കോട്ടയം: ട്രെയിനുകളില്‍ സീറ്റില്ല, വിമാനത്തില്‍ കൊള്ളനിരക്കും. ക്രിസ്മസിന് നാട്ടിലെത്താന്‍ ട്രെയിനുകളില്‍ ബുക്ക് ചെയ്യാനിരിക്കുന്നവര്‍ക്ക് ഇനി പ്രതീക്ഷ വേണ്ട. മിക്ക ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റ് ഇരുന്നൂറിനോടടുത്തു.
ക്രിസ്മസിനൊപ്പം മണ്ഡലകാലം കൂടിയായതോടെ യാത്രക്കാരുടെ എണ്ണം അടുത്തയാഴ്ച ഇരട്ടിയാകും. കേരളത്തിലേക്ക് സ്പെഷല്‍ ട്രെയിനുകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ മലയാളികള്‍ നാട്ടിലെത്തില്ല.
ഡിസംബര്‍ മൂന്നാം വാരം മുതല്‍ ജനുവരി തുടക്കം വരെ സ്ലീപ്പര്‍, തേര്‍ഡ് എസി, സെക്കന്‍ഡ് എസി ക്ലാസുകളിലൊന്നും ടിക്കറ്റില്ല. ഡല്‍ഹി, ഹൈദരാബാദ്, ചെന്നൈ, അഹമ്മദാബാദ്, മുംബൈ, കോല്‍ക്കത്ത തുടങ്ങിയ സ്ഥലങ്ങളില്‍നിന്നുള്ള ട്രെയിനുകളിലൊന്നും 18 മുതല്‍ ജനുവരി 14 വരെ ടിക്കറ്റിനു സാഹചര്യമില്ല.
മിക്ക ട്രെയിനുകളിലും വെയിറ്റിംഗ് ലിസ്റ്റിൽ പോലും സീറ്റ് ലഭ്യമല്ല.ഡല്‍ഹിയില്‍നിന്ന് എറണാകുളത്തേക്കുള്ള മംഗള എക്സ്പ്രസില്‍ 21 മുതല്‍ 23 വരെ ഒരു ക്ലാസിലും വെയ്റ്റിംഗ് ലിസ്റ്റ് ടിക്കറ്റ് പോലുമില്ല.
എല്‍ടിടിയില്‍നിന്ന് എറണാകുളത്തേക്കുള്ള തുരന്തോ എക്സ്പ്രസിലും എല്‍ടിടിയില്‍നിന്നു തിരുവനന്തപുരം നോര്‍ത്തിലേക്കുള്ള ഗരീബ് രഥ് എക്സ്പ്രസിലും എല്ലാ ക്ലാസിലും വെയ്റ്റിംഗ് ലിസ്റ്റാണ്. കേരള, ശബരി ട്രെയിനുകളിലും സ്ഥിതി ഇതുതന്നെ.

