കോട്ടയം: നഗരങ്ങളിലും നാല്ക്കവലകളിലും ആളുകളുടെ കണ്ണെത്തുന്ന സ്ഥലങ്ങളിലുമെല്ലാം സ്ഥാനാര്‍ഥികളുടെ ചിരിക്കുന്ന മുഖമുള്ള ഫ്ളക്സ് ബോര്‍ഡുകള്‍, ചിലയിടങ്ങളില്‍ വലുതും ചെറുതുമായ മതിലുകളില്‍ ചുവരെഴുത്തുകള്‍, സോഷ്യല്‍ മീഡിയ തുറന്നാല്‍ സ്ഥാനാര്‍ഥികളുടെ പ്രചാരണ റീലുകളും സ്റ്റിക്കറുകളും വോട്ടഭ്യര്‍ഥന സന്ദേശങ്ങളും. കാലം മാറിയപ്പോള്‍ പ്രചാരണത്തിന്റെ കോലവും മാറി.
നാട്ടിന്‍പുറങ്ങള്‍ ഫ്ളക്സ് ബോര്‍ഡുകളാല്‍ സമ്പന്നമാണ്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നയുടന്‍ തന്നെ ഇടത്തരം പ്രചാരണ ബോര്‍ഡുകള്‍ എല്ലായിടത്തും നിറഞ്ഞു. നാല്ക്കവലകളിൽഎല്ലാ മുന്നണികളുടെയും സ്ഥാനാര്‍ഥികളുടെ ഫ്ള്ക്സ് ബോര്‍ഡുകള്‍ കൗതുക കാഴ്ചയാണ് സമ്മാനിക്കുന്നത്.
ചെറിയ വാചകങ്ങളില്‍ സ്ഥാനാര്‍ഥിയുടെ ടാഗ് ലൈന്‍, ഫോട്ടോ, വാര്‍ഡും പേരും ചിഹ്നവും ഇത്രമാത്രം വിവരങ്ങളേയുള്ളൂ ഫ്ളക്സ് ബോര്‍ഡില്‍.
ന്യൂ ജെന്‍ കാലത്തും ചുവരെഴുത്തുകള്‍ അത്ര സജീവമല്ലെങ്കിലും ചിലയിടങ്ങളില്‍ വലിയ മതിലുകള്‍ പാര്‍ട്ടികള്‍ മുന്‍കൂട്ടി ബുക്ക് ചെയ്ത് സ്ഥാനാര്‍ഥിയുടെ പേരും ചിഹ്നവും മനോഹരമായി എഴുതി പ്രചാരണം നടത്തിയിട്ടുണ്ട്.
സ്ഥാനാര്‍ഥിയുടെ ഫോട്ടോയും പേരും ചിഹ്നവും വച്ചുള്ള സ്റ്റിക്കറുകള്‍ തെരഞ്ഞെടുപ്പ് ഗാനത്തോടെ സ്റ്റാറ്റസ് ആക്കുന്നതാണ് സോഷ്യല്‍ മീഡിയയിലെ പ്രധാന പ്രചാരണം. വീടുകയറിയുള്ള പ്രചാരണത്തിന്റെ റീല്‍സാണ് മറ്റൊരു പ്രചാരണ രീതി. സിനിമ ഗാനങ്ങളുടെയും പാര്‍ട്ടികളുടെയും മുന്നണികളുടെയും തെരഞ്ഞെടുപ്പ് ഗാനങ്ങളോടുകൂടിയാണ് റീല്‍ അപ്ലോഡ് ചെയ്യുന്നത്. സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചാരണം ഫേസ് ബുക്കിലൂടെ ലൈവായും നല്‍കുന്നുണ്ട്.
സ്ഥാനാര്‍ഥിയുടെ പത്രികസമര്‍പ്പണം, കണ്വന്ഷന്, കുടുംബയോഗം എല്ലാം ലൈവിലൂടെ ലോകം മുഴുവന്‍ അറിയുകയാണ്. പ്രമുഖ നേതാക്കള്‍ സ്ഥാനാര്‍ഥിക്ക് വോട്ടഭ്യര്‍ഥിക്കുന്ന വീഡിയോയാണു മറ്റൊരു പ്രചാരണരീതി.സ്ഥാനാര്‍ഥിയുടെ നേരിട്ടുള്ള വോട്ടഭ്യര്‍ഥന ഫേസ് ബുക്കിലൂടെയും വാട്സ് ആപ്പ്, ഇന്‍സ്റ്റാ, ത്രഡ് എന്നിവയിലൂടെയും നല്‍കുന്നുണ്ട്.
വോട്ടഭ്യര്‍ഥിച്ചു വീടുകളിലെത്തുന്ന സ്ഥാനാര്‍ഥിയും സംഘവും വീട്ടിലുള്ളവരുടെ വാട്സ് ആപ്പ് ഫോണ്‍ നമ്പരുകളാണു വാങ്ങുന്നത്. ഈ നമ്പരുകള്‍ ഉപയോഗിച്ച് ബ്രോഡ്കാസ്റ്റ് രീതിയില്‍ പ്രത്യേകഗ്രൂപ്പുകളുണ്ടാക്കും. ഈ ഗ്രൂപ്പിലൂടെ വീഡിയോകളും റീല്‍സുകളും സന്ദേശങ്ങളും അയച്ചു പ്രചാരണം എളുപ്പമാക്കുന്നതിനൊപ്പം ഹൈടെക്കുമാക്കിയിരിക്കുകയാണ് സ്ഥാനാര്‍ഥികള്‍.

