സാമൂഹിക മൂലധനമെന്നു പറയുന്നത് പരസ്പര വിശ്വാസവും സ്നേഹവുമാണ്. അതു നമ്മൾ ഒരുപാട് പ്രാവശ്യം കണ്ടിട്ടുള്ളതാണ്. ലോകത്തിനു മുന്നിൽ തെളിയിച്ചിട്ടുള്ളതുമാണ്. ആ അനുഭവം തന്നെയാണ് എനിക്കും ഉണ്ടായത്.
ഞാനൊരു രോഗാവസ്ഥയിൽ പെട്ട് വിശ്രമവേളയിലേക്കു പോയപ്പോൾ എനിക്കുവേണ്ടി പ്രാർഥിക്കാത്ത, എനിക്കുവേണ്ടി പള്ളിയിൽ ഒരു മെഴുകുതിരിയെങ്കിലും കത്തിക്കാത്ത, ഒരു വഴിപാട് കഴിക്കാത്ത, പള്ളിയിൽ പ്രാർഥിക്കുമ്പോൾ എനിക്കുവേണ്ടി ദുആ ചെയ്യാത്ത മലയാളികൾ ഉണ്ടാവില്ല.
അത് എനിക്ക് പരിപൂർണ ബോധ്യമുണ്ട്. അതുതന്നെയാണ് ഞാൻ നേരത്തെ പറഞ്ഞ സോഷ്യൽ ക്യാപിറ്റൽ. എന്നെപ്പറ്റി ഒരുപാട് ആരോപണങ്ങളുണ്ട്. ഞാൻ തലക്കനമുള്ളവനാണ്, അഹങ്കാരിയാണ്, ഗർവുള്ളവനാണ്, ക്ഷിപ്രകോപിയാണ് എന്നൊക്കെ. ഈ പറഞ്ഞവരൊക്കെ കൂടിയും എനിക്കുവേണ്ടി പ്രാർഥിച്ചു.

