ബില്ലുകളില്‍ തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതിക്കും ഗവര്‍ണര്‍ക്കും സമയപരിധി നിശ്ചയിച്ച രണ്ടംഗ ബെഞ്ചിന്റെ തീരുമാനം സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് തള്ളിയിരിക്കുന്നു. അതേസമയം, അനിശ്ചിതകാലത്തേക്ക് ബില്ല് പിടിച്ചുവയ്ക്കാനുള്ള വിവേചനാധികാരം ഇല്ലെന്നും അത്തരം ഘട്ടങ്ങളിൽ കോടതിക്ക് ഇടപെടാമെന്നും ബെഞ്ച് വ്യക്തമാക്കി.
സമയപരിധി നിശ്ചയിക്കാനാകില്ലെങ്കിൽ കോടതി ഇടപെട്ടിട്ടു കാര്യമുണ്ടോ എന്നത് കാത്തിരുന്നു കാണേണ്ടതാണ്. ഭരണഘടനയുടെ 200-ാം അനുഛേദ പ്രകാരം ബില്ലുകള്‍ പരിഗണനയ്ക്കെത്തുന്പോൾ ഗവര്‍ണറുടെ ഭരണഘടനാപരമായ അധികാരങ്ങള്‍ എന്തൊക്കെയാണ് എന്ന രാഷ്ട്രപതിയുടെ 14 ചോദ്യങ്ങളടങ്ങിയ റഫറൻസിനാണ് അഞ്ചംഗ ബെഞ്ചിന്റെ ഏകകണ്ഠേനയുള്ള മറുപടി. പ്രശ്നപരിഹാരമല്ല, ഭരണഘടനാ പ്രകാരമുള്ള വിശദീകരണമാണ് കോടതി നടത്തിയിരിക്കുന്നത്.
ബില്ലുകൾ ഒപ്പിടാതെ അനന്തമായി നീട്ടിവച്ച് കേരളത്തിലുൾപ്പെടെ സംസ്ഥാന സർക്കാരുകളെ മുൾമുനയിൽ നിർത്തുന്ന ഗവർണർമാരുടെ രാഷ്ട്രീയം ഏറെ വിമർശിക്കപ്പെട്ടിരുന്നു. ഇക്കഴിഞ്ഞ ഏപ്രിലിൽ, തമിഴ്നാട് ഗവർണർ ഡോ. ആർ.എൻ. രവി തടഞ്ഞുവച്ചിരുന്ന ബില്ലുകളെല്ലാം പാസായതായി കണക്കാക്കുകയും ഗവർണർക്കു വീറ്റോ അധികാരമില്ലെന്നു മുന്നറിയിപ്പു കൊടുക്കുകയും ചെയ്ത സുപ്രീംകോടതി വിധി ഉണ്ടായിരുന്നു. നിയമസഭ പാസാക്കിയ ബില്ലിൽ തീരുമാനമെടുക്കാൻ ഗവർണർക്ക് മൂന്ന് സാധ്യതകളേ ഉള്ളൂ. ഒന്ന് അനുമതി നൽകുക, രണ്ട് നിയമസഭയ്ക്കു തരിച്ചയയ്ക്കുക, മൂന്ന് ബില്ല് രാഷ്ട്രപതിക്ക് അയയ്ക്കുക.
എന്നാൽ, ബില്ലിൽ തീരുമാനമെടുക്കാതെ വൈകിക്കുകയും അതിനുശേഷം രാഷ്ട്രപതിക്ക് അയയ്ക്കുകയും ചെയ്തത് ഭരണഘടനാവിരുദ്ധമാണെന്നായിരുന്നു ജസ്റ്റീസ് ജെ.ബി. പർദിവാല, ജസ്റ്റീസ് ആർ. മഹാദേവൻ എന്നിവരുടെ ബെഞ്ച് വിധിച്ചത്. സര്‍വകലാശാലകളുടെ വൈസ് ചാന്‍സലര്‍മാരെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ക്കുള്ള അധികാരം പരിമിതപ്പെടുത്തുന്നതും ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണമാരെ മാറ്റുന്നതുമായ ബില്ലുകളാണ് നിയമസഭ പാസാക്കിയത്. ഈ ബില്ലുകൾ ഗവര്‍ണര്‍ ആര്.എന്‍. രവി മൂന്നു വർഷത്തോളം പിടിച്ചുവച്ചതോടെ വിഷയം സങ്കീർണമായി. തുടർന്ന് രാഷ്ട്രപതി നൽകിയ റഫറൻസിലാണ് ഇപ്പോൾ വിധി. ഗവർണർ ഒപ്പിടാത്ത ബില്ലുകൾക്ക് അംഗീകാരം നൽകാൻ കോടതിക്ക് കഴിയില്ലെന്നും രാഷ്ട്രപതിയുടെയോ ഗവർണറുടെയോ ചുമതല കോടതിക്കു ഏറ്റെടുക്കാനാവില്ലെന്നും വിധിയില്‍ പറയുന്നു.
എന്നാൽ, അനന്തമായി ബില്ലുകൾ ഒപ്പിടാതെ തടഞ്ഞുവയ്ക്കാനാവില്ലെന്നാണ് കോടതി പറഞ്ഞതെന്നും സമയപരിധി നിശ്ചയിക്കാൻ അപ്പീൽ നൽകുമെന്നും ഡിഎംകെ വക്താവ് ടി.കെ.എസ്. ഇളങ്കോവൻ പ്രതികരിച്ചു. വിധിക്കുശേഷവും രാഷ്ട്രീയപോരാട്ടം തുടരുമെന്നതിന്റെ സൂചനയാണിത്. അനിശ്ചിതകാലത്തേക്ക് ബില്ലുകൾ തടഞ്ഞുവയ്ക്കാനാകില്ലെന്നും അങ്ങനെവന്നാൽ സംസ്ഥാനങ്ങൾക്കു കോടതിയെ സമീപിക്കാമെന്നും പറഞ്ഞെങ്കിലും കഴിഞ്ഞ ഏപ്രിലിൽ രണ്ടംഗ ബെഞ്ച് ഗവർണർക്കെതിരായി നടത്തിയ വിധിയും മൂന്നുമാസ കാലാവധിയും തള്ളിക്കളഞ്ഞിരിക്കുകയാണ്.
കോടതിക്കു മുന്നിലുണ്ടായിരുന്നത് പ്രശ്നപരിഹാരമല്ല, ഭരണഘടനാ വിശദീകരണമാണ്. അതായത്, രാഷ്ട്രപതിക്കും ഗവർണർക്കും ഉപദേശം നൽകിയ കോടതി, അവർ ബില്ലുകൾ അനന്തമായി നീട്ടിക്കൊണ്ടുപോയാൽ എന്തു ചെയ്യും എന്ന ചോദ്യത്തിനല്ല ഉത്തരം പറഞ്ഞത്. രാജ്യത്തിന്റെ പ്രതിസന്ധി അതായിരുന്നെങ്കിലും രാഷ്ട്രപതി ചോദിച്ചത് ഗവർണറുടെ അധികാരത്തെക്കുറിച്ചു മാത്രമായിരുന്നു. കോടതി അതിനുത്തരം പറഞ്ഞു. മറ്റു കാര്യങ്ങൾ വീണ്ടും കോടതിയിലെത്തും.
രാഷ്ട്രീയത്തിനു മുകളിൽ ഒരു ബില്ലും പറക്കില്ലെന്നു വേണമെങ്കിൽ പറയാം. നോമിനിയായ ഗവർണർക്കു മുകളിലാണ് ജനം തെരഞ്ഞെടുത്ത സംസ്ഥാന സർക്കാർ എന്നും, രാഷ്ട്രീയത്തിനു മുകളിലാണ് ജനാധിപത്യം എന്നും ഗവർണർമാരും അവരെ പറഞ്ഞയച്ചവരും മനസിലാക്കിയിരുന്നെങ്കിൽ, ഈ വിഷയം ഭരണഘടനാ ബെഞ്ചിനു തലനാരിഴ കീറി പരിശോധിക്കേണ്ടി വരില്ലായിരുന്നു.
ഭരണഘടനയുടെ ആത്മാവിനെ ത്യജിക്കാൻ അതിന്റെ എഴുതപ്പെട്ടതോ എഴുതപ്പെടാത്തതോ ആയ വാക്യങ്ങളെ പഴുതുകളാക്കുന്ന പ്രവണത അധികാര രാഷ്ട്രിയത്തിനു ഗുണകരമായിരിക്കാം. പക്ഷേ, ഫെഡറൽ തത്വങ്ങൾക്കു ഗുണകരമല്ല. ഭരണഘടനാ സ്ഥാപനങ്ങളും സ്ഥാനങ്ങളും പാർട്ടിക്കുവേണ്ടിയല്ല, രാജ്യത്തിനുവേണ്ടിയാണെന്ന് മറക്കാതിരിക്കുന്നതാണ് യഥാർഥ ദേശസ്നേഹം.
