പയ്യന്നൂര്‍: പട്രോളിംഗ് നടത്തുന്നതിനിടയില്‍ എസ്ഐ ഉള്‍പ്പെടെയുള്ള പോലീസ് സംഘത്തെ വധിക്കാന്‍ ശ്രമിച്ച കേസില്‍ തളിപ്പറമ്പ് അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചു. സിപിഎം-ഡിവൈഎഫ്ഐ നേതാക്കളായ പയ്യന്നൂര്‍ വെള്ളൂരിലെ വി.കെ. നിഷാദ്, അന്നൂരിലെ ടി.സി.വി. നന്ദകുമാര്‍ എന്നിവര്‍ക്കെതിരേയാണ് ശിക്ഷാവിധി.
ഡ്യൂട്ടിക്കിടയില്‍ നിയമപാലകര്‍ക്ക് നേരേയുണ്ടായ വധശ്രമത്തെ ഗൗരവത്തോടെ കണ്ടുകൊണ്ടാണ് കോടതി ശിക്ഷ വിധിച്ചത്. വധശ്രമത്തിന് അഞ്ച് വര്‍ഷവും ബോംബ് സൂക്ഷിച്ചതിന് അഞ്ചുവര്‍ഷവും ബോംബെറിഞ്ഞ സംഭവത്തില്‍ പത്ത് വര്‍ഷവുമാണ് ശിക്ഷ.എല്ലാം കൂടി പത്തുവര്‍ഷത്തെ കഠിന തടവും രണ്ടരലക്ഷം രൂപ വീതം പിഴയുമാണ് കോടതി വിധിച്ചത്.
ഡിവൈഎഫ്ഐ പയ്യന്നൂര്‍ ബ്ലോക്ക് സെക്രട്ടറിയും നിലവിലെ പയ്യന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായ നിഷാദ് നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭ 46-ാം വാര്‍ഡായ മൊട്ടമ്മലില്‍ നിന്നും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ഡിവൈഎഫ്ഐ ബ്ലോക്ക് വൈസ് പ്രസിഡന്റാണ് നന്ദകുമാര്‍.
2012 ഓഗസ്റ്റ് ഒന്നിനാണ് കേസിനാസ്പദമായ സംഭവം. അരിയില്‍ ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് പി. ജയരാജനെ പോലീസ് അറസ്റ്റ് ചെയ്തതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. പയ്യന്നൂരിലും പ്രതിഷേധമുയരുന്നതിനിടയിലാണ് പയ്യന്നൂര്‍ ബൈപാസ് റോഡില്‍ മഠത്തുംപടി ക്ഷേത്രത്തിന് സമീപം പോലീസിന് നേരെ അക്രമമുണ്ടായത്. പട്രോളിംങ്ങ് നടത്തുകയായിരുന്ന എസ്ഐ കെ.പി. രാമകൃഷ്ണനും സംഘവും സഞ്ചരിച്ചിരുന്ന വാഹനത്തിന് നേരെയാണ് ബോംബേറുണ്ടായത്.
ഈ സംഭവത്തില്‍ എസ്ഐ രാമകൃഷ്ണന്റെ പരാതിയില്‍ പോലീസ് വി.കെ.നിഷാദ്, ടി.സി.വി.നന്ദകുമാര്‍, വെള്ളൂരിലെ എ.മിഥുന്, ആലിന്‍കീഴിലെ കെ.വി. കൃപേഷ് എന്നിവര്‍ക്കെതിരെ കേസെടുത്തിരുന്നു. വധശ്രമം, സ്ഫോടക വസ്തു കൈകാര്യം ചെയ്യല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്താണ് കേസെടുത്തിരുന്നത്.
ഈ കേസിലാണ് പതിമൂന്ന് വര്‍ഷത്തിന് ശേഷം നിഷാദും നന്ദകുമാറും കുറ്റക്കാരാണെന്ന് കണ്ടെത്തി കോടതി ശിക്ഷ വിധിച്ചത്. പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റു രണ്ടുപേരെ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടിരുന്നു. വാദി ഭാഗത്തിനായി പബ്ലിക് പ്രോസിക്യൂട്ടര്‍മാരായ യു.രമേശന്, പി.വി. മധു എന്നിവരണ് ഹാജരായത്.

