തൊടുപുഴ: യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ട യാത്രക്കാരനെ കെഎസ്ആർടിസി ബസിൽ ആശുപത്രിയിലെത്തിച്ചു. ഇന്നലെ വൈകുന്നേരം ഏഴരയോടെയായിരുന്നു സംഭവം.
കോഴിക്കോട്നിന്നു പത്തനാപുരത്തേയ്ക്കു പോകുന്ന എസി സൂപ്പർ ഫാസ്റ്റ് ബസിലെ യാത്രക്കാരനാണ് നെഞ്ചുവേദന അനുഭവപ്പെട്ടത്. സീതത്തോട് പുതിയാത്ത് ഷാജി തോമസിനെ (60) യാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇദ്ദേഹവും മകനും പത്തനംതിട്ടയ്ക്കു പോകുകയായിരുന്നു.
ബസ് തൊടുപുഴ സ്റ്റാൻഡിൽ എത്തിയപ്പോഴാണ് ഷാജി തോമസിന് നെഞ്ചു വേദന അനുഭവപ്പെട്ടത്. ഇതേ സമയം തൊടുപുഴ കണ്ട്രോൾ റൂമിലെ പോലീസ് സംഘം വാഹനത്തിൽ സ്റ്റാൻഡിലുണ്ടായിരുന്നു.
എസ്ഐമാരായ ഇ.ഐ. ജമാൽ, അജി, എസ്സിപിഒ ശിവകുമാർ എന്നിവരുടെ നേതൃത്വത്തിൽ ഉടൻതന്നെ കെഎസ്ആർടിസി ബസിൽ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ച ഷാജി തോമസിന് അടിയന്തര ചികിൽസ നൽകി.

