മണ്ണുത്തി: ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ നിന്ന് കരകയറാനുള്ള മാര്‍ഗങ്ങള്‍ക്കായി നെട്ടോട്ടമോടുക യാണ് ഹവാല – കുഴല്‍പ്പണ സംഘങ്ങള്‍. കോടികള്‍ സ്വന്തം ലോക്കറില്‍ സൂക്ഷിക്കുന്ന ഹവാല ഇടപാടുകാരെ കേന്ദ്ര സര്‍ക്കാര്‍ നീക്കം തീര്‍ത്തും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. നോട്ടുകള്‍ അസാധുവാക്കിയതിനു ശേഷവും അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകെട്ടുകള്‍ കുഴല്‍പ്പണ സംഘങ്ങള്‍ കഴിയും വിധം വിതരണം ചെയ്യുകയാണ്. കുന്നുകൂടിയ ഹവാല പണം വെളുപ്പിക്കാന്‍ ഈ സംഘങ്ങള്‍ പുതിയ വഴികള്‍ കണ്ടുപിടിക്കുകയാണ്.
ഇതര സംസ്ഥാനക്കാരെ മറയാക്കിയാണ് ഈ പുതിയ വഴി ഉരുതിരിയുന്നത്. ഇന്നലെ പട്ടിക്കാട് നടന്നതും ഹവാല പണമിടപാടാവാന്‍ സാധ്യതയുണ്ടെന്നാണ് പോലീസ് പറഞ്ഞു. ഇതര സംസ്ഥാനക്കാരെ മാറയാക്കി പണം കടത്തലായിരുന്നു ഇന്നലെ പട്ടിക്കാട് ദേശിയപാതയിലും നടന്നത്. വാഹന പരിശോധനക്കായി നിന്നിരുന്ന പോലീസുകാര്‍ക്ക് സംശയമുണ്ടായതിനെ തുടര്‍ന്നാണ് ഇതര സംസ്ഥാനക്കാരായ രണ്ടു പേര്‍ സഞ്ചരിച്ചിരുന്ന കാര്‍ പോലീസ് പരിശോധിച്ചത്. ഇതേ തുടര്‍ന്നാണ് വസ്ത്രങ്ങള്‍ക്കുള്ളില്‍ ഒളിപ്പിച്ച നിലയില്‍ രേഖകളില്ലാത്ത ഇരുപത്തി രണ്ടര ലക്ഷം രൂപ കണ്ടെത്തിയത്. അസാധുവാക്കിയ 500, 1000 രൂപ നോട്ടുകളുടെ കെട്ടുകളാണ് ഇവരില്‍ നിന്നും പോലീസ് പിടിച്ചെടുത്തത്.
ഹവാല ഇടപാടുകാര്‍ കണ്ടെത്തുന്ന മറ്റൊരു മാര്‍ഗം എടിഎമ്മും ചെക്കും ഉള്ള ഇതര സംസ്ഥാനക്കാരാണ്. ഇതര സംസ്ഥാന തൊഴിലാളിക്ക് കൂലി നിശ്ചയിച്ച് ഹവാലക്കാരന്‍ പണം അക്കൗണ്ടിലിട്ട് ചെക്ക് എഴുതി വാങ്ങുന്നു, പിന്നീട് ചെക്ക് കൊടുത്ത് പണം പിന്‍വലിക്കുന്നു. ഹവാലക്കാരന്റെ കള്ളപണം ഇങ്ങനെ വെളുപ്പിക്കുന്നു. ഇത്തരം കള്ളത്തരങ്ങള്‍ അധികൃതരുടെ കണ്ണില്‍ പെട്ടെന്ന് എത്തിപ്പെടുന്നുമില്ല. സാഹചര്യം മുതലെടുത്ത് പിന്‍വലിച്ച നോട്ടുകള്‍ മാറ്റി നല്‍കി ലാഭം കൊയ്യുന്ന സംഘങ്ങളും നഗര ഗ്രാമ പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വ്യാപകമാകുന്നുണ്ട്.
കള്ളപ്പണം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ ആദായ നികുതി വകുപ്പ് വ്യാപകമായി റെയ്ഡ് നടത്തുന്ന സാഹചര്യത്തില്‍ നിക്ഷേപകര്‍ രണ്ടര ലക്ഷം രൂപവരെ മാത്രം നിക്ഷേപിച്ച് നികുതിയില്‍ നിന്ന് ഒഴിവാകാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. കൂടുതല്‍ പണം കൈവശമുള്ളവര്‍ സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അക്കൗണ്ടില്‍ പണം നിക്ഷേപിച്ച് വെളുപ്പിക്കാനുള്ള തിരക്കിലുമാണ്. ബഹളങ്ങളൊക്കെ ഒഴിയുമ്പോള്‍ പണം തിരികെ വാങ്ങാമെന്ന പരസ്പര ധാരണയിലാണ് ഈ ഇടപാട്.
ഒരു ദിവസം മാറ്റി വാങ്ങാവുന്ന തുക 4000 രൂപയായി സര്‍ക്കാര്‍ നിജപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇന്നലെ പലരും പലവട്ടം ബാങ്കിലെത്തി പണം മാറ്റിയെടുത്തിരുന്നു. ഒരു ബാങ്കില്‍ തന്നെ പല തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിച്ചായിരുന്നു പണം മാറ്റം. തിരിച്ചറിയല്‍ കാര്‍ഡിലെയും സത്യവാങ്മൂലത്തിന്റെയും വിവരങ്ങള്‍ മിക്ക ബാങ്കുകളിലും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്താത്തതിനാല്‍ ഇത്തരക്കാരെ കണ്ടെത്തുവാന്‍ ഉദ്യോഗസ്ഥര്‍ക്കുമായില്ല.