ഭൂമിക്കു തീപിടിക്കുന്ന കാലത്ത് ബ്രസീലിലെ ബെലേമിൽ ആമസോൺ കാടുകളുടെ വാതിൽക്കലാണ് ഇത്തവണ കാലാവസ്ഥാ ഉച്ചകോടിക്കായി ലോകം ഒന്നിച്ചത്. പക്ഷേ, ഒരു ദുർനിമിത്തംപോലെ, സമാപനദിവസമായ ഇന്നലെ സമ്മേളനവേദിക്കു തീപിടിച്ചു. അതു യാദൃച്ഛികമാണെങ്കിലും, ആഗോളതാപനത്തെ ചെറുക്കാനുള്ള ചർച്ചകൾക്കു തീപിടിക്കുകയും ഒടുവിൽ ഒന്നും വേവിച്ചെടുക്കാനാവാതെ ലക്ഷ്യങ്ങളിലേറെയും ചാരമാകുകയും ചെയ്യുന്ന യാഥാർഥ്യത്തിന്റെ പ്രതീകമായി മാറി.
താപനില വർധന 1.5 ഡിഗ്രി സെൽഷസിൽ താഴെ പിടിച്ചുനിർത്തണമെങ്കിൽ കാലാവസ്ഥാ പ്രവർത്തനങ്ങൾ ഊർജിതമാക്കിയേ തീരൂ. അതിനാണ് ഐക്യരാഷ്ട്രസഭയുടെ കീഴിൽ 197 രാജ്യങ്ങൾ സിഒപി (കോൺഫറൻസ് ഓഫ് പാർട്ടീസ്) സമ്മേനം നടത്തുന്നത്. 30-ാമത്തെ സമ്മേളനമായിരുന്നു ഇത്തവണത്തേത്. തീരുമാനങ്ങളിൽ പ്രത്യാശയുണ്ട്; പക്ഷേ, ആത്മാർഥതയും നടപ്പാക്കാനുള്ള പണവും സന്പന്നരാഷ്ട്രങ്ങളുടെ കാര്യമായ സഹകരണവുമില്ലാതെ സമ്മേളനം തീർന്നുപോയി.
സഹജീവികളോട് സഹവർത്തിത്വത്തിനു മടിക്കുന്ന മനുഷ്യൻ പ്രകൃതിയോടും സഹകരിക്കാത്തത് സ്വാഭാവികമായൊരു മാനസികാവസ്ഥയുടെ പരിണാമമായിരിക്കാം എന്നുകൂടി സന്ദർഭവശാൽ നിരീക്ഷിക്കട്ടെ. കാര്യങ്ങൾ എളുപ്പം മനസിലാകാൻ, അസർബൈജാനിൽ നടന്ന 29-ാമതു കോൺഫറൻസിൽ പങ്കെടുത്ത ചെറുദ്വീപ് രാഷ്ട്രങ്ങളുടെ സഖ്യത്തിന്റെ പ്രതിനിധി സെഡ്രിക് ഷൂസ്റ്റർ പറഞ്ഞതു കേട്ടാൽ മതി: “സൂര്യാസ്തമയത്തിലേക്ക് എത്താനാവാത്തവിധം ഞങ്ങളൊക്കെ മുങ്ങിക്കൊണ്ടിരിക്കുകയാണ്.
എന്നിട്ടും ഈ ഉച്ചകോടി ഞങ്ങളെ ബോധ്യപ്പെടുത്തുന്നത്, എന്തുമാത്രം വ്യത്യസ്തമായ വള്ളങ്ങളിലാണ് ഞങ്ങളും വികസിതരാജ്യങ്ങളും സഞ്ചരിക്കുന്നത് എന്നാണ്.” അതായത്, തങ്ങളെ വിഴുങ്ങാൻ തുടങ്ങിക്കഴിഞ്ഞ ആഗോളതാപനത്തിന്റെ ആപത്ത് മനുഷ്യർക്കു ബോധ്യപ്പെട്ടു; പക്ഷേ, പരിഹാരത്തിനു കൈകോർക്കാൻ തയാറല്ല. ആഗോളതാപനം ഏറ്റവുമധികം ചൂടാക്കുന്നത് കടലിനെയാണ്.
1961 മുതൽ 2003 വരെയുള്ള കണക്കനുസരിച്ച് ശരാശരി ഓരോ വർഷവും 1.8 മില്ലിമീറ്റർ വീതം സമുദ്രജലനിരപ്പ് ഉയരുകയാണ്. ഇപ്പോഴത് കൂടുതൽ ഉയർച്ചയിലാണ്. അതുകൊണ്ടാണ് ദ്വീപ് രാഷ്ട്രങ്ങൾ തങ്ങളുടെ അപ്രത്യക്ഷമാകാനിരിക്കുന്ന കിടപ്പാടത്തെക്കുറിച്ച് വേവലാതിപ്പെടുന്നത്. പക്ഷേ, സിഒപി 30ൽ പങ്കെടുക്കുന്നത് രാഷ്ട്രങ്ങളുടെ പ്രതിനിധികളും പരിസ്ഥിതി പ്രവർത്തകരും മത്രമല്ല, വ്യവസായികളും ഫാക്ടറിയുടമകളും കർഷകരല്ലാത്ത വൻകിട കാർഷികോത്പാദകരുമൊക്കെയാണ്.
ആഗോളതാപനം പൂർണമായും മനുഷ്യനിർമിതമല്ല. സൗരചക്രങ്ങളുടെ സ്വഭാവം, അഗ്നിപര്‍വത സ്ഫോടനങ്ങള്‍ തുടങ്ങിയ പ്രപഞ്ച പ്രതിഭാസങ്ങളുടെ പങ്കും സമാന്തരമായുള്ള മനുഷ്യന്റെ പങ്കും എത്രയാണെന്നു കൃത്യമായി കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. പരിസ്ഥിതിയിലെ മനുഷ്യന്റെ അനിയന്ത്രിത ഇടപെടൽ മൂലം ഹരിതഗൃഹവാതക വര്‍ധന വരുത്തിവയ്ക്കുന്ന പ്രത്യാഘാതങ്ങളെ ചെറുക്കുക മാത്രമാണ് കരണീയം.
2023ലെ ഹരിതഗൃഹവാതക പുറംതള്ളലിന്റെ 71 ശതമാനവും ജി 20 രാഷ്ട്രങ്ങളുടേതാണ്. അതിൽതന്നെ ആറ് അതിസന്പന്ന രാഷ്ട്രങ്ങളുടെ പങ്കാകട്ടെ 63 ശതമാനവും. പക്ഷേ, ഇരകളിലേറെയും അവികസിത-വികസ്വര രാജ്യങ്ങളിൽ! ട്രംപ് രണ്ടാമത് അധികാരത്തിലെത്തിയശേഷം കാലാവസ്ഥാ നയതന്ത്ര ഓഫീസുപോലും അടച്ചുപൂട്ടി. ഇത്തവണ ചരിത്രത്തിൽ ആദ്യമായി അമേരിക്ക പ്രതിനിധികളെ ഉച്ചകോടിയിലേക്ക് അയച്ചില്ല.
കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം, ട്രംപിനെ വിമർശിക്കുകയും അനൗദ്യോഗികമായി കുറെ ഉദ്യോഗസ്ഥർക്കൊപ്പം പങ്കെടുക്കുകയും ചെയ്തു. പക്ഷേ, കാര്യമില്ല. ട്രംപ് സാന്പത്തികസഹായം നൽകില്ല. അതുകൊണ്ടാണ്, “എത്ര വ്യത്യസ്തമായ വള്ളങ്ങളിലാണ് നാം യാത്ര ചെയ്യുന്നത്” എന്ന സെഡ്രിക് ഷൂസ്റ്ററുടെ വാക്കുകൾക്ക് പ്രസക്തിയേറുന്നത്. ആഗോളതാപനത്തിന്റെ പ്രധാന പ്രതികൾ ശിക്ഷയനുഭവിക്കാനോ നഷ്ടപരിഹാരം നൽകാനോ തയാറല്ല. അവരെ നിർബന്ധിക്കുന്ന സംവിധാനങ്ങളൊന്നും നിലവിലില്ലതാനും.
കോൺഫറൻസുകൾ വിജയിച്ചാലും ഇല്ലെങ്കിലും അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്സൈഡിന്റെ അളവ് വർധിക്കുകയാണ്. ഇങ്ങനെപോയാൽ 21-ാം നൂറ്റാണ്ട് അവസാനിക്കുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനിലയില്‍ അഞ്ച് ഡിഗ്രി സെല്‍ഷസിന്റെ വര്‍ധനയുണ്ടാകും. ഇപ്പോൾതന്നെ പ്രവചനാതീതമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ കൂടുതൽ രൂക്ഷമാകും. വരള്‍ച്ചയും വെള്ളപ്പൊക്കവും കടലാക്രമണവുമെല്ലാം സാധാരണ സംഭവമാകും. ദ്വീപുകളും ചില മഹാനഗരങ്ങളും വെള്ളത്തില്‍ മുങ്ങും. സിഒപി 30ന്റെ തീരുമാനങ്ങളെക്കുറിച്ചോ സന്പന്നരാഷ്ട്രങ്ങളുടെ അട്ടിമറികളെക്കുറിച്ചോ ചർച്ച ചെയ്യുന്നതുപോലെ എളുപ്പമല്ലാത്ത ചില കാര്യങ്ങളുണ്ട്.
ആഗോളതാപനത്തിന്റെ ഏറ്റവും വലിയ കാരണം വാഹനങ്ങളിൽനിന്നുള്ള പുകയായതിനാൽ, സ്വകാര്യവാഹനങ്ങളിൽനിന്നു കഴിയുന്നത്ര പൊതുഗതാഗത സംവിധാനങ്ങളിലേക്കു മാറുക, വിറകടുപ്പുകൾ ഉപേക്ഷിക്കുകയും കരിയിലപോലും കൂട്ടിയിട്ടു കത്തിക്കാതിരിക്കുകയും ചെയ്യുക, ആവശ്യമുള്ളപ്പോൾ മാത്രം വൈദ്യുതോപകരണങ്ങൾ ഉപയോഗിക്കുക, മരങ്ങൾ വച്ചുപിടിപ്പിക്കുകയും അനിവാര്യമല്ലെങ്കിൽ വെട്ടിമാറ്റാതിരിക്കുകയും ചെയ്യുക, എസി, ഫ്രിഡ്ജ് തുടങ്ങിയവയുടെ ഉപയോഗം കഴിവതും ഒഴിവാക്കുക, പ്ലാസ്റ്റിക് ഉൾപ്പെടെ സാധ്യമായതെല്ലാം പുനരുപയോഗിക്കുക… തുടങ്ങിയ കാര്യങ്ങൾ ചെയ്യുകയും മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുക.
മനുഷ്യവംശത്തിന്റെ നിലനിൽപ്പിനായുള്ള ആഗോള ഉച്ചകോടി ബ്രസീലിലോ ഏതെങ്കിലും സ്ഥലത്തോ അല്ല; നാം ഓരോരുത്തരുടെയും തിരുത്തലുകളിലാണ്. തുടക്കത്തിൽ പറഞ്ഞതുപോലെ, സഹവർത്തിത്വം ഒരു പരിഷ്കൃത മനോനിലയാണ്. അതിൽ സഹജീവികളെന്നോ പ്രകൃതിയെന്നോ വ്യത്യാസമില്ല. എങ്കിലും ഇപ്പോൾ പറയാനുള്ളത്, പ്രകൃതിയോടുള്ള വെറുപ്പും വിദ്വേഷവും ഒഴിവാക്കുക എന്നാണ്.
