“നാന ചലച്ചിത്ര വാരികയുടെ മദ്രാസിലെ പ്രതിനിധി ആയി ചുമതലയേൽക്കാൻ കൊല്ലത്ത്നിന്നു മദ്രാസ് മെയിലിൽ ഞാൻ പുറപ്പെടുന്നത് റിസർവേഷൻ പോലും ഇല്ലാതെയാണ്. വൻ തിരക്കായിരുന്നു അന്ന് ട്രെയിനിൽ. ട്രെയിനിലെ ടോയ്ലറ്റിന് പുറത്തുള്ള ഇടുങ്ങിയ സ്ഥലത്ത് ദിനപത്രം നിവർത്തിക്കിടന്നാണ് രാത്രി ഉറങ്ങിയത്. യാത്രക്കാർ ടോയ്ലറ്റിലേക്ക് വരുമ്പോഴെല്ലാം പാതി ഉറക്കത്തിൽ എഴുന്നേറ്റ് മാറി നിൽക്കണം. എന്റെ അച്ഛൻ അന്ന് റെയിൽവേയിൽ സ്റ്റേഷൻ മാസ്റ്ററാണ്.
എങ്കിലും അച്ഛനോട് മദ്രാസിലേക്ക് ഒരു ടിക്കറ്റ് ബുക്ക് ചെയ്തു തരാൻ ഞാൻ പറഞ്ഞില്ല. അന്നത്തെ കാലത്ത് മക്കളുടെ യാത്രാസൗകര്യത്തെ കുറിച്ചൊന്നും രക്ഷിതാക്കൾ വലിയ കാര്യമായി ചിന്തിച്ചിരുന്നുമില്ല. വളരെയേറെ കഷ്ടപ്പാടുകൾ സഹിച്ചാണ് എന്റെ ആദ്യ യാത്ര. എന്റെ കൈയിൽ അന്നുണ്ടായിരുന്ന ബ്രീഫ് കേസിൽ പക്ഷേ എന്റെ സിനിമാ മോഹങ്ങൾ ഉണ്ടായിരുന്നു… നിറഞ്ഞ ആത്മവിശ്വാസവും. വാരികയുടെ ചെറിയ വരുമാനത്തിനുള്ളിൽ നിന്നുകൊണ്ട് മദ്രാസിൽ പത്രപ്രവർത്തന ജീവിതം ആരംഭിച്ചതും ഏറെ കഷ്ടപ്പാടുകൾ സഹിച്ചാണ്. ”
പ്രശസ്ത ചലച്ചിത്ര നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ രാഷ്ട്രദീപികയോട് സംസാരിക്കുകയായിരുന്നു. സംവിധായകനായും നടനായും നിർമ്മാതാവായും തിരക്കഥാകൃത്തായും വിതരണക്കാരനായും ചലച്ചിത്രലോകം അടക്കിവാണ ബാലചന്ദ്രമേനോന്റെ സിനിമാ ജീവിതത്തിന്റെ അമ്പതാം വർഷത്തിൽ ഈ വാക്കുകൾക്ക് വളരെ പ്രസക്തിയുണ്ട്. അടങ്ങാത്ത അഭിലാഷങ്ങളുടെ, വിജയത്തിന്റെ സുവർണ്ണ സ്പന്ദനങ്ങൾ ഉണ്ട്.
സിനിമയായിരുന്നു എല്ലാ കാലത്തും ബാലചന്ദ്രമേനോന്റെ സ്വപ്നവും മോഹവും എല്ലാമെല്ലാം. അച്ഛൻ ശിവശങ്കര പ്പിള്ളയ്ക്ക് പക്ഷേ മകൻ സിനിമാക്കാരനാവുന്നതിനോട് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. സിനിമയിലേക്ക് എത്തുവാൻ പത്രപ്രവർത്തനം തെരഞ്ഞെടുക്കുവാൻ ഉപദേശിക്കുന്നത് പ്രശസ്ത കവിയും തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിലെ ബാലചന്ദ്രമേനോന്റെ അധ്യാപകനുമായ പ്രഫ. ഒ.എൻ. വി. കുറുപ്പാണ്.
തിരുവനന്തപുരത്തെ പ്രസ് ക്ലബ്ബിൽ നിന്നും ബാലചന്ദ്രമേനോൻ പത്രപ്രവർത്തന കോഴ്സ് വിജയിക്കുന്നത് ഒന്നാം റാങ്കോടെയാണ്. ഹിന്ദുസ്ഥാൻ ടൈംസിൽ പത്രപ്രവർത്തകനായി ജോലി ലഭിച്ചു എങ്കിലും സിനിമയോടുള്ള അഭിനിവേശം കൊണ്ടു തന്നെ ഉന്നതമായ ആ ഉദ്യോഗം സ്വീകരിച്ചില്ല. പകരം ചലച്ചിത്ര വാരികയുടെ പ്രതിനിധി ആവാൻ മദ്രാസിലേക്ക് തീവണ്ടി കയറുകയും ചെയ്തു.
ബാലചന്ദ്രമേനോന്റെ സിനിമ-പത്രപ്രവർത്തക ജീവിതം ഒരു ചലച്ചിത്ര കഥ പോലെ രസമുള്ളതാണ്, ആഴമുള്ളതാണ്. മേനോൻ പറയുന്നതുപോലെ താൻ സിനിമ പഠിച്ചത് കോടമ്പാക്കത്തിലൂടെയുള്ള തീരാത്ത ഈ നടപ്പിലൂടെയാണ്, അലച്ചിലിലൂടെയാണ്.
പിൽക്കാലത്ത് ഗാന രചനാരംഗത്ത് പ്രശസ്തനായ ഭരണിക്കാവ് ശിവകുമാറും മറ്റു മൂന്നുപേരും താമസിച്ചിരുന്ന ചെറിയ വാടക മുറിയിലേക്ക് ബാലചന്ദ്രമേനോനും ഒരിടം കിട്ടി. വാടക മുറിയിലെ ജീവിതത്തിന്റെ കഥ മേനോൻ സ്റ്റൈലിൽ കേട്ടാലേ പൂർണ്ണമാകൂ ! രാവിലെ പ്രാതൽ കഴിക്കണ്ടേ എന്ന് പുതിയ പത്രപ്രവർത്തകൻ ചോദിക്കുമ്പോൾ നമ്മൾ എഴുന്നേറ്റപ്പോൾ തന്നെ മണി പത്തായില്ലേ, ഇനിയിപ്പോ ലഞ്ചിനുള്ള സമയമല്ലേ എന്നുള്ള മറുപടി ഭരണിക്കാവിൽ നിന്ന് ലഭിക്കും.
അക്കാലത്ത് സിനിമയിൽ അവസരം ലഭിക്കുവാൻ എത്തുന്ന പല പ്രതിഭകളും ഇത്തരത്തിൽ യാതനകൾ സഹിച്ചാണ് ജീവിച്ചത് എന്ന് ബാലചന്ദ്രമേനോൻ പറയാറുണ്ട്. ഏതാണ്ട് സമാനമായ അവസ്ഥയിൽ പ്രശസ്ത ഗാനരചയിതാവ് ബിച്ചു തിരുമലയെ ബാലചന്ദ്രമേനോൻ അക്കാലത്ത് കണ്ടിട്ടുണ്ട്. “കപ്പലണ്ടിയിൽ നല്ല വിറ്റാമിൻ ഉണ്ടല്ലോ പിന്നെ എന്തിനാണ് ചോറ് കഴിക്കുന്നത്’ എന്ന് പറഞ്ഞ് റോഡിലൂടെ കപ്പലണ്ടി കൊറിച്ചുകൊണ്ട് നടക്കുന്ന ബിച്ചു തിരുമലയുടെ ചിത്രം ബാലചന്ദ്രമേനോൻ പങ്കിടാറുണ്ട്. പുതിയ സിനിമാ തലമുറയ്ക്കു ഒരു ഓർമപ്പെടുത്തലായി…
ഏതായാലും “സുന്ദരമായ’ ഈ പട്ടിണി ദിനങ്ങളിൽനിന്നു രക്ഷപ്പെട്ട ബാലചന്ദ്രമേനോൻ ചേക്കേറിയത് അന്ന് തിക്കുറിശി താമസിച്ചിരുന്ന ആണ്ടവർ കോവിൽ തെരുവിലെ വീടിന്റെ മുകൾ നിലയിലെ മുറിയിലാണ്. 75 രൂപ വാടകയ്ക്ക് ലഭിച്ച ഒരു കുടുസ് മുറി.
മുടി മേലെ കെട്ടിവെച്ച, ചേല വാരിചുറ്റിയ, എപ്പോഴും വെറ്റില മുറുക്കി കൊണ്ടിരിക്കുന്ന ഒരു സ്ത്രീയായിരുന്നു വീട്ടുടമ. കണ്ടതും കേട്ടതും എന്ന സിനിമയിൽ നടി മീന അവതരിപ്പിച്ച ഹൃദയശൂന്യയായ വീട്ടുടമ കഥാപാത്രത്തെ ഓർക്കുന്നില്ലേ… മീന അതിമനോഹരമാക്കിയ ആ കഥാപാത്രത്തെ ബാലചന്ദ്രമേനോൻ കണ്ടെടുത്തത് തന്റെ വീട്ടുടമയിൽ നിന്ന് തന്നെ.
ബാലചന്ദ്രമേനോൻ പത്രപ്രവർത്തന ജീവിതം ആരംഭിക്കുന്നത് അന്നത്തെ ഏറ്റവും തിരക്കേറിയ നായികയായ റാണി ചന്ദ്രയെ ഇന്റർവ്യൂ ചെയ്തു കൊണ്ടാണ്. തിരക്കേറിയ നായിക നടിയുടെ പരിവേഷങ്ങൾ ഒന്നുമില്ലാതെ വളരെ സ്നേഹത്തോടെയായിരുന്നു റാണി ചന്ദ്രയുടെ പെരുമാറ്റം.
ആദ്യമായി റാണി ചന്ദ്രയെ കാണുമ്പോൾ നായിക നടിക്ക് ഒപ്പമുണ്ടായിരുന്ന വളരെ മെലിഞ്ഞ യുവ സംവിധായകനെ പത്രപ്രവർത്തകന് പരിചയപ്പെടുത്തുകയും അദ്ദേഹത്തിന്റെ അഭിമുഖം വാരികയിൽ കൊടുക്കണം എന്ന് പറയുകയും ചെയ്തിരുന്നു. ആ സംവിധായകൻ ആരാണെന്നല്ലേ. മലയാള ചലച്ചിത്രലോകം പിന്നീട് അക്ഷരാർത്ഥത്തിൽ കീഴടക്കിയ ഐ.വി ശശി തന്നെ!
മലയാളത്തിന്റെ സുന്ദരനായ വില്ലൻ കെ പി ഉമ്മറുമായും നല്ല ആത്മബന്ധം ഉണ്ടായിരുന്നു ബാലചന്ദ്രമേനോന്. ഉമ്മുക്കാ എന്ന് ഏറെ സ്നേഹത്തോടെ കെ. പി. ഉമ്മറിനെ സംബോധന ചെയ്യുന്ന ബാലചന്ദ്രമേനോനെയും പ്രേക്ഷകർക്കറിയാം.
എന്നാൽ തുടക്കം നമ്മൾ കരുതുന്നത് പോലെ അത്ര സുഖകരമായിരുന്നില്ല. പത്രപ്രവർത്തകനും സിനിമയിലെ വില്ലനും ആദ്യ സമാഗമത്തിൽ തന്നെ ഏറ്റുമുട്ടി എന്നുള്ളതാണ് സത്യം. പ്രേംനസീറും കെ.പി. ഉമ്മറും അടൂർ ഭാസിയും അഭിനയിച്ച ഒരു സിനിമയുടെ ഷൂട്ടിംഗ് നടന്ന സ്റ്റുഡിയോയിൽ വച്ചായിരുന്നു ഈ കൊമ്പ് കോർക്കൽ.
വെയിലത്ത് വിയർത്ത് തളർന്നു അഭിമുഖത്തിനായി എത്തിയിരിക്കുന്ന നിങ്ങളുടെ അവസ്ഥ വളരെ ദയനീയം ആണല്ലോ എന്നും സിനിമാ വാരികയുടെ ഉടമയോട് ഒരു സൈക്കിൾ വാങ്ങി തരാൻ പറയാം എന്നുമുള്ള കെ.പി. ഉമ്മറിന്റെ കമന്റ് യുവപത്ര പ്രവർത്തകനെ വല്ലാതെ ചൊടിപ്പിച്ചു. സിനിമയ്ക്കുള്ളിലും പുറത്തും കുറിക്ക് കൊള്ളുന്ന സംഭാഷണങ്ങൾ കൊണ്ട് മുന്നേറുന്ന ബാലചന്ദ്രമേനോൻ അര നിമിഷം വൈകാതെ തിരിച്ചടിച്ചു.
കോടമ്പാക്കത്തിലൂടെ ഞാൻ നടന്നതു കൊണ്ടോ, ക്ഷീണിച്ചത് കൊണ്ടോ മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാനില്ല. എന്റെ തലയ്ക്കുള്ളിൽ ഉള്ള സാധനം കൊണ്ടാണ് ഞാൻ ജീവിക്കുന്നത്. എന്നാൽ നിങ്ങൾ മുഖത്തെ മാംസം സൂക്ഷിക്കണം.
സിനിമാ പ്രവർത്തകർ ഇടപെട്ടാണ് അന്ന് വലിയൊരു സംഘർഷം ഒഴിവാക്കിയത്. എങ്കിലും പ്രശ്നങ്ങൾ ഇവിടെ തീർന്നില്ല.. കെ.പി ഉമ്മറനെതിരേ സംവിധായകൻ ഡോ. ബാലകൃഷ്ണൻ അയച്ച കോടതി നോട്ടീസിന്റെ വാർത്ത വാരികയിൽ അച്ചടിച്ച് ഉമ്മറിനോടുള്ള ‘പ്രതികാരം’ ബാലചന്ദ്രമേനോൻ തീർത്തു. എന്നാൽ പത്രപ്രവർത്തകനെ ആകെ ഞെട്ടിച്ചു കൊണ്ട് ‘വാർത്ത നന്നായി ‘എന്ന് പറഞ്ഞ് കെ. പി ഉമ്മർ ബാലചന്ദ്രമേനോനെ അഭിനന്ദിക്കുകയായിരുന്നു…ആ നിമിഷം മുതൽ ഉമ്മുക്കയുമായി തുടങ്ങിയ സൗഹൃദം അദ്ദേഹത്തിന്റെ അവസാന കാലം വരെ നീണ്ടു നിന്നു.
1975 ൽ എവിഎം സ്റ്റുഡിയോയിൽ വച്ചാണ് നിത്യഹരിത നായകൻ പ്രേംനസീറുമായി അഭിമുഖം നടത്തിയത്. യുവപത്ര പ്രവർത്തകന്റെ കണ്ണുകളിലേക്ക് സൂക്ഷിച്ചുനോക്കി അന്ന് പ്രേംനസീർ ചോദിച്ചിരുന്നു. “സത്യത്തിൽ എന്താണ് നിങ്ങളുടെ ഉദ്ദേശ്യം” പത്രപ്രവർത്തനത്തിന്റെ പുതിയ മേഖലകളിലേക്ക് കടക്കണം എന്ന് ബാലചന്ദ്രമേനോൻ മറുപടി പറഞ്ഞു.. വർഷങ്ങൾ ഏറെ കഴിഞ്ഞു. ബാലചന്ദ്രമേനോൻ ചലച്ചിത്ര സംവിധായകനായും നടനായും മാറി.
മലയാള സിനിമയുടെ പുതിയ ട്രെൻഡ് സെറ്ററായി മാറിയ മേനോനെ പ്രേംനസീർ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്. പ്രേംനസീർ ഉണ്ണിത്താനായി അഭിനയിച്ച കാര്യം നിസാരം എന്ന സിനിമയുടെ ഷൂട്ടിംഗ് സമയം. തിയറ്ററിൽ നൂറ് ദിവസം നിറഞ്ഞ കാര്യം നിസാരത്തിന്റെ ചിത്രീകരണത്തിനിടയിൽ പ്രേംനസീർ തന്റെ സംവിധായകനെ പതുക്കെ അടുത്തേക്ക് വിളിച്ചു.
“മിസ്റ്റർ മേനോൻ, വർഷങ്ങൾക്ക് മുൻപ് എന്റെ അഭിമുഖം എടുക്കുവാനായി എവിഎം സ്റ്റുഡിയോയിൽ വന്ന സംഭവം ഓർമ്മയുണ്ടോ?” ബാലചന്ദ്രമേനോൻ പുഞ്ചിരിയോടെ ഓർമ്മയുണ്ട് നസീർ സാർ എന്നു പറഞ്ഞു. അപ്പോൾ സ്വതസിദ്ധമായ ശൈലിയിൽ പ്രേംനസീർ പറഞ്ഞു. “അന്ന് എത്ര വട്ടം ഞാൻ ചോദിച്ചതാണ്. എന്താണ് നിങ്ങളുടെ ശരിയായ ഉദ്ദേശ്യം എന്ന്.
ഇപ്പോൾ മേനോൻ മലയാളത്തിന്റെ പ്രശസ്തരായ സംവിധായകരിൽ ഒരാളായില്ലേ. എങ്ങനെയുണ്ട് എന്റെ റീഡിംഗ്? തന്റെ മനസിലെ സിനിമാ മോഹം തന്ത്രത്തിൽ മൂടി വച്ച് പത്രപ്രവർത്തകന്റെ സർവഭാവങ്ങളും മുഖത്തും വാക്കുകളിലും എടുത്ത് നിറച്ച് താൻ അഭിമുഖം നടത്തുമ്പോഴും നസീർ സാർ തന്റെ ഉള്ളിലേക്ക് കടന്ന്, സത്യം കണ്ടെടുത്തിരുന്നല്ലോ എന്നത് ബാലചന്ദ്രമേനോനെ ഇന്നും അതിശയിപ്പിക്കുന്ന ഒന്നാണ്.
എസ്. മഞ്ജുളാ ദേവി

