നിലമ്പൂര്‍ വനമേഖലയില്‍ വെടിവയ്പ്പ്; ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് മാവോയിസ്റ്റുകളെ വധിച്ചു

THUNDERBOLTമലപ്പുറം: നിലമ്പൂര്‍ വനമേഖലയില്‍ പോലീസും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടല്‍. വെടിവയ്പ്പില്‍ ഒരു സ്ത്രീ ഉള്‍പ്പടെ മൂന്ന് മാവോയിസ്റ്റുകള്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. മരിച്ചവരില്‍ ഒരാള്‍ മാവോയിസ്റ്റ് നേതാക്കളിലെ പ്രമുഖനാണെന്നും റിപ്പോര്‍ട്ടുണ്ട്. ഒരാളുടെ മരണം മാത്രമാണ് പോലീസ് സ്ഥിരീകരിച്ചിരിക്കുന്നത്.

ഉച്ചയ്ക്ക് 12 ഓടെയാണ് വനത്തില്‍ ഏറ്റുമുട്ടലുണ്ടായത്. തണ്ടര്‍ ബോള്‍ട്ടും എസ്പിയുടെ പ്രത്യേക സേനയും ഉള്‍പ്പടെ 60 ഓളം പോലീസുകാരാണ് മാവോയിസ്റ്റുകളെ നേരിടുന്നത്. മൂന്ന് നാല് മണിക്കൂറായി കാട്ടില്‍ ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ട്. കാടിന്റെ പുറത്ത് പോലീസ് കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. 11 പേരാണ് മാവോയിസ്റ്റ് സംഘത്തിലുള്ളതെന്നാണ് പോലീസും വനംവകുപ്പും നല്‍കുന്ന വിശദീകരണം. വനത്തിന് മൂന്ന് കിലോമീറ്റര്‍ ഉള്ളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.

നിലമ്പൂരിലെ ആക്രമണങ്ങളെ തുടര്‍ന്ന് പോലീസ് സൈലന്റ് വാലി ബഫര്‍സോണ്‍ മേഖലയില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഉന്നത പോലീസ്–വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രദേശത്തേക്ക് തിരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഒരുമാസം മുന്‍പ് മുണ്ടക്കടവ് കോളനിയില്‍ തണ്ടര്‍ ബോള്‍ട്ട് സേനയും മാവോയിസ്റ്റുകളും തമ്മില്‍ വെടിവയ്പ്പുണ്ടായിരുന്നു. ഇതേതുടര്‍ന്ന് ഈ പ്രദേശത്ത് തെരച്ചില്‍ ശക്തമാക്കിയിരിക്കുകയായിരുന്നു.

Related posts