കൊച്ചി: കളമശേരി എച്ച്എംടിക്ക് എതിര്‍വശം കാടുമൂടിയ പ്രദേശത്തെ ചതുപ്പില്‍ പുരുഷന്റെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഇന്ന് പോസ്റ്റുമോര്‍ട്ടം നടക്കും. കളമശേരി മെഡിക്കല്‍ കോളജിലാണ് പോസ്റ്റുമോര്‍ട്ടം നടക്കുന്നത്.കുവൈറ്റ് മദ്യദുരന്തത്തിന് ഇരയായി ഓര്മ നഷ്ടപ്പെട്ട ശേഷം കൊച്ചിയില്‍ വിമാനമിറങ്ങി പിന്നീട് കാണാതായ ബംഗളുരു സ്വദേശി സൂരജ് ലാമയുടേതെന്ന (58) നിഗമനത്തിലാണ് പോലീസ്.
സൂരജ് ലാമയെ കണ്ടെത്തുന്നതിന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഇയാളെ ഒടുവില്‍ കണ്ടത് ഇവിടെയാണെന്ന് കണ്ടെത്തിയിരുന്നു. സൂരജ് ലാമയുടെ മകന് സാന്റണ്‍ ലാമയെ ബംഗളൂരുവില്‍ നിന്ന് പോലീസ് വിളിച്ചുവരുത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്കായി ഇന്നലെ രക്തസാമ്പിള്‍ ശേഖരിച്ചു. സംഭവത്തില്‍ കളമശേരി പോലീസ് കേസെടുത്തു.
സൂരജ് ലാമയെ കാണാതാകുമ്പോള്‍ ധരിച്ചിരുന്ന വസ്ത്രങ്ങളോടു സാമ്യമുള്ളതാണ് മൃതദേഹത്തില്‍ കണ്ടെത്തിയത്. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘം ഇന്നലെ രാവിലെ പ്രദേശത്ത് തെരച്ചില്‍ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. കാട് മൂടിയ പ്രദേശത്തെ ചതുപ്പില്‍ ഒരുകാല് ചതുപ്പില്‍ പൂണ്ടനിലയില്‍ കമഴ്ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കാല് ചതുപ്പിലാണ്ടുപോയി വെള്ളക്കെട്ടില്‍ വീണായിരിക്കാം മരണം സംഭവിച്ചതെന്നാണ് പ്രാഥമിക നിഗമനം.
സൂരജ് ലാമ തിരോധാനം അന്വേഷിക്കുന്ന പ്രത്യേകസംഘ തലവനായ ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള 27 അംഗ സംഘവും ഫയര്‍ഫോഴ്സ് ആര്‍ആര്‍ടിയും ചേര്‍ന്നായിരുന്നു തെരച്ചില്‍. ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷം മാത്രമേ മൃതദേഹം സൂരജ് ലാമയുടേതാണെന്ന് ഉറപ്പിക്കാന്‍ കഴിയൂവെന്ന് പോലീസ് പറഞ്ഞു.
കോല്‍ക്കത്തയില്‍ വേരുകളുള്ള ബംഗളൂരു സ്വദേശി സൂരജ് ലാമയ്ക്ക് കുവൈറ്റില്‍ ഹോട്ടല്‍ ബിസിനസായിരുന്നു. ഓര്മ നഷ്ടപ്പെട്ട ലാമയെ വിസ കാലാവധി കഴിഞ്ഞെന്നുകാട്ടി കുവൈറ്റില്‍ നിന്ന് ഒക്ടോബര്‍ അഞ്ചിന് നാട്ടിലേക്ക് കയറ്റിവിടുകയായിരുന്നു. എന്നാല്‍ ബംഗളൂരുവിന് പകരം കൊച്ചിയിലേക്കാണ് കയറ്റിവിട്ടത്. മദ്യദുരന്തത്തിനു പിന്നാലെ സ്വന്തം പേരു പോലും ഓര്‍മയില്ലാത്ത അവസ്ഥയിലായിരുന്നു ലാമ.
അഞ്ചിന് രാവിലെ മെട്രോഫീഡര് ബസില്‍ കയറി ആലുവ മെട്രോ സ്റ്റേഷന് പരിസരത്ത് പിതാവ് ഇറങ്ങിയതായി മകന് മനസിലാക്കിയിരുന്നു. പിന്നീട് കളമശേരിയില്‍ പലയിടത്തും കണ്ടതായി വിവരം ലഭിച്ചു.സൂരജ് ലാമയെ കൊച്ചിയിലേക്ക് കയറ്റി വിട്ടതായി ഒക്ടോബര്‍ ഏഴിന് അറിഞ്ഞ കുടുംബം പിറ്റേന്നു തന്നെ കൊച്ചിയിലെത്തി വിവരങ്ങള്‍ ശേഖരിച്ച് നെടുമ്പാശേരി പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ഇതിനിടെ ഒക്ടോബര്‍ എട്ടിന് തൃക്കാക്കരയിലെ ഒരു ഹൗസിംഗ് കോളനിയുടെ സമീപത്ത് ലക്ഷ്യംതെറ്റി അലഞ്ഞു തിരിയുന്ന ലാമയുടെ വിവരം നാട്ടുകാര്‍ പോലീസിനെ അറിയിക്കുകയും പോലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് കളമശേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഇവിടെ പ്രാഥമിക പരിശോധന നടത്തുന്നതിന്റെയും പിന്നീട് ആരും നോക്കാനില്ലാതെ ആശുപത്രിയില്‍ നിന്ന് ഇറങ്ങിപ്പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളടക്കം പോലീസിനു കൈമാറിയിട്ടും നടപടിയൊന്നും ഉണ്ടായില്ലെന്ന് കാണിച്ച് മകന് ഹൈക്കോടതിയെ സമീപിച്ചതോടെയാണ് അന്വേഷണത്തിന് പ്രത്യേകസംഘം രൂപീകരിച്ചത്.
എച്ച്എംടി പ്രദേശത്ത് ആലുവ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ ഡോഗ് സ്ക്വാഡിനെയടക്കം എത്തിച്ച് നേരത്തെ വ്യാപക തെരച്ചില്‍ നടത്തിയിരുന്നു. രണ്ടാംഘട്ട പരിശോധനയാണ് ഇന്നലെ നടന്നത്. വിവരമറിഞ്ഞ് രാത്രി എട്ടോടെ ബന്ധുവിനൊപ്പമാണ് മകന് കൊച്ചിയില്‍ എത്തിയിട്ടുള്ളത്.
സൂരജ് ലാമയുടെ തിരോധാനം:കളമശേരി മെഡിക്കല്‍ കോളജിനെതിരേ ഗുരുതര ആരോപണവുമായി മകന്
കൊച്ചി: കൊല്‍ക്കത്ത സ്വദേശി സൂരജ് ലാമയുടെ തിരോധാനവുമായി ബന്ധപ്പെട്ട് കളമശ്ശേരി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിനെതിരേ ഗുരുതര ആരോപണവുമായി മകന് സാന്റണ്‍ ലാമ. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് പിതാവിനെ മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടയച്ചതെന്ന് സാന്റണ്‍ ലാമ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിത്. ഇങ്ങനെയാണോ കേരളത്തിലേക്ക് ഒരാള്‍ വന്നാല്‍ മെഡിക്കല്‍ കോളജും പോലീസും കൈകാര്യം ചെയ്യേണ്ടത്. ഈ വിഷയത്തില്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പിതാവിനെ കാണാതായതിന് പിന്നാലെ ആദ്യം കളമശേരി മെഡിക്കല്‍ കോളജിലെത്തി അന്വേഷണം നടത്തിയപ്പോള്‍ ഇങ്ങനെ ഒരാള്‍ അഡ്മിറ്റായിട്ടില്ലെന്നാണ് അധികൃതര്‍ പറഞ്ഞത്. പിന്നീട് മാധ്യമങ്ങളില്‍ വാര്‍ത്ത വരികയും പോലീസിനൊപ്പം മെഡിക്കല്‍ കോളജിലെത്തി അന്വേഷിച്ചപ്പോഴാണ് പിതാവിനെ അഡ്മിറ്റ് ചെയ്തിരുന്നതായി അധികൃതര്‍ വ്യക്തമാക്കിയത്.
അജ്ഞാതന്‍ എന്നാണ് പേര് രേഖപ്പെടുത്തിയിരുന്നത്. പിന്നീട് മാധ്യമവാര്‍ത്ത വന്നതിന് ശേഷം അന്വേഷിച്ചപ്പോഴാണ് സൂരജ് ലാമ എന്ന പേര് രജിസ്റ്ററില്‍ കണ്ടെത്തിയത്. പിതാവിന്റെ അസുഖം ഭേദമായത് കൊണ്ടാണ് പറഞ്ഞുവിട്ടതെന്ന് സൂപ്രണ്ടന്റ് പറഞ്ഞു. വിഷമദ്യ ദുരന്തത്തില്‍പ്പെട്ട് ഓര്‍മശക്തി നഷ്ടപ്പെട്ട ഒരാളിന്റെഅസുഖം എങ്ങനെയാണ് ഭേദമാകുന്നതെന്നും സാന്റണ്‍ ലാമ ചോദിക്കുന്നു.
രാഷ്ട്രപതിയുടെ സന്ദര്‍ശനമായതിനാല്‍ പിതാവിന്റെ തിരോധാനത്തില്‍ കാര്യമായ അന്വേഷണം നടന്നിരുന്നില്ല. ജീവനോടെ തന്നെ പിതാവിനെ കണ്ടെത്തി തരുമെന്ന് കമീഷണര്‍ തനിക്ക് ഉറപ്പ് നല്‍കിയതാണ്. തിരച്ചില്‍ നടത്തിയ എച്ച്എംടി പരിസരത്ത് നിന്നാണ് പിതാവിന്റേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തിയിട്ടുള്ളത്. മൊത്തം സിസ്റ്റത്തിന്റെ വീഴ്ചയാണിതെന്നും അദ്ദേഹം പറഞ്ഞു.

