ന്യൂഡൽഹി: ഇന്ത്യൻ കയറ്റുമതികൾക്കുമേൽ യുഎസിന്റെ തീരുവ നിലവിലുണ്ടായിട്ടും ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതിയിൽ 16 ശതമാനത്തിലധികം വർധന. ചൈന, വിയറ്റ്നാം, റഷ്യ, കാനഡ, യുകെ എന്നിവയുൾപ്പെടെ യുഎസ് ഇതര വിപണികളിലേക്കുള്ള കയറ്റുമതി വർധിച്ചതാണ് ഈ വളർച്ചയ്ക്ക് പ്രധാന കാരണം.
ഈ സാന്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ ഇന്ത്യയുടെ സമുദ്രോത്പന്ന കയറ്റുമതി 16.18 ശതമാനം ഉയർന്ന് 4.87 ബില്യണ്‍ ഡോളറിലെത്തിയതെന്ന് വാണിജ്യ മന്ത്രാലയത്തിന്റെ കണക്കുകൾ വ്യക്തമാക്കുന്നു.
ഇന്ത്യയുടെ സമുദ്രോത്പന്നങ്ങൾക്ക് 50 ശതമാനം തീരുവ ചുമത്തിയതിനാൽ യുഎസിലേക്കുള്ള ഇന്ത്യയുടെ കയറ്റുമതിയിൽ ഇടിവുണ്ടായി. പരന്പരാഗതമായി ഇന്ത്യയുടെ ഏറ്റവും വലിയ ചെമ്മീൻ വിപണിയായ അമേരിക്കയിലേക്കുള്ള കയറ്റുമതി 7.43 ശതമാനം ഇടിഞ്ഞ് 85.47 മില്യണ്‍ യുഎസ് ഡോളറിലെത്തി.
ഏഷ്യയിലെയും യൂറോപ്പിലെയും വാങ്ങലുകാർ സ്ഥിരമായ ഗുണനിലവാരത്തിനും മത്സരാധിഷ്ഠിത വിലനിർണയത്തിനുമായി ഇന്ത്യൻ വിതരണക്കാരിലേക്ക് തിരിയുന്നത് സമുദ്രോത്പന്ന കയറ്റുമതിക്ക് ഗുണകരമാകുന്നു.
ഏഴ് മാസ കാലയളവിൽ ചൈനയിലേക്കും വിയറ്റ്നാമിലേക്കുമുള്ള ചെമ്മീനിന്റെയും കൊഞ്ചിന്റെയും കയറ്റുമതി 24.54 ശതമാനവും 123.63 ശതമാനവും വർധിച്ച് യഥാക്രമം 568.32 മില്യണ്‍ ഡോളറും 261.67 മില്യണ്‍ ഡോളറുമായി.
ബെൽജിയം, ജപ്പാൻ, റഷ്യ, കാനഡ, യുകെ എന്നിവിടങ്ങളിലേക്കുള്ള കയറ്റുമതി യഥാക്രമം 94.18 ശതമാനം, 10.84 ശതമാനം, 49 ശതമാനം, 13.54 ശതമാനം, 28.81 ശതമാനം എന്നിങ്ങനെയും ഉയർന്നു.
സമുദ്രോത്പന്ന കയറ്റുമതിയിലെ കുതിപ്പിന് പ്രധാനമായും കാരണം ഇന്ത്യയുടെ മുൻനിര സമുദ്ര വിഭാഗമായ ചെമ്മീനിന്റെയും കൊഞ്ചിന്റെയും ആരോഗ്യകരമായ വളർച്ചയാണ്. ഇത് ഏപ്രിൽ-ഒക്ടോബർ മാസങ്ങളിൽ 17.43 ശതമാനം വർധനവ് രേഖപ്പെടുത്തി, 2.64 ബില്യണ്‍ ഡോളറിൽ നിന്ന് 3.10 ബില്യണ്‍ ഡോളറായി വർധിച്ചതായി കണക്കുകൾ പറയുന്നു.
ചെമ്മീൻ കയറ്റുമതിയിൽ 18 ശതമാനം വർധനവ്
സാന്പത്തിക വർഷത്തിലെ ആദ്യ അഞ്ച് മാസങ്ങളിൽ ചെമ്മീൻ കയറ്റുമതി ശക്തമായ വളർച്ച നേടി. കയറ്റുമതി മൂല്യം കഴിഞ്ഞ വർഷത്തേക്കാൾ 18 ശതമാനം വർധിച്ച് 2.43 ബില്യണ്‍ ഡോളറിലെത്തി. കയറ്റുമതി അളവിൽ 11 ശതമാനം വർധനവിൽ 3.48 ലക്ഷം മെട്രിക് ടണ്ണായി ഉയർന്നു. വിയറ്റ്നാം, ബെൽജിയം, ചൈന, റഷ്യ എന്നിവയുൾപ്പെടെ യുഎസ് ഇതര രാജ്യങ്ങളിൽ നിന്നുള്ള ശക്തമായ ആവശ്യകതയാണ് കാരണമായത്.
2025-26 സാന്പത്തിക വർഷത്തിന്റെ തുടക്കത്തിൽ, ഇന്ത്യൻ ചെമ്മീൻ യുഎസ് വിപണിയിലേക്ക് പ്രവേശിക്കുന്നതിന് ഒന്നിലധികം തീരുവകൾ ബാധകമായിരുന്നു. 2025 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ, തീരുവ നിരക്ക് ഏകദേശം 18 ശതമാനമായിരുന്നു. ചെമ്മീൻ കയറ്റുമതിയിൽ എതിരാളികളായ ഇക്വഡോറിനും ഇന്തോനേഷ്യക്കും 13-14 ശതമാനമായിരുന്നു. ഓഗസ്റ്റിനുശേഷം, ഇന്ത്യയുടെ തീരുവ 58 ശതമാനമായി ഉയർന്നു, അതേസമയം ഇക്വഡോറിനും ഇന്തോനേഷ്യക്കും 18-49 ശതമാനത്തിനും ഇടയിലായിരുന്നു.

