ഒരുകാലത്ത് മലയാളസിനിമയിൽ മീര ജാസ്മിൻ സൃഷ്ടിച്ച തരംഗം ചെറുതായിരുന്നില്ല. ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരൻ (2001) എന്ന ചിത്രത്തിലുടെ സിനിമയിലെത്തിയ മീര ജാസ്മിൻ വളരെ പെട്ടെന്നായിരുന്നു താരപദവിയിലേക്ക് ഉയർന്നത്.
സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ (2003) എന്ന ചിത്രത്തിലൂടെ നയൻതാര സിനിമയിൽ അരങ്ങേറ്റം കുറിച്ചപ്പോഴും തുടർച്ചയായ ബ്ലോക്ക്ബസ്റ്ററുകളിലൂടെയും ശ്രദ്ധേയ പ്രകടനങ്ങളിലൂടെയും മലയാളത്തിലും തമിഴിലും പ്രിയപ്പെട്ട നായികയായി മീര മാറിയിരുന്നു. ഒരുപിടി മികച്ച സ്ത്രീ കഥാപാത്രങ്ങളായിരുന്നു മീരയിലൂടെ മലയാളത്തിനു ലഭിച്ചത്.
മീര ജാസ്മിൻ വലിയ ഒരു ഐക്കണായിരുന്നുവെന്നും താൻ ഉൾപ്പെടെയുള്ള പെൺകുട്ടികൾ വലിയ ആദരവോടെയായിരുന്നു മീരയെ കണ്ടിരുന്നതെന്നും അടുത്തിടെ ഒരു അഭിമുഖത്തിൽ നയൻതാര പറഞ്ഞിരുന്നു.
മീര പഠിച്ച അതേ കോളജിലായിരുന്നു ഞാനും പഠിച്ചത്. മീരയും ഞാനും ഒരേ നാട്ടുകാരാണ്. മീരയുടെ കസിൻ ആയ ഒരു പെൺകുട്ടി എന്റെ ക്ലാസിലുണ്ടായിരുന്നു. മീര അന്ന് വളരെ വലിയ സ്റ്റാർ ആയിരുന്നു. റൺ (2002) അഭിനയിച്ച സമയം. മീരയുടെ കസിൻ എന്റെ കൂടെ വന്നിരിക്കുമായിരുന്നു. പലപ്പോഴും മീരയുടെ വിശേഷങ്ങളും പറയുമായിരുന്നു.
എല്ലാ ദിവസം അവൾ മീരയെക്കുറിച്ച് എന്തെങ്കിലും സംസാരിക്കും. ഓ, മീര ഇവിടെയില്ല. അവൾ സ്വിറ്റ്സർലൻഡിലാണ്. അവൾ പാട്ടിന്റെ ഷൂട്ടിങ്ങിലാണ് എന്നൊക്കെ. അങ്ങനെ, മീര എപ്പോഴും എന്റെ കാതുകളിൽ ഉണ്ടായിരുന്നു. എല്ലാ ദിവസവും മീരയെക്കുറിച്ച് കേട്ടുകൊണ്ടിരുന്നു. ഞാൻ എപ്പോഴും അദ്ഭുതത്തോടെയായിരുന്നു മീരയെ കണ്ടിരുന്നത്- നയൻതാര പറഞ്ഞു.
നയൻതാരയും മീര ജാസ്മിനും ആദ്യമായി ഒരുമിച്ച് അഭിനയിച്ച ടെസ്റ്റ് എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയായിരുന്നു മീര ജാസ്മിനെ കുറിച്ച് നയൻതാര സംസാരിച്ചത്. ടെസ്റ്റിന്റെ സെറ്റിൽ വച്ചായിരുന്നു ആദ്യമായി മീര ജാസ്മിനെ നേരിൽ കണ്ടതെന്നും നയൻതാര കൂട്ടിച്ചേർത്തു.താര

