയ കാർഡുകൾ. കേന്ദ്ര സർക്കാരിന്റെ അനുമതി ലഭിച്ചാൽ രാജ്യത്താകമാനം 18 മാസത്തിനുള്ളിൽ പുതിയ കാർഡുകൾ പ്രവർത്തനക്ഷമമാക്കാൻ സാധിക്കുമെന്നാണു പ്രതീക്ഷ.

