കടുത്തുരുത്തി: കനത്ത ചൂടില്‍ കൃഷി കരിഞ്ഞുണങ്ങി കടുത്ത സാമ്പത്തിക പ്രശ്‌നങ്ങള്‍ നേരിടുന്ന കര്‍ഷകര്‍ക്ക് തിരിച്ചടിയായി വിളകള്‍ എടുക്കാന്‍ കച്ചവടക്കാര്‍ തയാറാവുന്നിലെന്ന പ്രതിസദ്ധി കൂടി. വാലാച്ചിറ പാടത്ത് പച്ചക്കറി കൃഷി ചെയ്ത കടുത്തുരുത്തി കണ്ണംവേലില്‍ ബേബിയാണ് കച്ചവടക്കാര്‍ വിള എടുക്കാന്‍ തയാറാവാത്തതിനെ തുടര്‍ന്ന് കടുത്ത സാമ്പത്തിക പ്രതിസദ്ധി നേരിടുന്നത്. ഒരേക്കര്‍ പാടം പാട്ടത്തിനെടുത്താണ് ബേബി പടവലം കൃഷി ചെയ്തത്. തിങ്കളാഴ്ച്ച രാവിലെയാണ് പാടത്തുനിന്നും 250 കിലോയോളം പടവലം വിളവെടുത്തത്.
പാടത്തുനിന്നും ചുമന്ന് സമീപത്തെ റോഡില്‍ പടവലം സൂക്ഷിച്ചിരിക്കുകയാണ്. തുടര്‍ന്ന് കടുത്തുരുത്തിയിലേയും തലയോലപ്പറമ്പിലേയും കടകളിലെത്തി കച്ചവടക്കാരെ കണ്ടെങ്കിലും ആരും പടവലം എടുക്കാന്‍ തയാറായില്ല. ഇതിനിടെ വ്യാപാരികള്‍ ചൊവ്വാഴ്ച്ച കടകളടച്ചു ഹര്‍ത്താല്‍ ആചരിക്കുന്ന അറിയിപ്പുമെത്തിയതോടെ ആരും ബേബിയുടെ വിള എടുക്കാന്‍ തയാറായില്ല. രണ്ട് ദിവസമായി പറിച്ചു വച്ചിരിക്കുന്ന പടവലം വെയിലില്‍ ഉണങ്ങി വെള്ളം വറ്റി തൂക്കം പാതിയോളം കുറഞ്ഞു.
ഇതിനിടെ ചില കച്ചവടക്കാര്‍ അവസരം മുതലെടുക്കാന്‍ കിലോയ്ക്ക് രണ്ട് രൂപയ്ക്കാണെങ്കില്‍ പടവലം എടുക്കാമെന്ന ഓഫറുമായി ബേബിയെ സമീപിച്ചു. പത്ത് രൂപയോളം വില മാര്‍ക്കറ്റില്‍ ലഭിക്കുമ്പോളാണ് ഈ ഓഫറെന്നും ബേബി പറയുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ അടുത്ത് വിളവ് എടുക്കേണ്ടി വരുമെന്നും ബേബി പറയുന്നു. 30,000 ത്തോളം രൂപ വായ്പയെടുത്താണ് കൃഷി ചെയ്തതെന്നും വിളവ് വില്‍ക്കാന്‍ കഴിയാതെ വരുന്നത് കടുത്ത സാമ്പത്തിക പ്രതിസദ്ധിയാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും ബേബി പറയുന്നു.