ന്യൂഡൽഹി/കൊച്ചി: പാലക്കാട് ശ്രീനിവാസൻ കൊലപാതകക്കേസിൽ ഒളിവിൽപ്പോയ നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ട് നേതാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.
ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിലെ അന്പതാം പ്രതിയായ ഷാഹുൽ ഹമീദിനെ നവംബർ 27ന് പുലർച്ചെ 4.15 ന് ഡൽഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ചാണ് പിടികൂടുന്നത്. ഇയാൾക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. മൂന്നു വർഷത്തിനു ശേഷമാണ് ഇയാൾ പിടിയിലാകുന്നത്.
ഷാഹുൽ ഹമീദിനെ കൊച്ചിയിലെ എൻഐഎ കോടതി അഞ്ച് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ഷാഹുൽ ഹമീദ് നിരോധിത സംഘടനയായ പിഎഫ്ഐയുടെ സജീവ അംഗമാണെന്ന് എൻഐഎ പറഞ്ഞു. പിഎഫ്ഐയുടെ “ഇന്ത്യ 2047′ അജണ്ടയിലെ പ്രധാനിയാണ് ഇയാളെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
തീവ്രവാദ സംഘത്തിൽ അംഗമാണെന്നും ശ്രീനിവാസന്റെ കൊലപാതകത്തിനു ശേഷം പതിനെട്ടാം പ്രതിക്ക് അഭയം നൽകിയെന്നും കേരളത്തിലെ സാമുദായിക ഐക്യത്തിനും പൊതുസമാധാനത്തിനും ഹാനികരമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടെന്നുമുള്ള കുറ്റങ്ങൾ ഷാഹുൽ ഹമീദിനെതിരേ എൻഐഎ ചുമത്തിയിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുറ്റകൃത്യത്തിനു മുമ്പും കുറ്റകൃത്യത്തിനിടയിലും ശേഷവും രഹസ്യ ആശയവിനിമയത്തിനായി ഷാഹുൽ ഹമീദ് വിവിധ ഡിജിറ്റൽ സാങ്കേതികതയും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിച്ചെന്നും മൂന്നു വർഷത്തിലേറെയായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചു.
അറസ്റ്റിന്റെ സമയത്ത് ഷാഹുൽ ഹമീദിൽനിന്നു പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങൾ വിശദമായ പരിശോധനയ്ക്ക് ഹൈദരാബാദിലെ സെൻട്രൽ ഫോറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയയ്ക്കുന്നതിനായി കോടതിയിൽ ഹാജരാക്കി.
2022 ഏപ്രിൽ 16 ന് പാലക്കാട് മേലാമുറിയിലാണ് ശ്രീനിവാസൻ കൊല്ലപ്പെട്ടത്. എൻഐഎയുടെ പ്രാരംഭ കുറ്റപത്രത്തിൽ 70 ലധികം പ്രതികളുണ്ടായിരുന്നു. അന്വേഷണത്തിനിടെ, രഹസ്യ ആയുധ പരിശീലനം നടത്തിയിരുന്ന പിഎഫ്ഐ പ്രവർത്തകരുടെ ശൃംഖല എൻഐഎ കണ്ടെത്തിയിരുന്നു.

