കണ്ണൂർ: വാഹനത്തിന് സൈഡു കൊടുത്തില്ലെന്ന് പറഞ്ഞ് അംഗപരിമിതനായ ബിഎൽഒയ്ക്ക് യുവാക്കളുടെ ക്രൂരമർദനം. കൂത്തുപറന്പ് 74-ാം നന്പർ ബൂത്ത് ബിഎൽഒയും പള്ളിക്കുന്ന് ജിഎച്ച്എസ്എസിലെ ഓഫീസ് അസിസ്റ്റന്റുമായ പി. രതീഷിനാണ് (44) ഇന്നലെ വൈകുന്നേരം പള്ളിക്കുന്നിൽ നിന്നു മർദനമേറ്റത്.
ഭാര്യയും മകനുമായി ഇരുചക്രവാഹനത്തിൽ വരുന്നതിനിടയിൽ ഇതേ ദിശയിൽ നിന്നും വരികയായിരുന്ന ബൈക്കിലെത്തിയ രണ്ടു യുവാക്കളാണ് രതീഷിനെ അസഭ്യം പറയുകയും പിന്നീട് ഭാര്യയുടെയും മകന്റെയും മുന്നിൽ വച്ച് കൈകൊണ്ട് മർദിക്കുകയും ചെയ്തത്.
കഴുത്തിന് പരിക്കേറ്റ രതീഷ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി. മർദിച്ചത് അംഗപരിമിതനെയാണെന്നു തിരിച്ചറിഞ്ഞ യുവാക്കൾ പിന്നീട് ജില്ലാ ആശുപത്രിയിലെത്തി ക്ഷമാപണം നടത്തിയതായും അറിയുന്നു. രതീഷിന്റെ പരാതിയിൽ കണ്ണൂർ ടൗൺ പോലീസ് അന്വേഷണം ആരംഭിച്ചു. യുവാക്കൾ പോലീസ് കസ്റ്റഡിയിലായതായും അറിയുന്നു.

